UPDATES

ട്രെന്‍ഡിങ്ങ്

സുധീപ് ബന്ദോപാധ്യായയുടെ അറസ്റ്റ്: ബംഗാളില്‍ ബിജെപി തുറക്കുന്ന പുതിയ പോര്‍മുഖം

ഇതിനെല്ലാമിടയില്‍ 34 വര്‍ഷം തുടര്‍ച്ചയായി ബംഗാളിന്‌റെ ഭരണത്തിന് നേതൃത്വം നല്‍കിയ സിപിഎം ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.

                       

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സുധീപ് ബന്ദോപാധ്യായയെ   റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത് അഴിമതി കേസുമായി ബന്ധപ്പെട്ട സാധാരണ നടപടി ക്രമമല്ലന്നും, ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്‌റെ ഭാഗമാണെന്നതും വ്യക്തം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടന്നാക്രമണം നടത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ്. ഇപ്പോള്‍ മോദിക്കും ബിജെപിക്കുമെതിരെ ഉയരുന്ന ഏറ്റവും ശക്തമായ പ്രതിപക്ഷ ശബ്ദം മമത ബാനര്‍ജിയുടേതാണ്. ഈ സാഹചര്യത്തില്‍ വേണം സിബിഐയെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ കാണാന്‍. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു തൃണമൂല്‍ എംപി തപസ് പാലിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

നോട്ട് നിരോധനത്തിന് ശേഷം തൃണമൂല്‍ നിരോധനമാണ് മോദിയുടെ മോഹമെന്നാണ് മമത പറയുന്നത്. സുധീപ് ബന്ദോപാധ്യായെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാരില്‍ നിന്ന് സിബിഐയ്ക്ക് വ്യക്തമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. അഭിഷേക് ബാനര്‍ജി. ഫിര്‍ഹാദ് ഹക്കീം, സോവന്‍ ചാറ്റര്‍ജി, സുബേന്ദു അധികാരി, മൊളോയ് ഘട്ടക് തുടങ്ങിയ നേതാക്കളേയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടെന്ന് തൃണമൂല്‍ ആരോപിക്കുന്നു. പാര്‍ട്ടി എംപിമാരുടെ യോഗം വിളിച്ച് കൂട്ടിയ മമത, പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലും ന്യൂഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സുധീപിനെയല്ല, അദാനി ഗ്രൂപ്പ് അടക്കമുള്ളവയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി വാങ്ങുന്ന മോദിയും അമിത് ഷായുമാണ് രാജി വയ്‌ക്കേണ്ടതെന്ന് മമത പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പത്തെ കേസ് സിബിഐ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. സുധീപിന്‌റെ ഭാര്യ നൈന ബാനര്‍ജി അടക്കമുള്ളവര്‍ സിബിഐക്കെതിരെ ഗൂഡാലോചന ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും സുധീപ് ബന്ദോപാധ്യായ മൗനം പാലിച്ചതായാണ് സിബിഐ പറയുന്നത്. റോസ് വാലി ഗ്രൂപ്പിന്‌റെ യോഗത്തില്‍ എന്തിന് പങ്കെടുത്തു എന്നതിനും വിദേശയാത്രകള്‍ ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് സിബിഐ പറയുന്നു. പാര്‍ലമെന്‌റിന്‌റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ സുധീപിന് റോസ് വാലിയെ കുറിച്ച് അറിയാമെന്നിരിക്കെ അവരുടെ യോഗത്തില്‍ എന്തിന് പങ്കെടുത്തു എന്നതായിരുന്നു ചോദ്യം. സുധീപിന്‌റെ ഗള്‍ഫ്, അമേരിക്കന്‍ സന്ദര്‍ശനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് റോസ വാലി ആണെന്നാണ് സിബിഐ പറയുന്നത്.

17,000 കോടി രൂപയുടെ തട്ടിപ്പ് റോസ് വാലി ചിട്ടിയുമായി ബന്ധപ്പെട്ട്   നടന്നതായാണ് ആരോപണം. മധ്യകൊല്‍ക്കത്തയില്‍ ഒരു ഹോട്ടല്‍ ഇടപാടില്‍ വഴിവിട്ട ഇടപെടല്‍ നടത്തി കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും സിബിഐ അന്വേഷിക്കുന്നുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് അടക്കമുള്ള കേസുകളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന് ഇടയിലാണ് റോസ് വാലി രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നത്.

അതേസമയം പടിപടിയായി ബംഗാളിലെ പ്രധാന പ്രതിപക്ഷമാവാനും ബംഗാള്‍ പിടിക്കാനുമുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം തന്നെയാണിത്. കൊല്‍ക്കത്തയില്‍ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ബിജെപി – തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതിനെല്ലാമിടയില്‍ 34 വര്‍ഷം തുടര്‍ച്ചയായി ബംഗാളിന്‌റെ ഭരണത്തിന് നേതൃത്വം നല്‍കിയ സിപിഎം ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. സിപിഎമ്മിന്‌റെ ശബ്ദം വളരെ ദുര്‍ബലമായിരിക്കുന്നു. കൊല്‍ക്കത്തയില്‍ ചില പ്രതിഷേധ യോഗങ്ങളും പരിപാടികളുമെല്ലാം സിപിഎം സംഘടിപ്പിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ അഴിമതി സംബന്ധിച്ച വിമര്‍ശനമെല്ലാം നടത്തിയെങ്കിലും സര്‍ക്കാരിനെതിരെ വാക്കുകള്‍ കൊണ്ട് അല്ലെങ്കില്‍ പ്രസ്താവന കൊണ്ട് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദം ബിജെപിയുടേതാണെന്നതാണ് യാഥാര്‍ത്ഥ്യം.

2013 ഏപ്രിലില്‍ സംസ്ഥാനത്തുടനീളം സിപിഎമ്മിന്‌റെ ആയിരക്കണക്കിന് പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആ സമയത്ത് സിപിഎം ആയിരുന്നു ബിജെപിയുടെ മുഖ്യശത്രു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ഭീഷണിയായി തൃണമൂല്‍ കാണുന്നത് ബിജെപിയെയാണ്. കോണ്‍ഗ്രസ് വീണ്ടും തൃണമൂലുമായി അടുക്കുന്ന സൂചനകളും നല്‍കുന്നുണ്ട്. സുധീപ് ബന്ദോപാധ്യായ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമുള്ള പ്രതികരണങ്ങളില്‍ തൃണമൂലിനോടുള്ള ഐക്യദാര്‍ഢ്യം കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം മമത ബാനര്‍ജി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം – കോണ്‍ഗ്രസ് സഖ്യം മമതയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ടും ഇരു പാര്‍ട്ടികളുടേയും അതിജീവനത്തിന്‌റേയും ഭാഗമായി രൂപപ്പെട്ടതാണ്. എന്നാല്‍ ഇത് ദയനീയമായി പരാജയപ്പെട്ടു. തൃണമൂല്‍ – ബിജെപി സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‌റെ ശബ്ദവും ദുര്‍ബലമായിട്ടുണ്ട്.

സിപിഎം ഭീഷണിയല്ല എന്ന വിലയിരുത്തലില്‍ തന്നെയാണ് മുമ്പൊരിക്കലും ഇല്ലാത്ത വിധം ഒരു ദേശീയ പ്രശ്‌നത്തില്‍ സിപിഎമ്മിന്‌റയും മറ്റ് ഇടത് പാര്‍ട്ടികളുടേയും പിന്തുണ നോട്ട് വിഷയത്തില്‍ മമത തേടിയത്. കോണ്‍ഗ്രസുമായി അടുക്കുകയും സിപിഎം വലിയ ഭീഷണിയല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മമത മുഖ്യശത്രുവമായി കാണുന്നത് ബിജെപിയെയാണ്. ഈ സാഹചപര്യത്തിലാണ് ദേശീയതലത്തിലും ബിജെപിക്കും മോദിക്കുമെതിരെ ആക്രമണം ശക്തമാക്കി മമത മുന്നോട്ട് പോകുന്നത്. അതേസമയം ദേശീയതലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഒഴികെയുള്ളവരുടെ പിന്തുണ കാര്യമായി മമതയ്ക്കില്ല. അടിയ്ക്ക് തിരിച്ചടി നല്‍കും എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‌റ് ദിലീപ് ഘോഷ് പറഞ്ഞത്. തൃണൂല്‍ – ബിജെപി സംഘര്‍ഷവും മോദി – മമത പോരും ബംഗാളിലും ദേശീയ തലത്തിലും ശക്തമാവുകയാണ്. ഇതില്‍ തീ കോരിയിടുന്നതാണ് സുധീപ് ബന്ദോപാധ്യായുടെ അറസ്റ്റ് എന്ന കാര്യത്തില്‍ സംശയമില്ല.

Share on

മറ്റുവാര്‍ത്തകള്‍