ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത. തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് നന്ദി പറയണം ഇല്ലെങ്കിൽ അതിനെയും എഴുന്നള്ളിച്ചേനെയെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ പി. ഗോപിനാഥ് എന്നവരുടെ ബഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കിൽ ആനകൾ പുറത്തായേനെ. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത് നടത്തുന്നത്. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ഇരുകാലുകളും ബന്ധിച്ച് മണിക്കൂറുകളോളം നിൽക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കൽപ്പിക്കാൻ പോലുമാകുല്ലെന്നും കോടതി വാക്കാൽ വിമർശിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ നാട്ടാനകൾ (700) ഉള്ള കേരളത്തിൽ ആനകൾക്കെതിരെയുള്ള പീഡനങ്ങൾക്ക് കുറവുണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സംസ്ഥാനത്തെ പതിനായിരത്തോളം ഉത്സവങ്ങളിൽ ആനകളുടെ പ്രദർശനങ്ങൾക്ക് ഉള്ള പ്രത്യേക പ്രാധാന്യം അവയുടെ ദുരിതങ്ങൾ വർദ്ധിപ്പിച്ചു. ഗുരുവായൂർ അമ്പലത്തിന് കീഴിൽ മാത്രമായി 60ൽ അധികം ആനകളുണ്ട്.
ആനയെ വളർത്തുന്നതിനും, എഴുന്നതിനും പ്രത്യേകം നിയമങ്ങളും നിബന്ധനകളുമുണ്ട്. ഓരോ ആനയ്ക്കും വിശ്രമിക്കുവാൻ രണ്ടര ഏക്കർ ഭൂമിയുണ്ടാകണം, എഴുന്നള്ളിക്കൽ പകൽ മാത്രം, അതിനു മുൻപ് 12 മണിക്കൂർ വിശ്രമം നൽകുക, തണുത്ത പ്രതലത്തിലും തണലിലും മാത്രം ആനയെ നിർത്തുക മുതലായ നിർദ്ധേശങ്ങളാണ് ഉള്ളത്. എങ്കിലും ആനയോടുള്ള ചിലരുടെ കമ്പം അതിന് നീണ്ട ദുരിതങ്ങൾ സമ്മാനിക്കുന്നു. ശബ്ദത്തെയും ഫോട്ടോ ഫ്ലാഷിനെയും ഭയക്കുന്ന ആനകൾക്ക് ആൾക്കൂട്ടവും ആർപ്പുവിളികളും ഒട്ടും ആരോഗ്യകരമായ അനുഭവമല്ല സമ്മാനിക്കുന്നത്.
60 വർഷങ്ങൾ ആയുർദൈർഘ്യമുള്ള കരയിലെ ഏറ്റവും വലിയ ജീവി സാധാരണയായി 12 മുതൽ 18 മണിക്കൂർ വരെ ദിവസവും ഭക്ഷണത്തിനായി ചെലവാക്കുന്നു. ദിനം 100 മുതൽ 200 കിലോ വരെ ഭക്ഷണം കഴിക്കുന്ന ആനകൾ 50 ഗാലൻ വെള്ളം അകത്താക്കും.
മറ്റു മൃഗങ്ങളെ പോലെ ശരീരം രോമാവൃതം അല്ലാത്തതിനാലും മനുഷ്യരെ പോലെ വിയർക്കൽ ഇല്ലാത്തതിനാലും ചൂടിനെ പ്രതിരോധിക്കുവാനുള്ള ശേഷി കുറവാണ്. വലിപ്പമുള്ള ചെവി വീശികൊണ്ടാണ് അത് ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നത്,ചെവിയാട്ടുമ്പോൾ ഉണ്ടാകുന്ന ഉയർന്ന തോതിലുള്ള രക്തപ്രവാഹം ശരീര ഊഷ്മാവിനെ തണുപ്പിക്കും. ഉത്സവകാലം പൊതുവേ ഫെബ്രുവരി മുതലുള്ള ചൂട് കൂടിയ കാലാവസ്ഥയിലായത് നാട്ടാനകളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു. പുരുഷ ആനകൾക്ക് ഉണ്ടാകുന്ന മദം പൊട്ടൽ എന്ന ശാരീരിക അവസ്ഥയിൽ ഹോർമോണിനുണ്ടാകുന്ന വർദ്ധിച്ച പ്രവർത്തനം(testosterone) ആനകളെ കൂടുതൽ അസ്വസ്ഥരാക്കാറുണ്ട്. അത്തരം അവസ്ഥയിൽ അവർക്ക് പൂർണ്ണ വിശ്രമം നൽകേണ്ടതാണ്. ശ്രീലങ്കയിൽ ആനകളെ വാർധക്യത്തിൽ വിശ്രമ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. നാട്ടാനകൾക്ക് പൊതുവെ കണ്ടുവരുന്ന ദഹന സമ്പന്ധിയായ പല അസുഖങ്ങൾക്കും പന-തെങ്ങ് ഓലയും പാചകം ചെയ്ത ഭക്ഷണവും കാരണമാണ്.
