ആന്റോയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി; സുധാകരന്റെ വിശ്വസ്തന്‍ തന്നെ പിന്‍ഗാമി

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍

നേതൃമാറ്റ സൂചനകള്‍ പുറത്ത് വന്നതുമുതല്‍ കെപിസിസിയെ ആര് നയിക്കുമെന്ന ചോദ്യമായിരുന്നു ഉയര്‍ന്ന് കേട്ടത്. കെ സുധാകരന്റെ പകരക്കാരനാരാകുമെന്ന ചോദ്യത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട പേരുകള്‍ റോജി എം ജോണ്‍, ബെന്നി ബെഹ്നാന്‍, ആന്റോ ആന്റണി എന്നിവരുടേതായിരുന്നു. എന്നാല്‍ ആ പേരുകളെയെല്ലാം മാറ്റിമറിച്ച് കൊണ്ടാണ് അഡ്വ. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന സുധാകരന്റെ പ്രതികരണത്തിനിടെയാണ് സണ്ണി ജോസഫിനെ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. സുധാകരന്റെ മാറ്റത്തോട് പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്പര്യവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് സുധാകരനെ അനുകൂലിച്ച് പല സ്ഥലത്തും ഉയര്‍ന്നുവന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കെ സുധാകരന്‍ നേതൃസ്ഥാനത്ത് തുടരണമെന്ന് തന്നെയായിരുന്നു പോസ്റ്റില്‍. കെ സുധാകരന്‍ നേതൃസ്ഥാനത്ത് നിന്ന് മാറില്ലെന്ന നിലപാട് സ്വീകരിച്ചത് എഐസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ സുധാകരന്‍ തയ്യാറായതോടെ 73 കാരനായ സണ്ണി ജോസഫ് പിന്‍ഗാമിയാകുകയായിരുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ കേട്ട പേരായിരുന്നു ആന്റോ ആന്റണിയുടേത്. ഏവര്‍ക്കും സുപരിചിതന്‍ കൂടിയായ ആന്റോ തന്നെയാകുമെന്നായിരുന്നു പാര്‍ട്ടിക്കകത്തും സംസാരം. എന്നാല്‍ അപ്രതീക്ഷിതമായാണ് സണ്ണി ജോസഫ് കെപിസിസി യുടെ തലപ്പത്തേക്ക് എത്തിയത്.

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍ എത്തിയിരിക്കുന്നത്. 2004 ല്‍ പിപി തങ്കച്ചന്‍ കെപിസിസിയുടെ അധ്യക്ഷനായതില്‍ പിന്നെ ഇപ്പോഴാണ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുമൊരാള്‍ തലപ്പത്തേക്ക് എത്തുന്നത്. കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലെ കത്തോലിക്ക സഭയും ക്രൈസ്തവാംഗം അധ്യക്ഷനാകണമെന്ന ആവശ്യവുമായി രംഗത്തുവന്നു. കെഎം മാണി, ഉമ്മന്‍ചാണ്ടി, എകെ ആന്റണി ഇവരുടെയെല്ലാം കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കളുടെ സാന്നിധ്യം കുറഞ്ഞതില്‍ കത്തോലിക്കാ സഭയും അത്യപ്തി തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു പരിഗണിച്ചാണ് സണ്ണി ജോസഫ് നേതൃസ്ഥാനത്ത് എത്തിയത്. ഇതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കെ സുധാകരന്റെ പകരക്കാരനായാണ് കണ്ണൂരിലെ കോണ്‍ഗ്രസിനിടയില്‍ സണ്ണി ജോസഫ് അറിയപ്പെടുന്നത്. 2001 ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ മാറിയപ്പോള്‍ പകരക്കാരനായത് സണ്ണി ജോസഫായിരുന്നു. ഇപ്പോഴിതാ കെപിസിസിയെ നയിക്കാനും കെ സുധാകരന്റെ പകരക്കാരനായി എത്തിയിരിക്കുകയാണ് സണ്ണി ജോസഫ്. ക്രൈസ്തവ സഭയില്‍ നിന്നുള്ള ആള്‍ വേണം കെപിസിസി പ്രസിഡന്റ് ആകേണ്ടതെന്ന പ്രസ്താവന വന്നത് മുതല്‍ കെ സുധാകരനും താല്പര്യം സണ്ണി ജോസഫ് തന്നെയായിരുന്നു. സുധാകരന് പുറമെ വിഡി സതീശനും പ്രിയപ്പെട്ടവനാണ് സണ്ണി ജോസഫ്.

ഇടുക്കി തൊടുപുഴ വടക്കേക്കുന്നേല്‍ ജോസഫ്- റോസക്കുട്ടി ദമ്പതികളുടെ മകനായി 1952 ആഗസ്റ്റ് 18 നാണ് ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിരുദ പഠനത്തിന് ശേഷം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. വിദ്യാഭ്യാസ കാലഘട്ടം മുതലേ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം നിന്നയാളാണ്. 2011 മുതല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കണ്ണൂരിലെ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് സണ്ണി ജോസഫ്. കൂടാതെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെപിസിസി അംഗം, നിര്‍വാഹക സമിതിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അധ്യക്ഷന്മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ അധ്യക്ഷ സ്ഥാനത്തേക്കും പുതിയ ആളെ ഹൈക്കമാന്റ് പരിഗണിച്ചത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു നേതൃമാറ്റത്തിന് കോണ്‍ഗ്രസ് കേരളഘടകം തയ്യാറായത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. പുതിയ സംസ്ഥാന നേതൃത്വവുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം നേതൃമാറ്റം പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയ്ക്ക് കാരണമായതായാണ് സൂചന. ഫോട്ടോ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകുന്ന ആളായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ് എന്ന കെ മുരളീധരന്റെ മുനവച്ച പ്രസ്താവനയും പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ സുധാകരനോടുള്ള തുറന്ന പിന്തുണയും ഈ അതൃപ്തി വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും സുധാകരന്‍ തുടരണമെന്ന് തന്നെയായിരുന്നു. വരാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കണമെന്നത് ദേശീയ നേതൃത്വത്തിന്റെ കൂടി തീരുമാനമായിരുന്നു.

Content Summary: sunny joseph becomes kpcc president; aim to strengthen christian support

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment