സഞ്ജയ് കപൂറിന്റെ 30,000 കോടി; വില്‍പ്പത്രം വ്യാജമോ?

ഗുരുതര ആരോപണങ്ങളുമായി സഹോദരി

പ്രമുഖ വ്യവസായിയായിരുന്ന സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തിന്മേല്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. രണ്ടാനമ്മയായ പ്രിയ സച്ച്‌ദേവ് കപൂര്‍ തങ്ങളെ വില്‍പ്പത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് മുന്‍ ഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെ മക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ പുറംലോകത്തേക്കെത്തിയത്.

ആരായിരുന്നു സഞ്ജയ് കപൂര്‍

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ ഘടക നിര്‍മ്മാതാക്കളിലൊന്നായ സോണ കോംസ്റ്റാറിന്റെ തലവനായിരുന്ന സഞ്ജയ് കപൂറിന് മൂന്ന് വിവാഹങ്ങളിലായി മൂന്ന് മക്കളാണുള്ളത്. ബോളിവുഡ് നടി കരിഷ്മ കപൂറുമായുള്ള ബന്ധത്തില്‍ സമായിറ, കിയാന്‍ എന്നീ രണ്ട് മക്കളും, മൂന്നാമത്തെ ഭാര്യ പ്രിയ സച്ച്‌ദേവിലുള്ള അസേറിയസ് എന്ന ആറ് വയസ്സുകാരനും. എന്നാല്‍ ഇവര്‍ക്കിടയിലെ സ്വത്ത് തര്‍ക്കമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 2025 ജൂണ്‍ 12 നാണ് ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുഞ്ജയ് കപൂര്‍ മരിച്ചത്.

സഞ്ജയ് കപൂറിന്റെ ബിസിനസ് പാരമ്പര്യം ആര്‍ക്ക്?

സഞ്ജയ് കപൂറിന്റെ മക്കളില്‍ ആരും തന്നെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് അവകാശിയാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, സോണ കോംസ്റ്റാറിന്റെ നിലവിലുള്ള ബോര്‍ഡ് ഭരണം നടത്തുന്നതിനോടൊപ്പം സഞ്ജയ്യുടെ സഹോദരിമാര്‍ക്ക് കമ്പനിയില്‍ മാനേജ്‌മെന്റ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ.കോം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഫോര്‍ബ്‌സിന്റെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, സഞ്ജയ് കപൂറിന്റെ മരണസമയത്തെ ആസ്തി 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,300 കോടി രൂപ) ആയിരുന്നു. നിയമമനുസരിച്ച് അദ്ദേഹത്തിന്റെ സ്വത്തിന്റെയും ആസ്തിയുടെയും അവകാശം ഭാര്യയായ പ്രിയ സച്ച്‌ദേവിനാണ് ലഭിക്കേണ്ടത്.

കരിഷ്മ കപൂറിന്റെ മക്കള്‍ക്ക് സ്വത്തിനവകാശമില്ലേ?

കരിഷ്മ കപൂറുമായുള്ള വിവാഹമോചന സമയത്ത് സഞ്ജയ് മക്കളായ സമായിറക്കും കിയാനും 14 കോടി രൂപയുടെ ബോണ്ടുകള്‍ നല്‍കിയിരുന്നു. ഇതില്‍ നിന്ന് 10 ലക്ഷം രൂപ പലിശയായും ലഭിച്ചിരുന്നു. കൂടാതെ, സഞ്ജയ് കപൂറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു വീടിന്റെ അവകാശവും കരിഷ്മയ്ക്ക് ലഭിക്കുകയും ചെയ്തു. 2003-ലാണ് കരിഷ്മ കപൂര്‍ ഡല്‍ഹി വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. എന്നാല്‍, ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2016 ല്‍ ഇവര്‍ വിവാഹമോചിതരായി.