ആനകൾ ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അമ്പലങ്ങളിലെ കെട്ടുകാഴ്ചയ്ക്കും,പൂരത്തിനും, എഴുന്നള്ളലിനും എല്ലാം നാം അഭിമാനത്തോടെ മുന്നിൽ നിർത്തുന്നതും ആനകളെയാണ്. കരയിലെ ഏറ്റവും വലിയ ജീവിയുടെ നിസ്സഹായാവസ്ഥയെ, മനുഷ്യനുമുകളിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന യഥാർഥ്യത്തെ മുതലെടുക്കുകയാണ് നമ്മൾ,എന്നിട്ട് അതിനിട്ട പേരാണ് ആനപ്രേമം. ആനകൾക്ക് എന്നല്ല ഏതൊരു ജീവിക്കും അതിന്റേതായ ജീവിത രീതികളുണ്ട് ‘അട്ടയെ പിടിച്ചു മെത്തയിൽ കിടത്തുക’എന്ന പ്രയോഗത്തിലും നമുക്കത് കാണാം, അട്ടക്ക് ജീവിക്കാൻ അതിന്റെതായ ഒരു രീതിയുണ്ട്, മനുഷ്യന്റെ ത്വക്കിന് സുഖം തരുന്ന മെത്ത ഒരിക്കലും അട്ടയെ സുഖിപ്പിക്കുകയില്ല.
കച്ചവടം മാത്രം ലക്ഷ്യമാക്കി തൊഴിൽ എടുപ്പിക്കുമ്പോൾ ആനകൾ ആക്രമണകാരികളാകുക സ്വാഭാവികമാണ്. നമ്മുടെ നാട്ടിൽ പ്രതിവർഷം 50 മുതൽ നൂറിനടത്ത് മദമിളകിയ ആനകളുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപെടുന്നു. അതുമായി ബന്ധപെട്ട മരണങ്ങളും അസാധാരണമല്ല.
ആനകളുടെ സുരക്ഷക്കായി സംസ്ഥാന സർക്കാർ അവയുടെ രക്തവും സീറവും പരിശോധിക്കുവാനും മദം പൊട്ടുന്ന കാലത്ത് അവയെ ശാസ്ത്രീയമായി പരിരക്ഷിക്കുവാനും ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.ആനകളുടെ ശരീരത്തിൽ സംഭവിക്കുന്ന മുറിവുകൾ രേഖപെടുത്തി കാരണങ്ങൾ കണ്ടെത്തുക, ആനകളുടെ ശവം പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ വീഡിയോഗ്രാഫി നിർബന്ധമായും ഉപയോഗിക്കുക, ഓരോ ജില്ലകളിലേയും ആനകളുടെ ആരോഗ്യത്തെപറ്റിയും വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ എന്നിവയും അസിസ്റ്റന്റ് കൺസർവേറ്റർ, മൃഗ ഡോക്ടർ എന്നിവർ ശ്രദ്ധിക്കുക തുടങ്ങിയ തീരുമാനങ്ങൾ ആനകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കും. പക്ഷെ ഇവയൊക്കെ കൃത്യമായി നടക്കുന്നുണ്ടോ എന്നതും വളരെ വലിയ ഒരു ചോദ്യമാണ്.
