ഒന്നര വർഷത്തിലേറെ ഗവേഷക വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് തുക മുടങ്ങിയതിലാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അടുത്തിടെ പ്രതിക്കൂട്ടിലായത്. സർവകലാശാലയിൽ തുടർന്ന് പോരുന്ന വിദ്യാർത്ഥിവിരുദ്ധ നടപടികളും ചർച്ചയായിരുന്നു. അവയെല്ലാം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സർവകലാശാല പുറത്തിറക്കിയ സർക്കുലർ. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 9.30ക്ക് ശേഷം വിദ്യാർത്ഥികൾക്ക് കോളേജ് ഹോസ്റ്റലുകളിൽ പ്രവേശനമുണ്ടാകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ക്ലാസുകൾ കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്റൂമുകളിൽ തുടരാനും സർവകലാശാലയിൽ രാത്രിയിൽ നിൽക്കാനും അനുവാദമില്ല. ഉത്തരവ് ലംഘിച്ചാൽ രക്ഷിതാക്കളെ വിവരമറിയിക്കുമെന്നുള്ള ഭീഷണിയും സർക്കുലറിലുണ്ട്.
തീർത്തും സദാചാര ചിന്തയിലുള്ള വിദ്യാർത്ഥിവിരുദ്ധ സർക്കുലറാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതികരിച്ചു.
ഡാൻസ്, തീയറ്റർ, ഫൈൻ ആർട്സ് പോലുള്ള കോഴ്സുകൾ പഠിപ്പിക്കുന്നിടത്ത് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണം യുക്തിക്ക് നിരക്കാത്തതാണെന്ന് കാലടി സർവകലാശാലയിലെ പിജി രണ്ടാം വർഷ വിദ്യാർത്ഥി അദ്വൈത് അഴിമുഖത്തോട് പറഞ്ഞു.
’ഗവേഷക വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പഠിക്കുന്ന ഒരു ക്യാമ്പസാണിത്. മറ്റ് കലാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരതനാട്യം, തീയേറ്റർ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങൾ പാഠ്യവിഷയമായിട്ടുള്ള ഒരു ക്യാമ്പസ്. ഫൈൻ ആർട്സിലെ തന്നെ പെയിന്റിങ്ങ് പോലുള്ള വ്യത്യസ്തമായ കോഴ്സുകളും ഇവിടുണ്ട്. എല്ലാ അക്കാഡമിക് കോഴ്സുകളെയും കാണുന്ന തരത്തിൽ ഈ വിഷയങ്ങളെ നമുക്ക് സമീപിക്കാനാകില്ല. സാധാരണ ഒരു ക്യാമ്പസിലെ ക്ലാസുകളുടെ ദൈർഘ്യം കണക്കുകൂട്ടുമ്പോൾ അത് 9. 30 മുതൽ 5 മണി വരെയാണുണ്ടാവുക. എന്നാൽ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റുകൾക്ക് ഈയൊരു സമയ ദൈർഘ്യം നമുക്ക് നൽകാനാകില്ല. തീയേറ്ററുകൾക്കായുള്ള റിഹേഴ്സലുകൾ പലപ്പോഴും നടക്കുന്നത് രാത്രിയിലാണ്. തങ്ങളുടെ ക്രിയേറ്റീവായിട്ടുള്ള സമയങ്ങൾക്കായി വിദ്യാർത്ഥികൾ മാറ്റിവെക്കുന്നത് രാത്രികാലങ്ങളാണ്. അങ്ങനെയുള്ള അവസരത്തിലാണ് കാമ്പസിന്റെയും ഹോസ്റ്റലിന്റെയും അച്ചടക്കം ഉറപ്പുവരുത്താൻ എന്ന പേരിൽ രാത്രി പുറത്തിറങ്ങരുതെന്ന നിയമം കൊണ്ടുവന്നിരിക്കുന്നത്.
