അന്തരിച്ച വിശ്വപ്രസിദ്ധ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ദ്വീപ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ വിശദീകരണവുമായി ഹോക്കിംഗിന്റെ കുടുംബം. ചിത്രങ്ങളില്‍ ഹോക്കിംഗിനൊപ്പം കാണുന്ന സ്ത്രീകള്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചരണക്കാരാണെന്നും, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധമാണെന്നും കുടുംബം വ്യക്തമാക്കി.
അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളിലെ ചിത്രങ്ങളില്‍, ബിക്കിനി ധരിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഒരു സണ്‍ ലോഞ്ചറില്‍ ഇരിക്കുന്ന ഹോക്കിംഗിനെ കാണാം. 2006-ല്‍ കരീബിയന്‍ ദ്വീപായ സെന്റ് തോമസില്‍ എപ്സ്റ്റീന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഒരു ശാസ്ത്ര സിമ്പോസിയത്തില്‍ പങ്കെടുക്കവെ എടുത്തതാണ് ഈ ചിത്രങ്ങളെന്നാണ് കരുതപ്പെടുന്നത്.
മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായിരുന്ന ഹോക്കിംഗ് വെന്റിലേറ്റര്‍, വോയ്സ് സിന്തസൈസര്‍, വീല്‍ചെയര്‍ എന്നിവയുടെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന് തനിയെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായിരുന്ന ഹോക്കിംഗിനെ പരിചരിക്കാന്‍ ബ്രിട്ടനില്‍ നിന്ന് കൂടെപ്പോയവരാണ് ചിത്രത്തിലുള്ള സ്ത്രീകളെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി, ഡെയ്ലി മെയിലിനോട് പറഞ്ഞു.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഹോക്കിംഗിന്റെ പേര് ഏകദേശം 250 തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. വിര്‍ജിന്‍ ദ്വീപുകളില്‍ നടന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ ആഘോഷത്തില്‍ ഹോക്കിംഗ് പങ്കെടുത്തുവെന്ന് വിര്‍ജീനിയ ഗിയുഫ്രെ എന്ന യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് കാണിച്ച് എപ്സ്റ്റീന്‍ തന്റെ സഹകാരിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന് അയച്ച ഇമെയിലുകളും ഈ ഫയലുകളുടെ ഭാഗമാണ്.
എപ്സ്റ്റീന്‍ ദ്വീപ് സന്ദര്‍ശിച്ച 21 പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്താനാണ് അദ്ദേഹം അവിടെ എത്തിയത്.
ദ്വീപിലെ അത്താഴ വിരുന്നില്‍ സ്റ്റീഫന്‍ ഹോക്കിംഗ് പങ്കെടുക്കുന്നതിന്റെയും പ്രത്യേക അന്തര്‍വാഹിനിയില്‍ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എപ്സ്റ്റീനൊപ്പം ഹോക്കിംഗ് നില്‍ക്കുന്ന ചിത്രങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. 2018-ലാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്.
Content Summary: Stephen Hawking’s family breaks silence on viral Epstein Island photos and allegations