നമുക്ക് ആനയുടെ സ്ഥാനത്ത് നമ്മെ തന്നെ ഒന്ന് ചിന്തിച് നോക്കാം. നിങ്ങൾ ഒരു ആനയെന്ന് കരുതുക,
33 വർഷക്കാലം നിങ്ങൾക്ക് പരിചിതമായ നാട്ടിൽ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയ സമയം കുറച്ചു പേര് നിങ്ങളെ പിടിച്ചുകൊണ്ടു പോയി എന്ന് കരുതുക. എന്നിട്ട് നിങ്ങളെ ഒന്ന് സ്വാതന്ത്രമായി അനങ്ങാൻ പോലും സമ്മതിക്കാതെ തൊടലുകൊണ്ട് ബന്ധിച്ചു അടിച്ചു ഇടിച്ചു കുത്തിമുറിച്ചു ആ മുറിവുകളിൽ തന്നെ വീണ്ടും കുത്തി ഇളക്കി ഒരു 2500Km അകലെയുള്ള ഏതോ ഒരു നാട്ടിൽ കൊണ്ടുപോയി അസഹ്യമായ ചൂടത്ത് അവിടുള്ള ആളുകൾക്ക് മുന്നിൽ ഒരു പ്രദർശന വസ്തുവായി നിർത്തുന്നു,വെയില് കൊള്ളിച്ചു കൊല്ലാക്കൊല ചെയ്ത് പോരുന്നു എന്ന് കരുതുക ആ ആളുകളോട് നിങ്ങൾക്ക് സ്നേഹമാണോ തോന്നുക .ആനകൾക്ക് ഒരു ദിവസം 50 ഗാലൻ വെള്ളം ആവിശ്യമാണ്, നമ്മുടെ നാട്ടാനകൾക്ക് അത്രയും വെള്ളം ലഭിക്കുന്നുണ്ടോ? മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും മൃദുലമായ തൊലിയേക്കാൾ മൃദുലമാണ് ആനയുടെ കാലിനടിയിലെ തൊലി എന്നിരിക്കെ നിങ്ങളെ തിരുവനന്തപുരം സിറ്റിലെ ഒരു റോഡിൽ ഉച്ചക്ക് വെയിൽ നല്ല കനത്തിരിക്കുന്ന സമയത്ത് നിക്കർ ഊരി ഇരുത്തിയാൽ എങ്ങനെ ഉണ്ടാകും അതേ സ്ഥിതി തന്നെയാണ് ആനകളും വെയിലത്തു റോഡിലൂടെ നടക്കുമ്പോൾ. ആനയ്ക്ക് മനുഷ്യ സംസർഗം മൂലം അസുഖങ്ങൾ വരാറുണ്ട് അതിലൊന്നാണ് ക്ഷയ രോഗം. മഹാ ഭൂരിപക്ഷം നാട്ടാനകൾക്കും ക്ഷയരോഗം ഉണ്ട്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നു പോകാൻ നിങ്ങളുടെ ആനപ്രേമം കാരണമാകുമെന്ന് നിങ്ങൾ അറിയുന്നുണ്ടോ??Some elephant things human should know
സ്പാനിഷ് സംസ്കാരിക ആഘോഷത്തിൻറെ പ്രധാന ഭാഗമായിരുന്ന കാളപ്പോര് മൃഗ പീഡനം ആണ് എന്നുതിരിച്ചറിഞ്ഞ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. വേട്ടചെയ്തു ജീവിച്ച പ്രാചീന കാലത്തെ മനുഷ്യരുടെ കായിക ക്ഷമത ഭക്ഷണം സംഭരിക്കുന്നതിനും അധികാരം ഉറപ്പിക്കുന്നതിനും പ്രധാനമായിരുന്നു. ദ്രാവിഡ സംസ്കാരത്തിൽ കൃഷിക്കും അതിൽ സഹായിക്കുന്ന മൃഗങ്ങൾക്കും വലിയ ആദരവ് നൽകി. പൊങ്കൽ ഉത്സവത്തിൽ ഒരു ദിവസം മാടുകൾക്ക് മാറ്റി വെച്ച് അവയോടുള്ള ബഹുമാനം പ്രകടിപിച്ചു വന്നു. നാട്ടിൽ ഏറ്റവും കരുത്തുള്ളവൻ ആരാണ് എന്ന് തീരുമാനിക്കുവാനായി കാളകളുമായി മൽപിടുത്തം നടത്തി ശക്തരെ അംഗീകരിക്കുക എന്ന സമീപനം ഒരു കാലത്തെ ആഘോഷമായിരുന്നു. അവിടെ കാളകളെ വിരട്ടി ഓടിച്ച്, കീഴ്പെടുത്തുന്ന രീതി(ജെല്ലികെട്ട്) അവയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇതു മനസ്സിലാക്കിയ സുപ്രീംകോടതി പ്രസ്തുത മൃഗ പീഡനം നിരോധിക്കുവാൻ തീരുമാനിച്ചു. വൈകാരികമായി മാത്രം വിഷയത്തെ കാണുവാൻ തമിഴ് ജനത കാട്ടിയ വർധിച്ച താൽപര്യം മൃഗവിനോദനം (മൃഗ പീഡനം) തുടരുവാൻ ഭരണകൂടത്തെ നിർബന്ധിതരാക്കി.
കേരളത്തിൽ മൃഗ ബലികളും കോഴിപോരും നിയമം മൂലം അവസാനിപ്പിച്ചു എങ്കിലും ആനകൾക്ക് എതിരായ പീഡനങ്ങൾ പല രൂപത്തിൽ തുടരുകയാണ്.Some elephant things human should know
Content summary; Some elephant things human should know