April 19, 2025 |

കോഹ്ലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ആരെങ്കിലും വേണം: സേവാഗ്

ടീം സെലക്ഷനിലെ കോഹ്ലിയുടെ തീരുമാനങ്ങളെയും സമീപനങ്ങളേയും സേവാഗ് വിമര്‍ശിച്ചു. ടീം വര്‍ക്കാണ് കളി ജയിപ്പിക്കുക. ഏതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ മാത്രം അത് നടക്കില്ല. ഏല്ലാവരുടേയും സംഭാവനകള്‍ വേണം – സേവാഗ് പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ ആരെങ്കിലും ഒപ്പം വേണമെന്ന് വീരേന്ദര്‍ സേവാഗ്. എല്ലാ ടീമുകളിലും സാധാരണയായി ഇത്തരത്തില്‍ ക്യാപ്റ്റനെ ഉപദേശിക്കാന്‍ കഴിയുന്ന നാലോ അഞ്ചോ പേരുണ്ടാകും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇതിന് കഴിയുന്ന ആരുമില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യ ടിവിയുടെ ഷോയിലാണ് സേവാഗ് ഇക്കാര്യം പറഞ്ഞത്. ടീം സെലക്ഷനിലെ കോഹ്ലിയുടെ തീരുമാനങ്ങളെയും സമീപനങ്ങളേയും സേവാഗ് വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കയോടുള്ള രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സേവാഗിന്റെ വിമര്‍ശനം.

ഏത് സാഹചര്യത്തിലും കളിക്കാന്‍ കഴിയുമെന്ന് മികവ് തെളിയിച്ച തന്റെ അതേ പ്രകടനമാണ് കോഹ്ലി മറ്റ് ടീം അംഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മറ്റ് കളിക്കാരൊന്നും തന്നെ കോഹ്ലിയുടെ നിലവാരത്തില്‍ എത്തിയിട്ടില്ല. ഇത് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നുണ്ട്. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് തന്നെ പോലെ ആത്മവിശ്വാസത്തോടെ കളിക്കാനുള്ള അവസരമാണ് കോഹ്ലി ഉണ്ടാക്കേണ്ടത്. എന്നാല്‍ തന്നെ പോലെ റണ്‍ നേടാന്‍ അവരോട് ആവശ്യപ്പെടുകയാണ് കോഹ്ലി ചെയ്യുന്നത്. സച്ചിന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ സമാനമായ സമീപനമുണ്ടായിരുന്നു. എനിക്ക് റണ്‍ എടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് പറ്റില്ല എന്നാണ് സച്ചിന്‍ സഹകളിക്കാരോട് ചോദിച്ചിരുന്നത്. അടുത്ത ടെസ്റ്റിന് ടീം അംഗങ്ങളുമായി കൂടിയാലോചിച്ച് തന്ത്രം മെനയുക എന്നത് പ്രധാനമാണ്. ടീം വര്‍ക്കാണ് കളി ജയിപ്പിക്കുക. ഏതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ മാത്രം അത് നടക്കില്ല. ഏല്ലാവരുടേയും സംഭാവനകള്‍ വേണം – സേവാഗ് പറഞ്ഞു.

കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവില്‍ സംശയം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും രംഗത്തെത്തി. ദീര്‍ഘകാലത്തേയ്ക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കോഹ്ലിക്ക് കഴിയുമോ എന്ന കാര്യത്തില്‍ സ്മിത്ത് സംശയം പ്രകടിപ്പിച്ചു. കോഹ്ലി ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായിരിക്കാം. എന്നാല്‍ ടീം അംഗങ്ങളുടെ അവസ്ഥ ചിലപ്പോള്‍ മനസിലാക്കാനായെന്ന് വരില്ല. അവരെ ഒപ്പം കൊണ്ടുപോകാന്‍ കഴിയണം – ഗ്രെയിം സ്മിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×