കോളേജ് അധികൃതർ കൊണ്ടുവന്നിട്ടുള്ള എല്ലാ നിയമങ്ങളും വിദ്യാർത്ഥി വിരുദ്ധമായിട്ടുള്ളതാണ്. ഇവർ ഹോസ്റ്റലുകൾ പരിമിതപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല വിദ്യാർത്ഥികൾക്കും കോളേജ് ഹോസ്റ്റലുകൾ ലഭിക്കാതെ അവർക്ക് പുറത്ത് താമസിക്കേണ്ടി വരുന്നു. കുറച്ചുനാൾ കഴിയുമ്പോൾ താമസത്തിന്റെ ചെലവ് വഹിക്കാനാകാതെ വിദ്യാർത്ഥികൾ പഠനം തന്നെ ഉപേക്ഷിച്ച് പോവുകയാണ്. ഹോസ്റ്റലുകളിൽ തിങ്ങിക്കൂടിയാണ് വിദ്യാർത്ഥികൾ കഴിയുന്നത്. അവർക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനോ വായിക്കാനോ ഇടമുണ്ടായിരുന്നില്ല. അങ്ങനെയാണ് കുറേ നാളുകൾക്ക് മുൻപ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വായനാസമരം നടത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂർ ലൈബ്രറി ഉപയോഗം എന്ന ആശയം വന്നത്. ഒരുപാട് വിദ്യാർത്ഥികൾ ഈയൊരു ആശയത്തെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഗവേഷകരായിട്ടുള്ളവർ 24 മണിക്കൂർ ലൈബ്രറി ആശയം ഉപയോഗിക്കുന്നവരാണ്. അവരോട് 9.30ക്ക് ശേഷം ഹോസ്റ്റലിന് പുറത്തിറങ്ങരുത് എന്ന് പറയുന്നത് എന്ത് ബുദ്ധിശൂന്യമായ കാര്യമാണ്. ഇത് കൃത്യമായ സദാചാര ചിന്തകളിൽ നിന്ന് ഉയരുന്നവയാണ്. കോളേജിനുള്ളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതും തെറ്റായി കാണുന്ന പിന്തിരിപ്പൻ ചിന്തകളാണ് ഇതിന്റെ മൂലകാരണം.
ക്യാമ്പസുകളിലെ നൈറ്റ് ലൈഫുകളും ക്ലാസുകളുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഇങ്ങനെയൊരു സർക്കുലറുമായി എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 9.30 ക്കുള്ളിൽ ക്യാമ്പസുകളിൽ കയറാത്ത കുട്ടികളുടെ ഫോട്ടോയും പേരും വാട്സ്ആപ്പ് ഗ്രൂപ്പുകളിലിടുകയും അവരുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്യുമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത്തരം നിയമങ്ങളിറക്കി വിദ്യാർത്ഥികളെ മാനസികസംഘർഷത്തിലാക്കുകയെന്നതാണ് യൂണിവേഴ്സിറ്റിയുടെ ഉദ്ദേശം,; അദ്വൈത് അഴിമുഖത്തോട് പറഞ്ഞു.
സർവകലാശാല പുറത്തിറക്കിയ സർക്കുലർ
സർവകലാശാലയുടെ കെടുകാര്യസ്ഥതയെ മറച്ചുപിടിക്കാനാണ് പുതിയ സർക്കുലറിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനാ പ്രവർത്തകയായ ഒരു ഗവേഷക വിദ്യാർത്ഥി അഴിമുഖത്തോട് പ്രതികരിച്ചു.
‘എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഒരു സർവകലാശാലയിലാണ് വിദ്യാർത്ഥികൾക്ക് മേൽ ഇത്തരത്തിലുള്ള യുക്തിയില്ലാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. പുറത്ത് നിന്നുള്ള ഒരുപാട് പേർ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയ ഉദ്ദേശങ്ങളോടെ തന്നെയാണ് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കുന്നതും. അതിനെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളുന്നതിന് പകരം വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുക എന്ന മാർഗമാണ് സർവകലാശാല തിരഞ്ഞെടുത്തിരിക്കുന്നത്. സെക്യൂരിറ്റി സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെടുത്തുക, പ്രധാന കവാടങ്ങളിൽ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളല്ലേ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി ചെയ്യേണ്ടത്.
അഞ്ച് മണിക്ക് ശേഷം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ ക്ലാസ്റൂമുകൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് സർക്കുലറിൽ എഴുതിയിരിക്കുന്നത്. സംഘടനാപ്രവർത്തനങ്ങളും മറ്റും നടത്തുന്നതും സംഘടിപ്പിക്കുന്നതും രാത്രി കാലങ്ങളിലാണ്. സംഘടനാസ്വാതന്ത്ര്യമുള്ള ഒരു ക്യാമ്പസിൽ എങ്ങനെയാണ് ഈ നിയമങ്ങൾ പ്രാവർത്തികമാവുക എന്നതും ചിന്തിക്കേണ്ട കാര്യമാണ്. ഫിലിം ക്ലബ്ബുകളിൽ സിനിമകളുടെ പ്രദർശനം നടക്കുന്നതും രാത്രിയിലാണ്. വിദ്യാർത്ഥികൾ മാത്രമല്ല രാത്രി കാലങ്ങളിൽ ക്യാമ്പസുകളിൽ ചിലവഴിക്കുന്നത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചാണ് ഇവിടെയെത്താറുള്ളത്. അങ്ങനെയുള്ള അവസരത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമായി ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതെങ്ങനെയാണ്? സർവകലാശാല പറയുന്നതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ വിദ്യാർത്ഥികൾ മാത്രമാണോ ലഹരി ഉപയോഗിക്കുന്നത്? ഇത്രയും നാൾ ഇല്ലാതിരുന്ന കാര്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് അത് ഉൾക്കൊള്ളാനാകുന്നത്.
ഉത്തരവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം
ഹോസ്റ്റൽ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ച കോളേജിന്റെ നടപടിയെന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല. മറ്റൊന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കാണ്. മറ്റ് യൂണിവേഴ്സിറ്റികളിൽ നാൽപ്പത് വരെ ഗ്രേസ് മാർക്ക് കൊടുക്കുന്ന സാഹചര്യത്തിൽ നമുക്ക് ലഭിക്കുന്നത് 12 മാർക്കാണ്. വിദ്യാർത്ഥികൾക്ക് ഉദകുന്ന തരത്തിൽ യാതൊരുവിധ തീരുമാനങ്ങളുമെടുക്കാതെ അവരുടെ അവകാശങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഈ ഉത്തരലിവൂടെ ശ്രമിക്കുന്നത്. ലൈബ്രറിയിൽ പുതിയ പുസ്തകങ്ങൾ വേണമെന്നുള്ള ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഗവേഷണങ്ങൾക്ക് അത്യാവശ്യമായ ജേണൽ സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ല. മെസ് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒട്ടും ഗുണനിലവാരമില്ലാത്ത സർട്ടിഫിക്കറ്റാണ് കോഴ്‌സ് കഴിഞ്ഞുപോകുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇവയൊന്നും സർവകലാശാല പരിശോധിക്കാൻ പോലും തയ്യാറായിട്ടില്ല, ഗവേഷക വിദ്യാർത്ഥി അഴിമുഖത്തോട് പറഞ്ഞു.
സർവകലാശാലയുടെ സദാചാര ചിന്തകളാണ് കൊണ്ടുവന്ന നിയമത്തിലൂടെ വ്യക്തമാകുന്നതെന്നും ഇത് ഉൾക്കൊള്ളാനാകില്ലെന്നും ക്വീർ ആക്ടിവിസ്റ്റും ഗവേഷക വിദ്യാർത്ഥിയുമായ ആദി അഴിമുഖത്തോട് പറഞ്ഞു.
