June 13, 2026 |
Share on

ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് വരെ അതിഥികളായ സഹാറ ഷഹര്‍

സുബ്രത റോയിയുടെ ആഢംബര സമുച്ചയം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സഹാറ ഷഹര്‍; 170 ഏക്കറില്‍ പടര്‍ന്നു കിടന്നൊരു സമുച്ചയം, അതില്‍ കൊട്ടാര സമാനമായൊരു വസതിയുണ്ടായിരുന്നു, ആഢംബര ഗസ്റ്റ് ഹൗസുകളും ഹെലിപ്പാഡും, പെട്രോള്‍ പമ്പും, തിയേറ്ററുകളും ഓഡിറ്റോറിയങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു കാലത്ത് അവിടുത്തെ അതിഥികള്‍ സിനിമ താരങ്ങളും കായിക താരങ്ങളും ബിസിനസുകാരും പ്രമുഖ രാഷ്ട്രീയ നേതാക്കളുമൊക്കെയായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച്ച തിങ്കളാഴ്ച ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എല്‍എംസി) ആ കെട്ടിട സമുച്ചയം സീല്‍ ചെയ്ത് സര്‍ക്കാരിലേക്ക് ഔദ്യോഗികമായി ഏറ്റെടുത്തു. അതിനുണ്ടായിരുന്ന ആറ് പ്രവേശന ഗേറ്റുകളും അടച്ചു പൂട്ടി.

സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയിയുടെതായിരുന്നു അതിന്റെ ഉടമ. 1995ല്‍, ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന മുലായം സിംഗ് യാദവ് സര്‍ക്കാര്‍ സഹാറ ഇന്ത്യ കൊമേഴ്സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലായിരുന്നു സുബ്രത റോയ് ഈ ആഢംബര സമുച്ചയം നിര്‍മിച്ചിരുന്നത്. കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് ആരോപിച്ച്, സ്ഥലം ഒഴിയാന്‍ എല്‍എംസി നേരത്തെ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഗോമതി നഗറിലെ വിപുല്‍ ഖണ്ഡ് പ്രദേശത്താണ് സഹാറയുടെ ഈ സമുച്ചയം. വര്‍ഷങ്ങളോളം ലഖ്നൗകാര്‍ക്ക് അതൊരു കൗതുകമായിരുന്നു. അവര്‍ക്കൊരിക്കലും അതിന്റെ അകത്ത് എന്താണെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ആ ആഢംബര കെട്ടിട സമുച്ചയങ്ങളുടെ വാതിലുകള്‍ തുറന്നിരുന്നത് സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വമ്പന്‍ വ്യവസായികള്‍ക്കും കായികരംഗത്തെ താരങ്ങള്‍ക്കും മാത്രമായിരുന്നു. അകത്തു പ്രവേശിക്കാനും പുറത്തേക്കിറങ്ങാനുള്ള കൂറ്റന്‍ കവാടങ്ങള്‍ക്ക് അപ്പുറത്തേക്ക് നാട്ടുകാരുടെ കാഴ്ച്ചകള്‍ തടസപ്പെട്ടിരുന്നു. ഭാരത് മാതാവ് എന്ന സങ്കല്‍പ്പത്തിലുള്ള പ്രതിമയും മുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ‘സഹാറ ഇന്ത്യ പരിവാര്‍’ എന്ന ബോര്‍ഡും ആയിരുന്നു ലഖ്‌നൗക്കാര്‍ക്കു പറയാനുള്ള അടയാളങ്ങള്‍.

ഒരുകാലത്ത് ഇവിടം താരനിബിഡവുമായ പരിപാടികളുടെ പ്രധാന വേദിയായിരുന്നു. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളായിരുന്നു അതിഥികള്‍. സമുച്ചയം മൊത്തം ചുറ്റിക്കാണിക്കാന്‍ അവര്‍ക്കായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജ്ജീകരിച്ചിരുന്നു.

സഹാറ ഷഹര്‍ കണ്ട ഏറ്റവും വലിയ ആഢംബര ആഘോഷങ്ങളില്‍ എടുത്തു പറയേണ്ടത് 2004 ല്‍ നടന്ന സുബ്രതയുടെ മക്കളായ സുശാന്തോയുടെയും സീമന്റോയുടെയും ഒരാഴ്ച്ച നീണ്ട നിന്ന വിവാഹാഘോഷങ്ങളായിരുന്നു.

ആഘോഷങ്ങളുടെ കേന്ദ്രം മാത്രമായിരുന്നില്ല അവിടം. ഒരുകാലത്ത് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ ആസ്ഥാനം കൂടിയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുലായം സിംഗ് യാദവ്, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരൊക്കെ റോയിയുടെ അതിഥി പട്ടികയില്‍ ഉണ്ടായിരുന്നവരാണ്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും സഹാറ ഷഹറില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നാണ് വിവരം.

2014 ല്‍ സുബ്രത റോയിയുടെ അറസ്‌റ്റോടെയാണ് എല്ലാം തകര്‍ന്നു തുടങ്ങിയത്. നിക്ഷേപക തട്ടിപ്പിന്റെ പേരില്‍ സെബി റോയിക്കെതിരേ കുറ്റം ചുമത്തിയതിനു പിന്നാലെ അദ്ദേഹം തടവറയിലടയ്ക്കപ്പെട്ടു. അതോടെ കുടുംബം വിദേശത്തേക്കു പോയി. ദീര്‍ഘകാലം അവിടെയായിരുന്നു. എല്ലാം നഷ്ടപ്പെട്ട റോയി 2023 നവംബര്‍ 14 ന് അന്തരിച്ചു.

സഹാറ ഷഹര്‍ ഉള്‍പ്പെടെയുള്ള ചില സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുമതി തേടി സഹാറ ഇന്ത്യ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഭൂമി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും പാട്ടത്തിനെടുത്തതാണെന്നും ചൂണ്ടിക്കാട്ടി എല്‍എംസി ഇടപെട്ടു. പാട്ടക്കാരാര്‍ ലംഘനം കമ്പനി നടത്തിയതായി എംഎല്‍സി നിയോഗിച്ച കമ്മിറ്റി കണ്ടെത്തുകയും അവരുടെ നിര്‍ദേശ പ്രകാരം സഹാറ ഷഹര്‍ ഏറ്റെടുക്കുകയുമാണ് ഉണ്ടായിരിക്കുന്നത്.


Content Summary; Subrata Roy’s Sahara Shahar sealed and taken over by Lucknow civic body. Sahara India Pariwar. Uttar Pradesh

Leave a Reply

Your email address will not be published. Required fields are marked *

×