ഓണം അടുത്തെത്തിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഴിയോരക്കച്ചവടക്കാർ. ഓണക്കാലം ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് അവർക്കാണ്. എന്നാൽ എല്ലാ ഓണസമയത്തും അത്തത്തിന് മുൻപ് തന്നെ സജീവമാകുന്ന വിപണി ഇപ്പോൾ തീരെ മോശമായി തുടരുകയാണ്. നിർത്താതെ പെയ്യുന്ന കാലവർഷമാണ് അതിനുള്ള പ്രധാന കാരണം. ഓണക്കാലമെത്താൻ ദിവസമെണ്ണി കാത്തിരുന്ന വഴിയോരക്കച്ചവടക്കാർക്ക് തിരിച്ചടിയെന്നോണമാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.
കൊറോണയും വെള്ളപ്പൊക്കവും ഓണവിപണിയെ എങ്ങനെയാണോ തകർത്തത് അതേ അവസ്ഥയാണ് ഇത്തവണത്തെ ഓണക്കാലത്തും അനുഭവപ്പെടുന്നതെന്ന് കാക്കനാട് വഴിയോര കച്ചവടം നടത്തുന്ന കോമളം അഴിമുഖത്തോട് പറഞ്ഞു. പൂക്കച്ചവടക്കാരെയും പച്ചക്കറി വിൽപ്പനക്കാരെയുമാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും കോമളം അഴിമുഖത്തോട് സംസാരിച്ചപ്പോൾ പറഞ്ഞു.
‘ലോട്ടറിയാണ് പ്രധാനമായും ഞാൻ കച്ചവടം ചെയ്യുന്നത്. അതിനോടൊപ്പം കരിക്കിൻ വെള്ളവും അങ്ങനെ ചില സാധനങ്ങൾ കൂടി വിൽക്കുന്നുണ്ടെന്ന് മാത്രം. ഞങ്ങളുടെ അവസ്ഥ പറയുകയാണെങ്കിൽ വളരെ പ്രയാസകരമാണ്. ദൈന്യംദിന ജീവിതം ഓരോ ദിവസം കഴിയുന്തോറും ബുദ്ധിമുട്ടേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഓണക്കാലത്ത് മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പൂക്കച്ചവടത്തെയാണ്. നിരവധി പേരാണ് ഓണമാകുമ്പോൾ പൂക്കളുമായി റോഡിന്റെ അരികിലും മറ്റും പൂക്കൾ വിൽക്കാനായെത്തുന്നത്. എന്നാൽ മഴ കാരണം പൂക്കൾ വിൽക്കാൻ കഴിയാതെ പോവുകയാണ്. മഴയായത് കൊണ്ട് തന്നെ പൂക്കൾ പെട്ടെന്ന് മോശമായി പോവുകയും ചെയ്യുന്നു. പിന്നീടുള്ളത് പച്ചക്കറി കച്ചവടക്കാരാണ്. ഓണക്കാലത്ത് ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്നത് അവർക്കാണ്. എന്നാൽ ഈ ഓണക്കാലത്ത് അതും കുറഞ്ഞ നിലയിലാണ് കാണുന്നത്. മറ്റുള്ള കച്ചവടക്കാരെ അപേക്ഷിച്ച് നോക്കുമ്പോൾ പച്ചക്കറി കച്ചവടക്കാർക്ക് താരതമ്യേന കച്ചവടം ലഭിക്കുന്നുണ്ടെന്ന് പറയാം.
ഞങ്ങൾക്ക് ആകെയുള്ള ജീവിതമാർഗം ഇതാണല്ലോ. അപ്പോൾ ഇതിൽ നിന്ന് ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും അത് നേരിടാൻ തയ്യാറാണ്. ആറായിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ട് രണ്ടായിരം രൂപയ്ക്ക് പോലും വിൽക്കാൻ സാധിക്കുന്നില്ല. മാത്രമല്ല, ഒരു ദിവസം ഞങ്ങൾ ലോട്ടറി ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞാൽ, അടുത്ത ദിവസം മുതൽ ഞങ്ങൾ ആവശ്യപ്പെട്ടാലും ടിക്കറ്റ് ലഭിക്കുന്നില്ല. മഴ ആയതിന് ശേഷം കടയിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവ് വന്നിട്ടുണ്ട്. വരുന്നവർ തന്നെ കൈയിൽ പണമില്ല എന്നാണ് പറയുന്നത്. വേണ്ടത്ര പണമില്ലാതെ ഓണമാഘോഷിക്കുന്ന മലയാളികളുമുണ്ടെന്ന് നമുക്ക് അപ്പോൾ മനസിലാകും.
വീട്ടിൽ ഒരു നേരത്തെ ആഹാരത്തിന് പോലും ഞാൻ ബുദ്ധിമുട്ടുകയാണ്. അത്രയ്ക്ക് മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഓണവിപണിക്കായി പുറത്ത് നിന്നെത്തുന്ന സാധനങ്ങൾക്ക് ഒരു കുറവുമില്ല. എല്ലാത്തവണത്തെയും പോലെ വലിയ അളവിൽ തന്നെയാണ് സാധനങ്ങൾ എത്തുന്നത്. എന്നാൽ എത്തുന്നവയൊന്നും വിറ്റു പോകുന്നില്ല. അതാണ് ഞങ്ങളുടെ ആശങ്ക. എത്തുന്ന സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാണ് അതാണ് നേരിടുന്ന മറ്റൊരു പ്രശ്നം. വലിയ വില കൊടുത്ത് ഹോൾസെയിലായി എടുക്കുന്ന സാധനങ്ങൾ കടകളിൽ തന്നെ ഇരുന്നുപോവുകയാണ്.
ഞങ്ങളെ പോലുള്ള ചെറുകിട കച്ചവടക്കാരുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഓണം എന്ന് പറയുന്നത്. അതും മഴ കൊണ്ട് പോയിരിക്കുകയാണ്. കൊറോണയും വെള്ളപ്പൊക്കവും ഞങ്ങളെ എത്രത്തോളം ബാധിച്ചുവോ അതുപോലെയാണ് ഇത്തവണത്തെ മഴ ഞങ്ങളുടെ ഓണക്കാലത്തെ കച്ചവടത്തെ ബാധിച്ചിരിക്കുന്നത്.
വഴിയോരങ്ങളിലിരുന്ന് വസ്ത്രങ്ങൾ വിൽക്കുന്നവരാണ് മഴ ബാധിച്ച മറ്റൊരു കൂട്ടർ. മഴ പെയ്ത് തുടങ്ങിയാൽ എത്ര കുട നിവർത്തി വെച്ച് ഇരുന്നാലും തുണികൾ മോശമാകും. പിന്നീട് അവർക്കത് വിൽക്കാൻ പോലും സാധിക്കില്ല,’ കോമളം അഴിമുഖത്തോട് പ്രതികരിച്ചു.
വഴിയോരക്കച്ചവടക്കാരുടെ ഒരു വർഷത്തെ പ്രതീക്ഷയാണ് മഴയത്ത് ഇല്ലാതായിരിക്കുതെന്ന് മുൻസിപ്പാലിറ്റി വെഡിങ്ങ് കമ്മിറ്റി അംഗവും കച്ചവടക്കാരിലൊരാളുമായ ലിജി അഴിമുഖത്തോട് പറഞ്ഞു.
ഈ ഓണക്കാലത്ത് മഴ പെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അത്തം മുതലാണ് ശരിക്കുള്ള ഓണവിപണി ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ മഴ കാരണം കച്ചവടം വളരെ മോശമാണ്. വഴിയോരക്കച്ചവടം തന്നെ നഷ്ടത്തിൽ പൊയ്ക്കോണ്ടിരിക്കുന്ന സമയമാണിത്. ഓണസമയത്താണ് എല്ലാവർക്കും അൽപ്പമെങ്കിലും സംതൃപ്തി തോന്നുന്ന കച്ചവടം ലഭിക്കുന്നത്. അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ചിലപ്പോൾ വെള്ളക്കെട്ട് കാരണം കച്ചവടം നടത്തിയിരുന്ന സ്ഥലം ഉപേക്ഷിച്ച് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വരും. ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മഴ ആയതിന് ശേഷം ഓണവിപണി തീരെ നടന്നിട്ടില്ലായെന്നാണ് കച്ചവടക്കാരെല്ലാം പറയുന്നത്. ഇനിയും നാല് ദിവസം കൂടിയുണ്ടല്ലോ, എന്താകുമെന്ന് അറിയില്ല. ഓണവിപണി ഇനിയും മോശമാകുമോയെന്ന് വരുന്ന ദിവസങ്ങളിലെ ജനത്തിരക്ക് അറിഞ്ഞ് വേണം മനസിലാക്കാൻ, ലിജി അഴിമുഖത്തോട് പറഞ്ഞു.
സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ് വഴിയോരക്കച്ചവടക്കാർക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.
Content Summary: Street vendors lost hope in onam business due to rain
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.