ബ്രിട്ടനിലെ തീരദേശപട്ടണമായ സൗത്ത്പോർട്ടിൽ കുട്ടികളുടെ നൃത്തപരിശീലന ക്യാംപിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ. രാജ്യത്ത് കലാപത്തിന് തീ കൊളുത്തിയ സംഭവത്തിന് പിന്നിൽ 17 കാരനാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇയാളെ ലിവർപൂളിലെ കോടതിയിൽ ഹാജരാക്കി, മൂന്ന് കൊലപാതകങ്ങളും പത്ത് കൊലപാതക ശ്രമങ്ങളും ചുമത്തി. യുകെയുടെ ചില ഭാഗങ്ങളിൽ നടന്ന ‘ ഇഡിയോട്ടിക് കലാപത്തിന്റെ’ പശ്ചാത്തലത്തിലാണ്, പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും, പ്രതിയുടെ പേര് പരസ്യമാക്കാൻ കോടതി തീരുമാനിച്ചത്.Southport stabbing
ലങ്കാഷെയറിലെ ബാങ്ക്സിൽ നിന്നുള്ള 17 കാരനായ ആക്‌സൽ മുഗൻവ റുഡകുബാന സൗത്ത്‌പോർട്ടിലെ ഡാൻസ് ക്ലാസിൽ വച്ചായിരുന്നു ആക്രമണം നടത്തിയത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു, മറ്റ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കത്തി കൈവശം വച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുള്ള എൽസി ഡോട്ട് സ്റ്റാൻകോംബ്, ഒമ്പത് വയസ്സുള്ള ആലീസ് ദസിൽവ അഗിയാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയ ശേഷം റുഡകുബാനയെ ജുവനൈൽ ജയിലിലേക്ക് മാറ്റിയിരുന്നു. 18 വയസ്സ് പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നത് കൊണ്ടാണ് കോടതി പ്രതിയുടെ വിവരങ്ങൾ ആദ്യം വെളിപ്പെടുത്താതിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ അഭ്യർത്ഥനക്ക് പിന്നാലെ, വിഷയത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ ഒഴിവാക്കനാണ് പ്രതിയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടാൻ ജഡ്ജി ആൻഡ്രൂ മെനറി തയ്യറായത്.
സൗത്ത്പോർട്ടിലെ സംഭവത്തിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് നടന്നത്. മസ്ജിദിന് പുറത്ത് നടന്ന സംഘർഷത്തിനിടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരാളുടെ പക്കൽ കത്തി ഉണ്ടായിരുന്നു. ആളുകൾ അക്രമാസക്തരായി പോലീസ് വാൻ കത്തിക്കുകയും, 53 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ലണ്ടൻ, ഹാർട്ട്‌പൂൾ, മാഞ്ചസ്റ്റർ, ആൽഡർഷോട്ട് തുടങ്ങിയ ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിലേക്കും പ്രശ്‌നം വ്യാപിക്കുകയും ബുധനാഴ്ച രാത്രി 100-ലധികം പ്രതിഷേധക്കാർ അറസ്റ്റിലാവുകയും ചെയ്തു.
അതേ സമയം ഫാർ റൈറ്റ് വയലൻസിൽ സാമൂഹ്യമാധ്യമങ്ങൾ വലിയ രീതിയിൽ പ്രതിഷേധം ആളികത്തിച്ചതായി അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ഉണ്ടായതിന്റെ അടുത്ത ദിവസം ട്വിറ്ററിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. പാർലമെൻ്റിന് പുറത്ത് പരമ്പരാഗത വസ്ത്രം ധരിച്ച താടിയുള്ള പുരുഷൻ, യൂണിയൻ ജാക്ക് ടീ-ഷർട്ട് ധരിച്ച കുട്ടിക്ക് നേരെ കത്തി വീശുന്നതായിരുന്നു ചിത്രത്തിലെ ഉള്ളടക്കം. 900,000 ലത്തധികം ആളുകൾ കണ്ട പോസ്റ്ററിൽ നമ്മുടെ കുട്ടികളെ നമ്മൾ സംരക്ഷിക്കണമെന്ന അടിക്കുറിപ്പും നൽകിയിരുന്നു. എഐ ടെക്നോളജി ഉപയോഗിച്ച് നിർമിച്ചതാണ് ഈ ചിത്രം. വ്യാജവിവരങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടൻ ഫസ്റ്റ്, പാട്രിയോട്ടിക് ആൾട്ടർനേറ്റീവ് തുടങ്ങിയ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിൻ്റെ ഭാഗമല്ലാത്ത നിരവധി വ്യക്തികളും ഈ പ്രതിഷേധത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. #enoughisenough എന്ന ഹാഷ്‌ടാഗ് വലതുപക്ഷ അനുകൂലർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യാജ വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന യുകെ കമ്പനിയായ ലോജിക്കലിയിലെ സീനിയർ അനലിസ്റ്റായ ജോ ഒൻഡ്രാക് ചൂണ്ടികാണിക്കുന്നു.Southport stabbing
Content summary; Southport stabbing and UK far-right violence
This post was last modified on August 2, 2024 7:22 pm
Leave a Comment