ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരുള്ള ടീം, കിരീടം നേടാന്‍ ഏറ്റവും യോഗ്യയുള്ള ടീം; പല വിശേഷണങ്ങളുണ്ടായിരുന്നു ഫ്രാന്‍സിന്. എന്നാല്‍ ആദ്യ സെമി ഫൈനലില്‍ കണ്ടത്, ഫ്രാന്‍സിന്റെ വമ്പന്‍ താരനിരയെ നിഷ്പ്രഭരാക്കി ഫൈനലിന് യോഗ്യത നേടുന്ന സ്പെയ്നെ ആയിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു ഫ്രഞ്ച് ക്യാപ്റ്റനും റയല്‍ മാഡ്രിഡ് താരവുമായ കിലിയന്‍ എംബാപ്പെ. എന്നാല്‍ എംബാപ്പെയ്ക്ക് നിരാശനും നിസ്സഹായനും ആയി കളം വിടേണ്ടി വന്നു. സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് വാങ്ങിയ എംബാപ്പെ, ഫ്രീകിക്ക് ബാറിന് മുകളിലൂടെയടിച്ച് പാഴാക്കി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ കളിക്കാരനായ എംബാപ്പെക്ക് മാത്രമല്ല, നിലവിലെ ബാലണ്‍ ഡി ഓര് ജേതാവും പി.എസ്.ജി വിങ്ങറുമായ ഉസ്മാന് ഡെംബെലെക്കും ബയേണ്‍ മ്യൂണിക്കിന്റെ മിന്നും താരം മൈക്കല്‍ ഒലിസെക്കും ഈ മത്സരത്തില്‍ ഫ്രാന്‍സിന്റെ രക്ഷകരാകാന്‍ കഴിഞ്ഞില്ല. കളി കൈവിട്ടെന്നു കണ്ടപ്പോള്‍, ഫ്രഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് തന്റെ പക്കലുണ്ടായിരുന്ന പ്രധാന ആയുധങ്ങളായ പി.എസ്.ജിയുടെ ഡെസിറെ ദൂയെയെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റയാന് ചെര്ക്കിയെയും കളത്തിലിറക്കിയെങ്കിലും സ്പാനിഷ് പ്രതിരോധത്തെ ഭേദിക്കാന്‍ അവര്‍ക്കുമായില്ല.
താരങ്ങള്‍ നിരന്നതുകൊണ്ട് മാത്രം ടീം ജയിക്കണമെന്നില്ല എന്നതാണ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സ് നേരിടുന്ന വിമര്‍ശനം. ‘ഞങ്ങള്‍ പരാജയപ്പെട്ടത് ഞങ്ങളോട് തന്നെയാണ്’ മത്സരശേഷം ഫ്രഞ്ച് താരം റയാന് ചെര്‍ക്കി മാധ്യമങ്ങളോട് പ്രതികരിച്ചതില്‍ എല്ലാമുണ്ട്. എന്നാല്‍, ഈ മത്സരഫലം ഫ്രാന്‍സിന്റെ കളിയെ മാത്രം വിലയിരുത്തി പറയേണ്ടതല്ല. ഈ മത്സരത്തില്‍ സ്പെയിന് പുറത്തെടുത്തത് പ്രതിരോധത്തിലൂന്നിയ സമീപനമായിരുന്നില്ല. അവരുടെ ഗോള്‍കീപ്പര്‍ ഉനായ് സിമോണിന് വലിയ സേവുകളൊന്നും നടത്തേണ്ടി വന്നിരുന്നില്ല. കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചതും മികച്ച പാസുകള്‍ നല്കിയതും ഫ്രാന്‍സിനൊപ്പം തന്നെ തുല്യമായ ഷോട്ടുകള്‍ ഉതിര്‍ത്തതും സ്പെയിന് ആയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കൂട്ടായ പ്രകടനമാണ് സ്പെയിന് ഈ മത്സരത്തില്‍ കാഴ്ചവെച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ നോക്കൗട്ട് റൗണ്ടുകളിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെട്ടിരുന്നത് ഫ്രാന്‍സ് ആയിരുന്നു. എന്നാല്‍ ഇതൊന്നും കണ്ട് സ്പാനിഷ് ക്യാമ്പ് ഭയന്നിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച 19 വയസ്സ് തികഞ്ഞ സ്പെയിന്റെ അത്ഭുത ബാലന് ലാമിന് യമാല്‍, ഞങ്ങളല്ല മറിച്ച് ഫ്രഞ്ചുകാരാണ് ഭയപ്പെടേണ്ടതെന്ന് മത്സരത്തിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
