ആദ്യ പ്രാദേശിക സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്ക്ക്ഷോർ
കേരളത്തിലെ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റൽ. മൂന്ന് വർഷമാണ് വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റലുമായി സൂപ്പർ ലീഗ് കേരളയുടെ കരാർ. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉടമ്പടി കരാറിന്റെ ഒപ്പ് വെക്കൽ വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്നു. ഈ ഉടമ്പടി പ്രകാരം വിപിഎസ് ലേക്ക്ക്ഷോർ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും സാങ്കേതിക പ്രവർത്തകർക്കും മറ്റുള്ളവർക്കും സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും.
സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന 45 ദിവസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആറ് ടീമുകൾ പങ്കെടുക്കുണ്ട്. തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, തൃശൂർ റോർ എഫ്.സി, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, കണ്ണൂർ സ്ക്വാഡ് എഫ്.സി എന്നിവരാണ് ടീമുകൾ.
സൂപ്പർ ലീഗ് കേരള അരങ്ങേറുന്ന കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരിയിലെ സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ വിപിഎസ് ലേക്ക്ക്ഷോർ മെഡിക്കൽ ടീമിനെ വിന്യസിക്കും. ഓരോ വേദിയിലും അത്യാധുനിക ആംബുലൻസുകളും അലേർട്ട് മെഡിക്കൽ പ്രൊഫഷണലുകളും ഉൾപ്പെടെ അത്യാധുനിക അടിയന്തര സൗകര്യങ്ങളും സജ്ജീകരിക്കും.
കേരളത്തിലെ സുപ്രധാനപ്പെട്ട ഒരു അന്തർദേശീയ ടൂർണമെന്റിന്റെ ഭാഗമാകാനും യുവാക്കളും കഴിവുറ്റവരുമായ ഫുട്ബോൾ കളിക്കാരുടെ ആരോഗ്യവും അവരുടെ മികച്ച പ്രകടനങ്ങളെ പരിപോഷിപ്പിക്കാനും ലഭ്യമായ ഈ അവസരം അതിന്റെ പൂർണ്ണതയിൽ പ്രവർത്തികമാക്കുമെന്നും കളിക്കാരുടെ കായികനിലവാരം മെച്ചപ്പെടുത്തുന്നതിനും ലോകോത്തര മെഡിക്കൽ പരിചരണം നൽകുന്നതിനും ഈ സഹകരണം സഹായകമാകുമെന്നും ധാരണ പത്രത്തിൽ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
സൂപ്പർ ലീഗ് കേരളയുമായി സഹകരിച്ച് ദേശീയ കായിക ഭൂപടത്തിൽ ഒരു പ്രമുഖ സ്ഥാനം ഉറപ്പിക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിപിഎസ് ഹെൽത്ത്‌കെയറിലെ സ്‌പോർട്‌സ് ആൻഡ് വെൽനസ് മേധാവി വിനയ് മേനോൻ പറഞ്ഞു. മികച്ച നിലവാരം ഉറപ്പാക്കും. കളിക്കളത്തിലും പുറത്തും മാനസികമായും ശാരീരികമായും വിജയിക്കാൻ കളിക്കാരെ സഹായിക്കുന്നതിന് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഫുട്ബോൾ ലോകത്തിന് അന്തർദേശീയ നിലവാരത്തിലുള്ള അവസരങ്ങൾ തുറക്കുന്നതിനുള്ള വേദിയായാണ് സൂപ്പർ ലീഗ് കേരള വിഭാവനം ചെയ്തിട്ടുള്ളത്. നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും മികച്ച സംഘടിത കായിക ഇനങ്ങളിൽ ഒന്നായി ഫുട്ബോളിനെ മാറ്റുന്നതിനും ഈ ടൂർണമെന്റ് സഹായിക്കും. ടൂർണമെന്റിന്റെ ആരോഗ്യപങ്കാളിയായി വിപിഎസ് ലേക്ക്ക്ഷോർ ഹോസ്പിറ്റൽ എത്തുന്നത് ഈ ലക്‌ഷ്യം നേടുന്നതിന് സഹായിക്കുമെന്ന് സൂപ്പർ ലീഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.
സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ്, വിപിഎസ് ചെയർമാൻ ഷംസീർ വയലിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
content summary : vps Lakeshore Hospital to provide health and safety for Super League Kerala