‘കഴിഞ്ഞ കുറച്ചുകാലങ്ങളായി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സർലകലാശാല സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഫെല്ലോഷിപ്പിന്റെ കാര്യം തന്നെ നമ്മൾ കണ്ടതാണ്. ഒന്നരവർഷത്തോളമാണ് ഞാൻ അടക്കമുള്ള ഗവേഷകവിദ്യാർത്ഥികൾ ഫെല്ലോഷിപ്പിനായി കാത്തിരുന്നത്. ലഹരി ഉപയോഗത്തിനെ ചെറുക്കാനുള്ള മാർഗം എന്ന നിലയിലാണ് ആദ്യമായി സർക്കുലർ വരുന്നത്. പിന്നീടാണ് ഫീസ് വർദ്ധനവിനെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതികരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് മേൽ ഒരു ബോണ്ടിങ്ങ് സമ്പ്രദായം യൂണിവേഴ്സിറ്റി ഏർപ്പെടുത്തുന്നുണ്ട്. യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ വാങ്ങിയ ശേഷം ഏതെങ്കി്ലും ഘട്ടത്തിൽ കോഴ്സ് ഉപേക്ഷിച്ച് പോകേണ്ടി വന്നാൽ പലിശ സഹിതം വാങ്ങിയ ഫെല്ലോഷിപ്പ് തുക യൂണിവേഴ്സിറ്റിക്ക് തിരിച്ച് നൽകണമെന്നാണ് വ്യവസ്ഥ. മറ്റ് സർവകലാശലഖലിലൊന്നും ഇല്ലാത്ത നിയമമാണിത്. ഇതിനെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
ഇതിനെക്കുറിച്ച് പഠിക്കാനായി കെ. എസ് അരുൺകുമാർ അധ്യക്ഷനായ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയിൽ വിദ്യാർത്ഥി പ്രതിനിധികളാരും തന്നെ ഉണ്ടായിരുന്നില്ല. ആ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിൽ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളൊന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഹോസ്റ്റലിന്റെ സമയക്രമവും വിദ്യാർത്ഥികൾക്ക് മേലുള്ള നിയന്ത്രണവുമാണ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. സർവകലാശാല എന്നത് 24 മണിക്കൂറും അക്കാദമിക് അന്തരീക്ഷം നിലനിർത്തുന്ന ഒരു ഇടമാണ്. മുതിർന്ന, പ്രായപൂർത്തിയായിട്ടുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും രാത്രി ക്യാമ്പസിനുള്ളില്ല എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന സർവകലാശാലയുടെ സദാചാര ചിന്തകളിൽ നിന്ന് വന്നതാണ് ഈ സർക്കുലർ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വസ്തുതപരമായ ഒരു കാര്യവും ഇല്ലാതെയാണ് ഇവർ ഈ യുക്തിയില്ലാത്ത നിയമം കൊണ്ടുവന്നിരിക്കുന്നത്. പെൺകുട്ടികളുടെ മേലുള്ള നിയന്ത്രണങ്ങളാണ് പ്രധാനമായും അവർ ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് പോലും ഇതിനെതിരെ പ്രതികരണമൊന്നും വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം,’ ആദി അഴിമുഖത്തോട് പറഞ്ഞു.
കാലടി സർവകലാശാലയിൽ നിന്ന് ഒരു വർഷത്തിലേറെയായി ഫെല്ലോഷിപ്പ് തുക മുടങ്ങിയ ഗവേഷക വിദ്യാർത്ഥികൾക്ക് അനുകൂലമായി കേരള ഹൈക്കോടതി കഴിഞ്ഞ മാസം അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു.Students protest against curfew circular issued by Kalady Sree Sankaracharya Sanskrit university
Content Summary: Students protest against curfew circular issued by Kalady Sree Sankaracharya Sanskrit university
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.