ആരായിരുന്നു മലയാളിക്ക് ശ്രീനിവാസൻ?

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ഇത്രത്തോളം സത്യസന്ധമായി പകർത്തിവെച്ച മറ്റൊരു കലാകാരനില്ല

ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും ചുണ്ടിൽ ഒരു ചിരി വിടരും, പക്ഷേ ആ ചിരിക്കൊടുവിൽ അവരെക്കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്ത അത്ഭുതമായിരുന്നു ഓരോ ശ്രീനിവാസൻ രചനകളും. അതങ്ങനെയാണ്, മലയാളിക്ക് ശ്രീനിവാസൻ വെറുമൊരു നടനോ തിരക്കഥാകൃത്തോ ആയിരുന്നില്ല. മലയാള സിനിമയിലെ സർവ്വം തികഞ്ഞ സൂപ്പർ താരങ്ങൾക്കിടയിൽ, നായക സങ്കൽപ്പങ്ങളെ ഉടച്ചുവാർത്ത്, സാധാരണക്കാരന്റെ ശബ്ദമായി മാറിയ നായകൻ.

ഓരോ മലയാളിയും തന്റെ ഉള്ളിലോ അയൽപക്കത്തോ കണ്ടുമുട്ടുന്ന മനുഷ്യരെയാണ് ശ്രീനിവാസൻ വെള്ളിത്തിരയിൽ എത്തിച്ചത്. അദ്ദേഹം എഴുതിയ കഥാപാത്രങ്ങളോട് ഒരു ശരാശരി മലയാളിക്ക്, പ്രത്യേകിച്ച് മധ്യവർത്തി സമൂഹത്തിന് എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ സാധിച്ചതും അതുകൊണ്ടാണ്. മലയാളിയുടെ പൾസറിഞ്ഞ കലാകാരൻ എന്ന് പറഞ്ഞാലും അത് അധികമാവില്ല. ദശകങ്ങളോളം മലയാള സിനിമയുടെ വിരിമാറിൽ ആക്ഷേപഹാസ്യത്തിന്റെ വിത്തുകൾ പാകിയ ആ വലിയ കലാകാരൻ വിടവാങ്ങുമ്പോൾ ആ വിടവ് ഒരിക്കലും നികത്താനാകുന്നതല്ല.

ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന, എന്നാൽ പലപ്പോഴും സാഹചര്യങ്ങൾക്കൊണ്ട് പതറിപ്പോകുന്ന ആ കഥാപാത്രങ്ങൾ നമ്മുടെ തന്നെ ജീവിതത്തിൽ നിന്നുള്ളവരായിരുന്നു. ഒരേ സമയം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം തന്നെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിപ്പിക്കുകയും ചെയ്ത രചനാശൈലി. ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ബോധവും നിരീക്ഷണപാടവവും എത്രത്തോളം കൃത്യമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സിനിമകളിലെ ഓരോ സംഭാഷണങ്ങളും.

ഗൗരവമേറിയ രാഷ്ട്രീയത്തെയും സാമൂഹിക പ്രശ്നങ്ങളെയും സാധാരണക്കാരന്റെ ഭാഷയിലേക്ക് നർമ്മത്തിലൂടെ അദ്ദേഹം മൊഴിമാറ്റം ചെയ്തു. ശ്രീനിവാസൻ സൃഷ്ടിച്ച കഥാപാത്രങ്ങളോട് ഒരു ശരാശരി മധ്യവർത്തി മലയാളിക്ക് വളരെ എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ സാധിക്കുമായിരുന്നു. നാടോടിക്കാറ്റിലെ, തൊഴിലില്ലായ്മയുടെയും പ്രവാസസ്വപ്നങ്ങളുടെയും വിജയനും ശരാശരി മലയാളിയുടെ അപകർഷതാബോധവും അരക്ഷിതാവസ്ഥയും പേറിയ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും കുടുംബഭാരങ്ങളിൽ നിന്ന് ഒളിച്ചോടി ആത്മീയതയിൽ അഭയം തേടുന്ന നിരുത്തരവാദിയായ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷും, പ്രത്യയശാസ്ത്രങ്ങളുടെ കാപട്യങ്ങളെ തുറന്നുകാട്ടിയ ക്യൂബ മുകുന്ദനും, പ്രണയത്തിലെ വഞ്ചനയ്ക്ക് ‘പിച്ചളമാല’ നൽകി പ്രതികാരം നടത്തുന്ന തട്ടാൻ ഭാസ്കരന്റെ നിഷ്കളങ്കതയും വാശിയും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ… എല്ലാം വെള്ളിത്തിരയിൽ കണ്ട മലയാളിക്ക് അദ്ദേഹം സ്വന്തം കുടുംബത്തിലെ ഒരാളായി മാറി.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ഇത്രത്തോളം സത്യസന്ധമായി പകർത്തിവെച്ച മറ്റൊരു കലാകാരനില്ല. മലയാള സിനിമയുടെ ചരിത്രത്തെ ‘സന്ദേശ’ത്തിന് മുൻപും പിൻപും എന്ന് രണ്ടായി തിരിക്കാം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീനിവാസന്റെ തൂലികയിൽ നിന്ന് പിറന്ന ആ വരികൾക്ക് ഇന്നും മലയാളി സമൂഹത്തിൽ അത്രമേൽ പ്രസക്തിയുണ്ട്.

“പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്ന ഡയലോഗ് ഇന്നും മലയാളിക്കിടയിൽ ട്രെൻഡ് ആണ് . ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന വിഷയങ്ങളെ ചൊല്ലി സ്വന്തം വീട്ടിൽ കലഹിക്കുന്ന രാഷ്ട്രീയ അന്ധതയെ ഇതിലും മനോഹരമായി എങ്ങനെ പരിഹസിക്കാനാകും. പ്രഭാകരനും കുമാരപിള്ള സാറും കോട്ടപ്പള്ളി രാഘവനും ഇന്നും നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകളിൽ ജീവിക്കുന്നു എന്നതാണ് ആ തിരക്കഥയുടെ കരുത്ത്.

സ്വന്തം അച്ഛന്റെ പെൻഷൻ പണം കൊണ്ട് വിപ്ലവം നടത്തുന്ന മക്കളെ നോക്കി രാഘവൻ നായർ പറയുന്ന വാക്കുകൾ ഓരോ മലയാളിയുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ദശകങ്ങൾക്കിപ്പുറവും ആ സിനിമകൾ ചർച്ച ചെയ്യപ്പെടുന്നത് അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ ഇന്നും പ്രസക്തമായതുകൊണ്ടാണ്. ശ്രീനിവാസൻ എന്ന പ്രതിഭ വിടവാങ്ങുമ്പോഴും അദ്ദേഹം മലയാളികൾക്ക് നൽകിയ കഥാപാത്രങ്ങൾക്ക് മരണമില്ല. മലയാളിയുള്ള കാലത്തോളം അവർ നമുക്കിടയിൽ ജീവിച്ചുകൊണ്ടേയിരിക്കും…

content summary: Sreenivasan, The Man Who Made Keralites Laugh and Think

This post was last modified on December 20, 2025 3:16 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment