July 14, 2026 |
Share on

സൗത്ത് ബ്ലോക്ക് ചരിത്രമാകുന്നു; ജനുവരി 14 ന് ശേഷം ‘സേവ തീര്‍ത്ഥ്’ പ്രധാനമന്ത്രിയുടെ ഓഫിസ്

സ്വാതന്ത്ര്യലബ്ധി മുതല്‍ സൗത്ത് ബ്ലോക്കിലെ ഓഫിസില്‍ ഇരുന്നായിരുന്നു പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചിരുന്നത്

സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ഓഫീസ് (പിഎംഒ) പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ബ്ലോക്ക് ചരിത്രത്തിന്റെ ഭാഗമാകുന്നു. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗത്ത് ബ്ലോക്ക് ഉപേക്ഷിച്ച് പുതിയ സമുച്ചയത്തിലേക്ക് മാറുന്നതോടെയാണ് ഒരു കാലഘട്ടം അവസാനിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘സേവാ തീര്‍ത്ഥ്’ എന്ന എക്‌സിക്യൂട്ടീവ് എന്‍ക്ലേവിലേക്കാണ് പി.എം.ഒ മാറ്റുന്നത്. ജനുവരി 14-ലെ മകരസംക്രാന്തിക്ക് ശേഷം ഈ മാറ്റം ഉണ്ടാകുമെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സേവാ തീര്‍ത്ഥ്

ഡല്‍ഹിയിലെ ദാരാ ഷിക്കോ റോഡില്‍ (പഴയ ഡല്‍ഹൗസി റോഡ്) സ്ഥിതി ചെയ്യുന്ന ഈ സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവയ്ക്കും പ്രത്യേക കെട്ടിടങ്ങളുണ്ട്.

2025 സെപ്റ്റംബറില്‍ തന്നെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഇവിടേക്ക് മാറ്റിയിരുന്നു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് (എന്‍ എസ് സി എസ്)പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നോടിയായി ഉടന്‍ തന്നെ ഇവിടേക്ക് മാറുമെന്നാണ് വിവരം.

നേരത്തെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് രാഷ്ട്രപതി ഭവനിലും, എന്‍.എസ്.സി.എസ് സര്‍ദാര്‍ പട്ടേല്‍ ഭവനിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് പാര്‍ട്ട്-1-ന്റെ ഭാഗമായാണ് ഈ ഓഫീസുകള്‍. ഇതിന് സമീപത്തായി പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയുടെ (എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് പാര്‍ട്ട്-2) നിര്‍മ്മാണം നടന്നു വരികയാണ്.

പുതിയ പി.എം.ഒ കെട്ടിടം അത്യാധുനിക സംവിധാനങ്ങളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കര്‍ത്തവ്യ ഭവന് സമാനമാണ്. എങ്കിലും, പ്രധാനമന്ത്രിയുടെ ഓഫീസും ഉന്നതതല കൂടിക്കാഴ്ചകള്‍ക്കും ഔദ്യോഗിക ചടങ്ങുകള്‍ക്കുമുള്ള മുറികളും കൂടുതല്‍ ഗാംഭീര്യമുള്ള രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) കമ്പനിയാണ് 1,189 കോടി രൂപ ചെലവില്‍ ഈ സമുച്ചയം നിര്‍മ്മിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ പദ്ധതിയുടെ അവസാന ചെലവിനെക്കുറിച്ചോ മറ്റ് വിവരങ്ങളോ കേന്ദ്ര ഭവന നിര്‍മ്മാണ-നഗരകാര്യ മന്ത്രാലയമോ സി.പി.ഡബ്ല്യു.ഡി.യോ പുറത്തുവിട്ടിട്ടില്ല.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഇതുവരെയുള്ള പ്രധാനമന്ത്രിമാര്‍ സൗത്ത് ബ്ലോക്കിലിരുന്നാണ് ഭരണം നടത്തിയിരുന്നത്. 1920-30 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് സൗത്ത് ബ്ലോക്കും നോര്‍ത്ത് ബ്ലോക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നതോടെ, റെയ്‌സീന ഹില്ലിലെ ഈ ചരിത്രപ്രധാനമായ ചുവന്ന മണല്‍ക്കല്ല് കെട്ടിടങ്ങള്‍ ഒരു ‘ദേശീയ മ്യൂസിയം’ ആയി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതോടെ ഈ കെട്ടിടങ്ങള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തുറന്നുകൊടുക്കും.

ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. സൗത്ത് ബ്ലോക്ക് കൂടി ഒഴിയുന്നതോടെ അവിടെയും പുനരുദ്ധാരണ ജോലികള്‍ ആരംഭിക്കും.

2019-ല്‍ പ്രഖ്യാപിച്ച സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂര്‍ത്തിയായിട്ടുള്ള പദ്ധതികള്‍ ഇവയാണ്;

2023-ല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയായി. 2024 ല്‍ വൈസ് പ്രസിഡന്റ് എന്‍ക്ലേവ് പൂര്‍ത്തിയായി. കര്‍ത്തവ്യ ഭവനിലെ 10 കോമണ്‍ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം 2025-ല്‍ പൂര്‍ത്തിയായി.

Content Summary; South Block to become history; PMO to move to new ‘Seva Teerth’ complex after January 14

Leave a Reply

Your email address will not be published. Required fields are marked *

×