UPDATES

കെ എം സലിം കുമാർ

കാഴ്ചപ്പാട്

കെ എം സലിം കുമാർ

ഉപ സംവരണം നീതിനിഷേധമല്ല, തുല്യ നീതിയാണ്

പട്ടികജാതിക്കാരും പട്ടിക വർഗക്കാരും ജാതി സമൂഹങ്ങളാണ്

                       

ഇന്ത്യ സജാതീയമായ (Homogenies) ഒരു സമൂഹമാണെന്നും ജാതി വ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമാണെന്നുമുള്ളത് ആർഎസ്എസ്-സംഘപരിവാർ നിലപാടാണ്. sub-Classification Of Scheduled Castes

ഇന്ന് പട്ടികജാതിക്കാർ മാത്രമല്ല, പട്ടി വർഗ്ഗക്കാരും ജാതി വ്യവസ്ഥയുടെ ഭാഗമാണ്. ചിലർ തെറ്റിദ്ധരിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പട്ടികജാതിക്കാരും പട്ടിക വർഗക്കാരും സജാതീയ സമൂഹങ്ങളല്ല. ജാതി സമൂഹങ്ങളാണ്. ജാതി ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അസമത്വമെന്നല്ല തരം തിരിക്കപ്പെട്ട അസമത്വമെന്നാണ് അംബേദ്കർ അതിനെ വിശേഷിപ്പിച്ചത്. അസമത്വത്തിനുള്ളിലല്ല, തരം തിരിക്കപ്പെട്ട അസമത്വത്തിനുള്ളിലാണ് സംവരണം രൂപം കൊണ്ടത്.

രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ താരതമ്യേന സമാനമായ സാമൂഹ്യ ഗ്രൂപ്പുകളെയാണ് എസ് സി / എസ് ടി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും ലഭ്യമായ സംവരണത്തിന്റെ ഗുണഫലം ലിസ്റ്റിലുള്ളവർക്ക് തുല്യമായി അനുഭവിക്കാൻ കഴിഞ്ഞില്ലയെന്നത് ഒരു സമൂഹ്യ യാഥാർത്ഥ്യമാണ്. സാമൂഹ്യവും സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ അന്തരങ്ങൾ അത്രമേൽ എസ് സി / എസ് ടി ലിസ്റ്റിലുള്ളവർക്കിടയിലുണ്ട്. ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് അനിവാര്യമായ ജാതി സെൻസസിലേക്കും അതിന്റെ അടിസ്ഥാനത്തിൽ സംവരണ നയത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കുമാണ്.

രാഷ്ട്രപതിയെയും സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെയും രാഷ്ട്രത്തിന് സംഭാവന ചെയ്ത പട്ടികജാതി സമൂഹങ്ങൾ കേരളത്തിലുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എംഎൽഎമാരും, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമെല്ലാം വളർന്നു വന്ന സമൂഹങ്ങൾ. ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ അക്ഷരത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയും സ്വന്തമായി കോളേജുകൾ സ്ഥാപിക്കുകയും ഐഎഎസ്‌കാരെയും ഐപിഎസുകാരെയും സൃഷ്ടിക്കുകയും ചെയ്യുന്ന സമൂഹങ്ങളെ പട്ടികവർഗക്കാർക്കിടയിലും കാണാം. ഈ നേട്ടത്തിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോഴും ഇത്തരമൊരു വളർച്ച സ്വപ്‌നം കാണാൻ പോലും കഴിയാത്ത നിരവധി സമൂഹങ്ങൾ രണ്ട് ലിസ്റ്റിലുമുണ്ട് എന്ന യഥാർത്ഥ്യത്തെ കാണാതിരിക്കാനാവില്ല.

ബിഹാറിലെയും ഉത്തർപ്രദേശിലെയും മുസഹാറുകളും ബിഹാറിലെ പാസികളും തമ്മിലും ഉത്തർപ്രദേശിലെ ചമാറുകളും തമ്മിലും , മഹാരാഷ്ട്രയിലെ ബാംബിസുകളും മാഗ്കളും തമ്മിലും പഞ്ചാബിലെ ചമാറുകളും മസാബികളും തമ്മിലും, ബംഗാളിലെ നാമശൂദ്രനും ബാഗ്ദി സുകളും തമ്മിലുമുള്ള അന്തരം മറ്റ് സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാർക്കിടയിലും കാണാമെന്നതു പോലെ ഛത്തീസ്ഗഢിലെ ഹൽബാകളും ബായ്ഗകളും തമ്മിലും ജാർഖണ്ഡിലെ ഒറാഗോണകളും മാൽപഹാരിയകളും തമ്മിലും രാജസ്ഥാനിലെ മീണകളും ഗരാസികളും തമ്മിലും ഒഡീഷയിലെ ഒറാഗോണുകളും ഭുവിയകളും തമ്മിലുമുള്ള അന്തരം മറ്റ് സംസ്ഥാനങ്ങളിലെ പട്ടിക വർഗക്കാർക്കിടയിലും കാണാം. ഈ അന്തരം എസ് സി / എസ് ടി വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യനീതിയുടെ നിഷേധമാണ്. അത് ഉറപ്പു വരുത്തുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണ്. പട്ടിക ജാതി പട്ടിക വർഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന 2024 ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബഞ്ചിന്റെ വിധി പട്ടിക ജാതി-പട്ടിക വർഗ ലിസ്റ്റുകളിൽ നിഷേധിക്കപ്പെട്ട തുല്യനീതിയുടെ പുനഃസ്ഥാപനമാണ്.

ഈ വിധി ഭരണഘടന വിരുദ്ധമാണെന്നും സജാതീയ സമൂഹങ്ങളെ വിഘടിപ്പിക്കുന്നതാണെന്നും കരുതുന്നവർ കാണാതെ പോകുന്നത് പട്ടികജാതി-പട്ടികവർഗ സംവരണം നിശ്ചിത സമൂഹങ്ങളിൽ തുല്യമായി പങ്കിട്ടു നൽകുന്നതിൽ ഇന്ത്യൻ റിപ്പബ്ലിക് പരാജയപ്പെട്ടുവെന്ന യാഥാർത്ഥ്യമാണ്. തത്വത്തിൽ അത് അംഗീകരിക്കുകയും മറി കടക്കുന്നതിനുള്ള മാർഗം ചൂണ്ടിക്കാട്ടുകയുമാണ് സുപ്രിം കോടതി ചെയ്തത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ നിന്ന് ഉയർന്നു വന്ന സാമൂഹ്യ-രാഷ്ട്രീയ ചിന്തകരും പ്രസ്ഥാനങ്ങളും എന്തുകൊണ്ട് ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ലായെന്നത് ആത്മവിമർശനപരമായി നോക്കി കാണേണ്ടതുണ്ട്. കാരണം സ്വാതന്ത്ര്യബോധത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും അഭാവം അവിടെ കാണാം. ഈ വിധി നടപ്പിലാക്കപ്പെടുന്നില്ലെങ്കിൽ പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ ഇപ്പോൾ തന്നെ വളർന്നു കഴിഞ്ഞിരിക്കുന്ന അന്തരം വർദ്ധിക്കുകയും അത് ദേശവ്യാപകമായ സംഘർഷങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുമെന്നത് നിസ്തർക്കമായൊരു കാര്യമാണ്.

ചരിത്രപരമായ ഈ വിധിയോടൊപ്പം ഏഴംഗ ബഞ്ചിലെ നാല് ജഡ്ജിമാർ ജാതി സംവരണത്തിനെതിരേ നടത്തിയ കയ്യേറ്റമാണ് പട്ടികജാതി-പട്ടികവർഗക്കാർക്കും ക്രിമിലിയർ ബാധകമാക്കുവാനുള്ള നിർദേശം 1992 ൽ ഒബിസി സംവരണത്തിൽ ക്രിമിലയർ ഏർപ്പെടുത്തിയ സുപ്രിം കോടതി എസ് സി/ എസ് ടി വിഭാഗങ്ങലെ അതിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും 2006-ൽ അവരിലേക്കു കൂടി ക്രിമിലയർ വ്യാപിപ്പിക്കുവാനുള്ള ശ്രമം സുപ്രിം കോടതിയിൽ നിന്നു തന്നെയുണ്ടായി. പരാജയപ്പെടുത്തപ്പെട്ട ആ ശ്രമം ആവർത്തിക്കുകയാണ് സുപ്രിം കോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്. ജാതി സംവരണമില്ലാത്ത ഇന്ത്യയിലേക്ക് സുപ്രിം കോടതിയിലൂടെ തുറക്കുന്ന വാതിലാണിത്. അതുകൊണ്ടാണ് ഏഴര പതിറ്റാണ്ടായിട്ടും എസ് സി/ എസ് ടി സംവരണം പൂർണമായി നടപ്പിലാക്കാൻ കഴിയാതെ പോയതും, രണ്ടര പതിറ്റാണ്ടായിട്ടും ഒബിസി സംവരണം പകുതി പോലും നടപ്പിലാക്കാൻ കഴിയാതെ പോയതും. നരേന്ദ്ര മോദി സർക്കാർ എസ് സി / എസ് ടി സംവരണത്തിൽ ക്രിമിലയർ ഏർപ്പെടുത്തുന്നതിന് ഏതിരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാതിസംവരണമില്ലാത്ത ഇന്ത്യയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന കാര്യം മറക്കരുത്. sub-Classification Of Scheduled Castes

Content summary; Sub-Classification Of Scheduled Castes For Reservation

Share on

മറ്റുവാര്‍ത്തകള്‍