July 15, 2026 |
Share on

ഹോര്‍മുസ് പ്രതിസന്ധി: കടലില്‍ കുടുങ്ങി കിടക്കുന്നത് 11.8 ലക്ഷം കോടിയുടെ ചരക്കുകള്‍

1,200-ലധികം ചരക്കുകപ്പലുകളാണ് നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്

ആഗോള സമുദ്രവ്യാപാരത്തിന്റെ തന്ത്രപ്രധാന മേഖലയായ ഹോര്‍മുസ് കടലിടുക്ക് അപകടമേഖലയായതോടെ അന്താരാഷ്ട്ര വിപണി നേരിടുന്നത് കടുത്ത പ്രതിസന്ധി. ഏകദേശം 125 ബില്യണ്‍ യു.എസ് ഡോളര്‍(ഇന്ത്യന്‍ വിപണി മൂല്യമനുസരിച്ച് ഏകദേശം 11,85,534 കോടിയിലധികം രൂപ) രൂപ വിലമതിക്കുന്ന ചരക്കുകളുമായി 1,200-ലധികം ചരക്കുകപ്പലുകളാണ് നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ഏലിയന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ആഗോള സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുന്ന ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനില്‍ നടന്ന സൈനികാക്രമണങ്ങളെത്തുടര്‍ന്ന് നൂറിലധികം ദിവസങ്ങളായി ഗള്‍ഫ് മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ ചരക്കുകളും കപ്പലുകളും കെട്ടിക്കിടക്കുകയാണ്. സമുദ്രവ്യാപാര ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഈ പ്രതിസന്ധി ആഗോള വിപണിയുടെ സുസ്ഥിരതയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്.

ഇതുപോലൊരു വന്‍ പ്രതിസന്ധി മുന്‍പ് വെറും സാധ്യതകളായി മാത്രമാണ് ചര്‍ച്ച ചെയ്തിരുന്നതെന്നും എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ഏലിയന്‍സ് മറൈന്‍ അണ്ടര്‍റൈറ്റിങ് മേധാവി ജസ്റ്റസ് ഹെന്റിച്ച് പറഞ്ഞു. ഇതോടെ ഇത്തരം സുപ്രധാന കപ്പല്‍ച്ചാലുകളിലെ അപകടസാധ്യതകളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നോക്കിക്കാണുന്ന രീതി തന്നെ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സംഘര്‍ഷത്തിന് മുന്‍പ് പ്രതിദിനം 135 കപ്പലുകളും ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു. എന്നാല്‍ കടലിടുക്ക് അടച്ചുപൂട്ടല്‍ അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയെ വന്‍തോതില്‍ ബാധിക്കുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് (ഏകദേശം 8,350 രൂപ) മുകളിലേക്ക് കുതിക്കാന്‍ കാരണമാകുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഐഎംഒ) കണക്കുകള്‍ പ്രകാരം സംഘര്‍ഷത്തിനിടയില്‍ 40-ലധികം കപ്പലുകള്‍ക്ക് നേരെ മിസൈലാക്രമണം ഉണ്ടാകുകയും 14 കപ്പല്‍ ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഓയില്‍ ടാങ്കറുകളായിരുന്നു.

അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ ഉണ്ടാക്കിയ താല്‍ക്കാലിക സമാധാന കരാര്‍ ഷിപ്പിങ് കമ്പനികള്‍ക്കിടയില്‍ നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം കപ്പല്‍ ഗതാഗതത്തില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 21 വരെയുള്ള ആഴ്ചയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും പുറത്തുകടന്ന കപ്പലുകളുടെ എണ്ണം 69 ആയി ഉയര്‍ന്നതായി ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് വെറും 24 മാത്രമായിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവാര നിരക്കാണിത്. എങ്കിലും, കപ്പലുകള്‍ പതുക്കെ ഈ ജലപാതയിലേക്ക് തിരിച്ചെത്തുന്നുണ്ടെങ്കിലും, ഒമാന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍ തുറമുഖങ്ങള്‍ വഴിയോ അല്ലെങ്കില്‍ കരമാര്‍ഗ്ഗമുള്ള മറ്റ് ബദല്‍ പാതകളോ സ്ഥിരമായി ഉപയോഗിക്കാന്‍ ലോജിസ്റ്റിക്‌സ് കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ ഇറാനുള്ള ശേഷി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍, വലിയ കമ്പനികള്‍ മറ്റ് സുരക്ഷിത പാതകളില്‍ നിക്ഷേപം ഇറക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് നീക്ക കമ്പനിയായ കുഹ്നെ+നാഗലിന്റെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തോളം കണ്ടെയ്നറുകള്‍ ഇപ്പോഴും ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനാല്‍ നിലവിലുള്ള കരമാര്‍ഗ്ഗങ്ങളിലെ ചരക്കുനീക്കം കടുത്ത സമ്മര്‍ദ്ദത്തിലാണ്. മിഡില്‍ ഈസ്റ്റില്‍ നിന്ന് നശിച്ചുപോകുന്ന തരം കൃഷി ഉല്‍പന്നങ്ങള്‍ അധികം കയറ്റി അയക്കാത്തതിനാല്‍ ഭൂരിഭാഗം ചരക്കുകളും കപ്പലുകളിലോ പ്രാദേശിക തുറമുഖങ്ങളിലോ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കപ്പലുകളുടെ കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് പുറമെ, മരുന്നുകള്‍, ഫ്രോസണ്‍ ഫുഡ് എന്നിവ നശിച്ചുപോയതുമായി ബന്ധപ്പെട്ട ക്ലെയിമുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നില്‍ എത്തിയേക്കാമെന്ന് ഏലിയന്‍സിന്റെ മറൈന്‍ റിസ്‌ക് കണ്‍സള്‍ട്ടിങ് മേധാവി രാഹുല്‍ ഖന്ന പറഞ്ഞു.

സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ കപ്പല്‍ ജീവനക്കാരുടെ സുരക്ഷയും മാനുഷിക പ്രതിസന്ധിയും ഈ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഏകദേശം 20,000 സമുദ്ര തൊഴിലാളികളാണ് നിലവില്‍ ഗള്‍ഫിലെ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത്. കപ്പലുടമകള്‍ ശമ്പളം നല്‍കാതിരിക്കുകയോ ആവശ്യത്തിന് ഭക്ഷണവും പിന്തുണയും നല്‍കാതെ ജീവനക്കാരെ കപ്പലുകളില്‍ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവണത കഴിഞ്ഞ 2025-ല്‍ ആറാം വര്‍ഷവും തുടര്‍ച്ചയായി വര്‍ദ്ധിച്ച് 6,000 എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. ഓട്ടോമേഷനും ഗ്രീന്‍ ട്രാന്‍സിഷനും കാരണം വിദഗ്ദ്ധരായ തൊഴിലാളികള്‍ക്ക് ആഗോളതലത്തില്‍ ആവശ്യം കൂടിവരുന്ന ഈ സാഹചര്യത്തില്‍, ജീവനക്കാരുടെ ഈ ദുരവസ്ഥ കപ്പല്‍ വ്യവസായത്തിലേക്ക് പുതിയ ആളുകള്‍ വരുന്നത് തടസ്സപ്പെടുത്തുമെന്നും ഇത് ആഗോള വിതരണ ശൃംഖലയുടെ സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 11,000-ത്തോളം കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒമാനുമായി ചേര്‍ന്ന് അന്താരാഷ്ട്ര സമുദ്ര സംഘടന പ്രത്യേക യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Content Summary; Strait of Hormuz closure strands 1,200 cargo ships worth $125bn (₹10.4 lakh crore) in the Gulf. Iran-US Conflict

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×