July 17, 2025 |
Share on

തെക്കേയിന്ത്യയ്ക്ക് സീറ്റ് കുറയില്ല; മോദിയുടെ ഉറപ്പെന്ന് അമിത് ഷാ

ലോക്‌സഭ മണ്ഡല പുനക്രമീകരണത്തില്‍ കേരളം ഉള്‍പ്പെടെ ഭയക്കുന്നത് എന്തുകൊണ്ട്?

ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു സീറ്റ് പോലും കുറയില്ലെന്ന ഉറപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പാർട്ടി ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വാ​ഗ്ദാനം.

മണ്ഡല പുനക്രമീകരണത്തിന് ശേഷവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

മണ്ഡല പുനക്രമീകരണത്തെക്കുറിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾ ആശങ്കാകുലരാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

മണ്ഡല പുനക്രമീകരണം മൂലം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനും സീറ്റുകൾ നഷ്ടപ്പെടില്ലെന്ന് മോദി സർക്കാർ ലോക്‌സഭയിൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മോദി ജി നിങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും സീറ്റ് വർദ്ധനവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കുമെന്നും ദക്ഷിണേന്ത്യൻ ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

‌മണ്ഡല പുനക്രമീകരത്തിൽ തമിഴ്നാട്ടിലുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശം. തമിഴ്നാട്ടിൽ മാത്രമല്ല മണ്ഡല പുനക്രമീകരത്തിൽ കേരളവും ആശങ്കയറിയിച്ചിട്ടുണ്ട്. പുനക്രമീകരണം നടത്തിയാൽ എട്ട് ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭയപ്പെടുന്നു.

ലോക്‌സഭ മണ്ഡല പുനക്രമീകരണത്തില്‍ കേരളം ഭയക്കുന്നത് എന്തുകൊണ്ട്?

ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്സഭാ സീറ്റുകളുടെ മണ്ഡല പുനക്രമീകരണം നടപ്പാക്കുന്നതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭ പ്രാതിനിധ്യത്തില്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയാണ് കേരളം ഉയർത്തുന്നത്.

ജനസംഖ്യ ക്രമത്തില്‍ മണ്ഡലങ്ങള്‍ പുനര്‍ നിശ്ചയിച്ചാല്‍ ബിജെപിയോട് അകലം പാലിച്ചു നില്‍ക്കുന്ന തെക്കേ ഇന്ത്യയില്‍ നിന്ന് ലോക്‌സഭ മണ്ഡലങ്ങള്‍ ഗണ്യമായി കുറയുകയും ബിജെപിയെ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ പ്രാപ്തരാക്കിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് കേരളത്തിന് ആശങ്കയുണ്ട്.

മണ്ഡല പുനക്രമീകരണം നടപ്പിലായാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ അധികം എം.പിമാര്‍ ഉത്തരേന്ത്യയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തുമെന്നും സംസ്ഥാനം ഭയപ്പെടുന്നു.

അതേസമയം, ഡീലിമിറ്റേഷന്‍ നടപ്പിലാക്കുന്നതിന്, കോവിഡ് -19 മഹാമാരി മൂലം 2021 മുതല്‍ അനിശ്ചിതമായി മാറ്റിവച്ച സെന്‍സസ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. 2026 ന് ശേഷം നടത്താനിരിക്കുന്ന ഡീലിമിറ്റേഷനുശേഷം സംസ്ഥാനങ്ങളിലുടനീളം ലോക്സഭാ സീറ്റുകള്‍ പുനര്‍ നിശ്ചയിച്ചാല്‍ തമിഴ്നാടിനും കേരളത്തിനും ഒന്നിച്ച് 16 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഇതു പ്രകാരം ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് 32 സീറ്റുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 24 സീറ്റുകള്‍ നഷ്ടമാകുമെന്നും പറയുന്നു.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് എട്ടു സീറ്റുകള്‍ വീതം കുറയുമെന്നും ഇതോടെ കേരളത്തില്‍ നിന്നുള്ള 20 ലോകസഭാ സീറ്റുകള്‍ 12 ആയി ചുരുങ്ങുമെന്നും കേരളം ആശങ്കയറിയിച്ചിട്ടുണ്ട്.

ഇതുവരെ ബിജെപി ഭരണത്തിലെത്താത്ത സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നഷ്ടമാകുക എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ 11 ലോകസഭാ സീറ്റുകളുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നും ബിഹാറില്‍ 10 സീറ്റുകളും, രാജസ്ഥാനില്‍ ആറു സീറ്റുകളും മധ്യപ്രദേശില്‍ നാലു സീറ്റുകളും വര്‍ദ്ധിക്കുമെന്നുമുള്ള നി​ഗമനമാണ് സംസ്ഥാനങ്ങളെ ആശങ്കയിലാക്കുന്നത്.

Content Summary: South India will not lose seats; Amit Shah’s assurance, Why kerala fear In delimitation?

delimitation Amit Shah 

Leave a Reply

Your email address will not be published. Required fields are marked *

×