പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ച നാവിക മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ തന്നെ സ്ഥാപിച്ച മൈനുകള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താനോ അവ നീക്കം ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി ഇറാന് ഇല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് ജലപാതയില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 2-ന് ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകളെ ‘അഗ്‌നിക്കിരയാക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുകയും കപ്പല്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
അവ്യക്തമായ മൈന്‍ വിന്യാസം
ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് വളരെ ക്രമരഹിതമായ രീതിയിലാണ് ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചത്. ഇവയുടെ കൃത്യമായ സ്ഥാനങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ടെഹ്റാന്‍ പരാജയപ്പെട്ടുവെന്നാണ് യുഎസ് വിലയിരുത്തല്‍. കൂടാതെ, സമുദ്ര പ്രവാഹത്തില്‍പ്പെട്ട് പല മൈനുകളും സ്ഥാനചലനം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഒരു ഇടുങ്ങിയ വഴിയിലൂടെ മാത്രമാണ് കപ്പലുകളെ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കുന്നത്. സുരക്ഷിത പാതകള്‍ സൂചിപ്പിക്കുന്ന ഭൂപടങ്ങള്‍ അര്‍ദ്ധ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ഇറാന്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, മൈനുകളില്‍ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായി തുറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ജലപാത സുരക്ഷിതമായി തുറക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ബുധനാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സാങ്കേതിക പരിമിതികള്‍ പരിഗണിച്ചുകൊണ്ട് കടലിടുക്ക് തുറക്കുമെന്ന് പ്രസ്താവിച്ചത് മൈന്‍ നീക്കം ചെയ്യലിലെ വെല്ലുവിളികള്‍ ഇറാന്‍ സമ്മതിക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
സമാധാന ചര്‍ച്ചകള്‍ക്കായി ഇന്ന് ഇസ്ലാമാബാദില്‍ വെച്ച് അബ്ബാസ് അരാഗ്ചിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും കൂടിക്കാഴ്ച നടത്തും. 70 അംഗ ഇറാനിയന്‍ പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും മൈന്‍ നീക്കം ചെയ്യലുമായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയമെന്നാണ് റിപ്പോര്‍ട്ട്.
നീക്കം ചെയ്യല്‍ ദുഷ്‌കരം
മൈനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് അവ നീക്കം ചെയ്യുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്ക പോലും മൈന്‍ നീക്കം ചെയ്യാനായി പ്രത്യേക ലിറ്റോറല്‍ യുദ്ധക്കപ്പലുകളെയാണ് ആശ്രയിക്കുന്നത്. യുഎസ് ആക്രമണത്തില്‍ ഇറാന്റെ പല പ്രധാന നാവിക താവളങ്ങളും തകര്‍ക്കപ്പെട്ടതും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ മൈനുകള്‍ വിന്യസിക്കാന്‍ ശേഷിയുള്ള നൂറുകണക്കിന് ചെറിയ ബോട്ടുകള്‍ ഇറാന്‍ ഇപ്പോഴും കൈവശം വെച്ചിരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കടലിടുക്കില്‍ എത്ര മൈനുകള്‍ ഉണ്ടെന്നോ അവയുടെ നിലവിലെ കൃത്യമായ സ്ഥാനം ഇപ്പോഴും അവ്യക്തമായി തുടരുന്നത് ആഗോള ഷിപ്പിംഗ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Content Summary: Strait of Hormuz crisis: Iran struggles to clear naval mines amid Middle East tensions
This post was last modified on April 11, 2026 10:43 am
Leave a Comment