കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വിജയം നേടുന്നവരെയും വമ്പന്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘ജയന്റ് കില്ലര്‍’. ഇത്തവണ നടക്കുന്ന തിരഞ്ഞെടുപ്പിലും ജയന്റ് കില്ലര്‍മാരുണ്ടാകും. അത് ആരൊക്കെയായിരിക്കുമെന്നത് തത്ക്കാലം ചര്‍ച്ച ചെയ്യുന്നില്ല. പകരം കേരളത്തിലെ പ്രധാനപ്പെട്ട ജയന്റ് കില്ലര്‍മാരും അട്ടിമറി വിജയങ്ങള്‍ നേടിയവരെ കുറിച്ച് ചര്‍ച്ചയാകാം.
കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ജയന്റ് കില്ലറായി അറിയപ്പെടുന്നത് വി.പി. നായരാണ്. കേരളശബ്ദം രാഷ്ട്രീയ സാംസ്‌കാരിക വാരിക കൊല്ലത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1957ല്‍ നിലവിലെ എം.പിയായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെ തോല്പ്പിച്ചാണ് വി.പി. നായര്‍ ജയന്റ് കില്ലറായത്.
സ്‌കൂള്‍ കാലഘട്ടത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും പിന്നീട് കെ.എസ്.യു കണ്ണൂര്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റും, കെ.എസ്.യു സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ച വ്യക്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. 1971ല്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഐ.എന്‍.സി സ്ഥാനാര്‍ത്ഥിയായി കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച് വിജയിച്ചത് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാരെ തോല്‍പ്പിച്ചായിരുന്നു. ആ സമയത്ത് അദ്ദേഹം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു.
1982ല്‍ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദിനെ കോണ്‍ഗ്രസിന്റെ മുന്‍ ഡി.സി.സി. പ്രസിഡന്റായ ടി. കെ. ഹംസ എല്‍.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രനായി നിന്ന് തോല്‍പ്പിച്ചു. അതുകൊണ്ട് ടി. കെ. ഹംസയെ ജയന്റ് കില്ലര്‍ എന്ന വിശേഷണം നല്‍കാം.
1991ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.എം. ലോറന്‍സ് എന്ന പ്രമുഖ സി.പി.ഐ (എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു ജയന്റ് കില്ലറായി. തുടര്‍ന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു തന്നെ വിജയിച്ചു. എം. സ്വരാജ് 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിനെ തോല്‍പ്പിച്ച് ജയന്റ് കില്ലറായി മാറി.
രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വി. എസ്. അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി. എസ്. തോല്‍ക്കുകയും വി. എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. 1996ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. തോല്‍പ്പിച്ചത് അത്ര പ്രശസ്തനല്ലാത്ത പി.ജെ. ഫ്രാന്‍സിസ്. സി.പി.ഐ (എം) ന്റെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് തോല്‍പ്പിച്ച് പി.ജെ. ഫ്രാന്‍സിസ് ജയന്റ് കില്ലറായി.
വിജയിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് ഇടറിപ്പോയ രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. ഇ.പി. ഗോപാലന്‍ 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. അച്യുതമേനോനോടും എം. എന്‍. ഗോവിന്ദന്‍നായരോടുമൊപ്പം സിപിഐ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അദ്ദേഹം 1970ല്‍ പട്ടാമ്പിയില്‍ ഇഎംഎസിനോട് പരാജയപ്പെട്ടത് ചെറിയ ഭൂരിപക്ഷത്തിനാണ്. 1977ല്‍ ആലത്തൂരില്‍ നടന്നതാണ് രണ്ടാമത്തേത്. 35ല്‍ താഴെ പ്രായമുണ്ടായിരുന്ന കോണ്‍ഗ്രസിലെ വി.എസ്. വിജയരാഘവനാണ് അന്ന് കമ്മ്യൂണിസ്റ്റ് ആചാര്യന്‍, ഇ.എം.എസ്സിന് കടുത്ത പോരാട്ടം കാഴ്ചവെച്ചത്. 30,000 ത്തിലധികം വോട്ടുകള്‍ക്ക് ഇ.എം.എസ് ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഫലം വന്നപ്പോള്‍ ജയിച്ചത് വെറും 1999 വോട്ടിനായിരുന്നു.
Content Summary: Kerala election history: candidates who defeated political heavyweights