കോടതിയെ സമീപിക്കാന്‍ കാരണം

സഞ്ജയ് കപൂറിന്റെ സ്വത്തില്‍ ഓഹരി ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ 20 വയസ്സുള്ള സമായിറയും 14 വയസ്സുള്ള കിയാനും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടാനമ്മ പ്രിയ സച്ച്‌ദേവ് വില്‍പത്രം തിരുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ അച്ഛന്‍ തയ്യാറാക്കിയെന്ന് പറയപ്പെടുന്ന വില്‍പ്പത്രം നിയമപരവും സാധുതയുള്ളതുമായ ഒരു രേഖയല്ലെന്നും, അത് വ്യാജമാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

ഇതിനാലാണ് തങ്ങള്‍ക്ക് വില്‍പ്പത്രത്തിന്റെ യഥാര്‍ത്ഥ രേഖയോ അതിന്റെ പകര്‍പ്പോ കാണാന്‍ സാധിക്കാത്തതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതിനാല്‍, രേഖയുടെ പകര്‍പ്പ് നല്‍കണമെന്ന് ഇരുവരും കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ പ്രിയ സച്ച്‌ദേവ് വില്‍പ്പത്രം നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ, സഞ്ജയ് കപൂര്‍ മരിച്ചതിന് പിന്നാലെ പ്രിയ കപൂര്‍ ഒരു വില്‍പ്പത്രവും ഇല്ലെന്ന് പറയുകയും സഞ്ജയ് കപൂറിന്റെ എല്ലാ സ്വത്തുക്കളും ആര്‍.കെ. ഫാമിലി ട്രസ്റ്റിന്റെ കീഴിലാണെന്ന് വാദിക്കുകയും ചെയ്തതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ പിന്നീട് 2025 മാര്‍ച്ച് 21-ന് ഒരു രേഖ അവര്‍ ഹാജരാക്കുകയും അതിനെ വില്‍പ്പത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്തായും ചൂണ്ടിക്കാട്ടുന്നു.

പ്രിയ കപൂറിനും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇരുവരും രാജോക്രിയിലുള്ള കുടുംബത്തിന്റെ ഫാം ഹൗസിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് പുറമെ സഞ്ജയ് കപൂറിന്റെ അമ്മയാണ് കേസിലെ മൂന്നാം പ്രതി. അവരും ഇതേ വസതിയിലാണ് താമസിക്കുന്നത്. നാലാം പ്രതി, തര്‍ക്കത്തിലുള്ള വില്‍പത്രത്തിന്റെ കാര്യനിര്‍വ്വാഹകയാണെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സ്ത്രീയാണ്.

അതേസമയം, സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപൂറും ചില ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ”എന്റെ അമ്മയെ അടച്ചിട്ട മുറിയില്‍ വെച്ച് നിര്‍ബന്ധിച്ച് ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു. ഇത് ഒരു തവണയല്ല, രണ്ട് തവണ സംഭവിച്ചു. എന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അവര്‍ വാതിലുകള്‍ പൂട്ടിയിരുന്നു. ദുഃഖത്തിലായിരുന്ന എന്റെ അമ്മ താന്‍ എന്താണ് ഒപ്പിട്ടതെന്ന് പോലും അറിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ യാതൊരു മറുപടിയും നല്‍കിയില്ല,” അവര്‍ ദേശീയ മാധ്യമമായ റിപ്പബ്ലിക്കിനോട് പ്രതികരിച്ചു.

ജൂണ്‍ 19 ന് ലോധി ശ്മശാനത്തില്‍ നടന്ന അന്ത്യകര്‍മത്തില്‍ സഞ്ജയ് കപൂറിന്റെ ചിതയ്ക്ക് തീ കൊളുത്തിയത് മകനായിരുന്നു. പിന്നീട് ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകളുടെയടക്കം നിയന്ത്രണം പ്രിയ കപൂര്‍ ഏറ്റെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.Sunjay Kapur’s ₹30,000 crore property dispute case; is the will fake?

Content Summary: Sunjay Kapur’s ₹30,000 crore property dispute case; is the will fake?

This post was last modified on September 10, 2025 6:12 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment