അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് അവര്‍ സായുധ സേനകള്‍ക്ക് നേരെ കല്ലെറിയുന്നുണ്ടാവാം. പക്ഷെ, ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ കുപ്പായമണിയുക എന്നതാണ് അവരുടെ അഭിലാഷം. അതിന് വേണ്ടി കഠിന പരിശീലനത്തിലുമാണവര്‍. കാശ്മീര്‍ താഴ്വരയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കഥയിലെ താരങ്ങള്‍. പച്ചയും ഓറഞ്ചും കുപ്പായമണിഞ്ഞ് അവര്‍ മൈതാനത്ത് പരിശീലനം നടത്തുന്നതിന്റെ തലേദിവസവും അവര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
താന്‍ തലേദിവസം കല്ലെറിഞ്ഞതായും എന്നാല്‍ താനതല്ല ആഗ്രഹിക്കുന്നതെന്നും കാശ്മീരിലെ ആദ്യത്തെ വനിത കോച്ചും 21കാരിയുമായ അഫ്ഷാന്‍ ആഷിഖി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയെ ദേശീയതലത്തില്‍ പ്രതിനിധീകരിക്കണമെന്നാണ് അവരുടെ ആഗ്രഹം. സര്‍ക്കാര്‍ വനിത കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഫ്‌സാനും ടീമിലുള്ള 20 പെണ്‍കുട്ടികളും പരിശീലനത്തിനായി മൈതാനത്തിലേക്ക് പോകുന്നതിനിടയിലാണ് പ്രതാപ് പാര്‍ക്കിന് സമീപമുള്ള റോഡില്‍ ഒരു സംഘം ആണ്‍കുട്ടികള്‍ പോലീസിന് നേരെ കല്ലെറിയുന്നത് കണ്ടത്. പുല്‍വാമ ഡിഗ്രി കോളേജില്‍ കഴിഞ്ഞ ആഴ്ച പോലീസ് കടന്നുകയറിയതില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍.
പേടിക്കേണ്ടെന്നും നമുക്ക് കാത്തിരിക്കാമെന്നും അഫ്ഷാന്‍ കുട്ടികളോട് പറഞ്ഞു. എന്നാല്‍ ഇവരുടെ കൂടെ കല്ലെറിയാന്‍ വന്നതാണെന്ന് തെറ്റിധരിച്ച ഒരു പോലീസുകാരന്‍ മുന്നോട്ട് വന്ന് ഒരു പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും തെറിപറയുകയും ചെയ്യുകയായിരുന്നു. ഇതില്‍ രോഷാകുലരായാണ് തങ്ങളും കല്ലെറിയാന്‍ ആരംഭിച്ചതെന്ന് അഫ്ഷാന്‍ പറയുന്നു.
എന്നാല്‍ തിരിച്ചടിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ കല്ലെറിയുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. പോലീസും സിആര്‍പിഎഫും പരമാവധി ക്ഷമ പുലര്‍ത്തുകയാണെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല എന്നതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ അടികിട്ടിയ പെണ്‍കുട്ടിയെ അഫ്ഷാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. താനും കല്ലെറിഞ്ഞതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി പറഞ്ഞു. സൈന്യത്തോടും പോലീസിനോടും സിആര്‍പിഎഫിനോടും തനിക്ക് ദേഷ്യമാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഒരു സ്ത്രീയെ പോലീസ് തല്ലുന്ന ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധ സൂചകമായി ഇനിയും താന്‍ കല്ലെറിയുമെന്നും പെണ്‍കുട്ടി പറഞ്ഞു.
ആണ്‍കുട്ടികള്‍ മാത്രം രക്തം ചൊരിഞ്ഞതുകൊണ്ട് തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കില്ലെന്നും പെണ്‍കുട്ടികള്‍ കൂടി രക്തം ചെരിഞ്ഞാലെ സ്വാതന്ത്ര്യം ലഭിക്കൂ എന്ന ചിന്തയാണ് ചിലരെ കല്ലെറിയാന്‍ പ്രേരിപ്പിക്കുന്നതെന്ന് കളിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷസേനകള്‍ തങ്ങളുടെ സ്വാതന്ത്ര്യം തടയുന്നത് മൂലം തങ്ങള്‍ എത്രമാത്രം അപമാനിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായി മാറുന്നു എന്ന് വിവരിക്കാനാവില്ലെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയോടൊപ്പം നില്‍ക്കുന്നത് തന്നെയാണ് കാശ്മീരിന്റെ ഭാവിക്ക് നല്ലതെന്ന് അഫ്ഷാന്‍ ഉറപ്പിച്ച് പറയുന്നു. കല്ലെറിയുന്ന ചിലരുമായി താന്‍ സംവാദത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും അവരെ പന്തുകളിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും അഫ്ഷാന്‍പറയുന്നു. സംഘര്‍ഷങ്ങള്‍ക്കുള്ള ഒരു ഉത്തരം സ്‌പോര്‍ട്ട്‌സിലൂടെ കണ്ടെത്താനാവും എന്ന പ്രതീക്ഷയാണുള്ളതെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫുട്ബോള്‍ കളിക്കുന്ന അഫ്ഷാന്‍ ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി ഇതിനകം 30-ലേറെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. പുത്തന്‍ പ്രതീക്ഷകളുടെ ചിറകിലേറി കാശ്മീരി കൗമാരം മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്.