June 06, 2026 |
Share on

സമ്പൂര്‍ണ ആധിപത്യം; ഇത് തകര്‍പ്പന്‍ ജയം

മാറ്റ് ഹെന്‍റിയാണ് മാന്‍ ഓഫ് ദ മാച്ച്.

ലോകകപ്പിലെ ന്യൂസിലാന്‍ഡ്-ശ്രീലങ്ക മത്സരത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല, ന്യൂസിലാന്‍ഡ് ആധികാരികമായി പത്ത് വിക്കറ്റ് ജയം നേടുകയും ചെയ്തു.

നേരത്തെ ന്യൂസിലാന്‍ഡിന്റെ ബൗളിംഗ് കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്ക 136 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ മാറ്റ് ഹെന്റി, ഫെര്‍ഗ്യൂസണ്‍ എന്നിവരാണ് ലങ്കയുടെ തകര്‍ച്ചയ്ക്ക് ആഴം കൂട്ടിയത്. ട്രെന്‍ഡ് ബോള്‍ട്ട്, ഗ്രാന്‍ഹോം, നീഷാം, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്‌ന മാത്രമാണ് തിളങ്ങിയത്. കരുണരത്‌ന 84 പന്തില്‍ നിന്നും 52 റണ്‍സെടുത്തു. കുശാല്‍ പെരേര(29), തിസേര പെരേര(27) എന്നിവരും ക്യാപ്റ്റന് പിന്തുണയേകാന്‍ ശ്രമിച്ചെങ്കിലും പൊരുതാനുള്ള സ്‌കോര്‍ പോലും നേടാനായില്ല. മറ്റുള്ളവരാരും രണ്ടക്കം കടന്നില്ല. ഓപ്പണറായി ഇറങ്ങിയ കരുണരത്‌ന പത്താമനായാണ് ഔട്ടായത്.

മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ന്യൂസിലാന്‍ഡ് 16.1 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്തില്‍ 73 റണ്‍സും കോളിന്‍ മണ്‍റോ 58 റണ്‍സും എടുത്തു. ഗുപ്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും മണ്‍റോ ഒരു സിക്‌സും ആറ് ഫോറും അടിച്ചു. ലങ്കന്‍ നിരയില്‍ തിസേര പെരേര രണ്ട് സിക്‌സ് നേടിയിരുന്നു. മാറ്റ് ഹെന്‍റിയാണ് മാന്‍ ഓഫ് ദ മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *

×