അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ യുദ്ധം മുതലെടുക്കാന്‍ ദക്ഷിണ കൊറിയന്‍ മിസൈല്‍ പ്രതിരോധ കമ്പനിയായ എല്‍ഐജി നെക്‌സ് വണ്‍. മിസൈല്‍ പ്രതിരോധ രംഗത്തെ അതികായന്മാരായ അമേരിക്കന്‍ സംവിധാനങ്ങളേക്കാള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന കൊറിയന്‍ സാങ്കേതികവിദ്യയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷാ ആയുധ നിര്‍മാണ മേഖല ലോകത്തിന് മുന്നില്‍ ശ്രദ്ധാകേന്ദ്രമായതാണ് എല്‍ഐജി നെക്‌സ് വണിന് അനുകൂല സാഹചര്യമൊരുക്കിയത്.
കമ്പനിയുടെ ഏറ്റവും പ്രധാന ഉല്‍പ്പന്നമായ ‘ചിയോംഗുങ്-II’ (M-SAM II) എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇതിനകം തന്നെ സൗദി അറേബ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പേട്രിയറ്റ് പിഎസി-3 മിസൈലുകള്‍ക്ക് തുല്യമായ ദൗത്യം നിര്‍വ്വഹിക്കുന്ന ഈ സംവിധാനം, ഇറാനിയന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും എതിരെ 96 ശതമാനം വിജയം കൈവരിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ സമിതി അംഗം യൂ യോങ്-വോണ്‍ അവകാശപ്പെടുന്നു. ചിയോംഗുങ് വാസ്തവത്തില്‍ ഈ മാസം വരെ ഒരു യഥാര്‍ത്ഥ യുദ്ധസാഹചര്യത്തില്‍ പരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധം അതിനുള്ള അവസരം ഒരുക്കി. പരീക്ഷിക്കപ്പെടുക മാത്രമല്ല, അതിന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഇനി മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പില്‍ നിന്നും കൂടുതല്‍ ആവശ്യക്കാര്‍ എത്തുമെന്നാണ് ചാങ്വോണ്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കിം ഹോ-സുങ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതല്‍ എല്‍ഐജി നെക്‌സ് വണ്ണിന്റെ ഓഹരി മൂല്യത്തില്‍ 47 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായത്. ഇപ്പോഴത്തെ യുദ്ധത്തിന്റെ ഒരു പ്രത്യേകത, രാജ്യങ്ങള്‍ കരസേനയെ ഉപയോഗിക്കാന്‍ മടിക്കുന്നുവെന്നതാണ്. വന്‍തോതിലുള്ള ജീവഹാനി ഉണ്ടാകാമെന്ന ഭയമാണതിന് പിന്നില്‍. മറിച്ച് ഭരണ നേതൃത്വങ്ങള്‍ മിസൈലുകളെയും തിരിച്ചുള്ള അതേ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെയും അധികമായി ആശ്രയിക്കുകയാണ്. ഇറാന്‍ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്നത് പ്രതിരോധ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഒരു ബാലിസ്റ്റിക് മിസൈലിനെ തടയാന്‍ ഒന്നിലധികം ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വേണ്ടിവരുന്നതിനാല്‍ രാജ്യങ്ങളുടെ പക്കലുള്ള മിസൈല്‍ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ഹന സെക്യൂരിറ്റീസിലെ ചായ വൂണ്‍-സെയിം നിരീക്ഷിക്കുന്നത് ഈ സാഹചര്യത്തിലാണ്.
വിലയിലെ കുറവിലും ലഭ്യതയിലും ദക്ഷിണ കൊറിയന്‍ സംവിധാനങ്ങള്‍ അമേരിക്കന്‍ നിര്‍മ്മിത മിസൈലുകളെ അപേക്ഷിച്ച് മോഹിപ്പിക്കുന്നവയാണ്. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന ഒരു പേട്രിയറ്റ് മിസൈലിന് 3.7 ദശലക്ഷം ഡോളര്‍ ചിലവ് വരുമ്പോള്‍, ചിയോംഗുങ്-II മിസൈലിന് വെറും 1.1 ദശലക്ഷം ഡോളര്‍ മാത്രമാണ് വില. പേട്രിയറ്റ് മിസൈലുകള്‍ ലഭിക്കാന്‍ നാല് മുതല്‍ ആറ് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമ്പോള്‍, കൊറിയന്‍ മിസൈലുകള്‍ 9 മുതല്‍ 12 മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ എല്‍ഐജി നെക്‌സ് വണ്ണിന് സാധിക്കുന്നുണ്ട്. കൃത്യസമയത്ത് സാധനങ്ങള്‍ എത്തിക്കുന്നതിലും ചെലവിനനുസരിച്ചുള്ള മൂല്യം നല്‍കുന്നതിലും കൊറിയന്‍ കമ്പനികള്‍ മികച്ചുനില്‍ക്കുന്നുവെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
‘കെ-ഡിഫന്‍സ്’എന്ന് വിളിക്കപ്പെടുന്ന ദക്ഷിണ കൊറിയയുടെ പ്രതിരോധ മേഖല സര്‍ക്കാര്‍ പിന്തുണയില്‍ വലിയ വളര്‍ച്ച നേടുന്നുണ്ട്. ലോകത്തെ ഒമ്പതാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി മാറിയ ദക്ഷിണ കൊറിയയുടെ പ്രധാന ഉപഭോക്താവ് പോളണ്ടാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 22 ബില്യണ്‍ ഡോളറിന്റെ ടാങ്കുകളും ഹോവിറ്റ്സറുകളും യുദ്ധവിമാനങ്ങളും പോളണ്ട് ദക്ഷിണ കൊറിയയില്‍ നിന്ന് വാങ്ങിയിരുന്നു. ഇതിനുപുറമെ നോര്‍വേയും എസ്റ്റോണിയയും അമേരിക്കന്‍ സംവിധാനങ്ങളെ ഉപേക്ഷിച്ചു കൊറിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ക്കായി കരാറൊപ്പിടുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹന്‍വാ എയ്റോസ്പേസ്, ഹ്യുണ്ടായ് റോട്ടം തുടങ്ങിയ കൊറിയന്‍ പ്രതിരോധ കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചിരട്ടി മുതല്‍ ആറിരട്ടി വരെയാണ് വളര്‍ച്ചയുണ്ടായത്. ചിയോംഗുങ്-II ന്റെ വിജയം ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്. എല്‍ഐജി നെക്‌സ് വണ്‍ മിസൈലുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഹന്‍വാ സിസ്റ്റംസ് അതിന്റെ റഡാറും ഹന്‍വാ എയ്റോസ്പേസ് ലോഞ്ചറുകളും നല്‍കുന്നു. ചുരുക്കത്തില്‍, പശ്ചിമേഷ്യയിലെ യുദ്ധം ലോകരാജ്യങ്ങളെ വീണ്ടും ആയുധശേഖരണത്തിലേക്ക് നയിക്കുമ്പോള്‍, ആഗോള പ്രതിരോധ വിപണിയില്‍ ദക്ഷിണ കൊറിയ ഒരു പുതിയ കരുത്തായി മാറുകയാണ്.
കടപ്പാട്: ഫിനാന്‍ഷ്യല്‍ ടൈംസ്
Content Summary: South Korean defence companies emerged as a beneficiary of the US-Israel war on Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.