സ്പാനിഷ് പടയുടെ ഈ ആത്മവിശ്വാസം വെറുതെയൊന്നുമായിരുന്നില്ല. 2023-ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടുകയും 2025-ല്‍ വീണ്ടും ഫൈനലില്‍ എത്തുകയും ചെയ്ത അവര്‍, ഇതിനിടയില്‍ യൂറോ കപ്പും സ്വന്തമാക്കിയിരുന്നു. ഈ കുതിപ്പിനിടയില്‍ ഇറ്റലിയെ രണ്ടുതവണയും ഇംഗ്ലണ്ട്, ജര്‍മ്മനി, നോര്‍വേ, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ വമ്പന്മാരെയും അവര്‍ പരാജയപ്പെടുത്തി. ഇതില്‍ ഫ്രാന്‍സിനെ മാത്രം അവര്‍ മൂന്ന് തവണയാണ് തോല്‍പ്പിച്ചത്. നിലവില്‍ തുടര്‍ച്ചയായ 37 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന സ്പെയിന്, പുരുഷ അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അപരാജിത കുതിപ്പിനൊപ്പമാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് (2025 നേഷന്‍സ് ലീഗില്‍ പോര്ച്ചുഗലിനെതിരെയുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് തോല്‍വി ഒഴിവാക്കി കൊണ്ടാണ് ഈ കണക്ക്).
തങ്ങള്‍ പിന്തുടരുന്ന തന്ത്രങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആര്‍ലിംഗ്ടണിലും എളുപ്പം വിജയിച്ചു കയറാമെന്ന ഫ്രാന്‍സിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ പ്രഹരം കൂടിയാണ് ഈ തോല്‍വി. തങ്ങളുടെ കരുത്തിനെ പ്രതിരോധിക്കാനും ബലഹീനതകള്‍ മുതലെടുക്കാനും പ്രത്യേക തന്ത്രങ്ങളുമായാണ് സ്പെയിന് എത്തിയത് എന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിലല്ലായിരുന്നിട്ടും മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ലാമിന് യമാലിന് കഴിഞ്ഞു. ഫ്രഞ്ച് പ്രതിരോധത്തിലെ ലൂക്കാസ് ഡിഗ്നെയെയാണ് സ്പെയിന് തങ്ങളുടെ പ്രധാന ലക്ഷ്യമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ ലെഫ്റ്റ് ബാക്കായ ഡിഗ്നെയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാനും സ്പാനിഷ് മുന്നേറ്റങ്ങള്‍ക്ക് വഴിതുറക്കാനും യമാലിന്റെ നീക്കങ്ങള്‍ക്ക് സാധിച്ചു. വമ്പന്മാരുടെ പതനവും സ്പെയിന്റെ അപ്രതിരോധ്യമായ പോരാട്ടവീര്യവും അടയാളപ്പെടുത്തിയ ഒന്നായി ഈ സെമി ഫൈനല്‍ ചരിത്രത്തില്‍ മാറും.
Content Summary; Spain enters the World Cup final with an outstanding collective performance, defeating France’s star-studded lineup. Kylian Mbappe and France outclassed by Spain’s tactical dominance.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.