June 04, 2026 |

അധികാരഭ്രാന്തിന്റെ അപകടകരമായ മനോവ്യാപാരങ്ങള്‍

ഇറാന്റെ പരമോന്നത നേതാവാകാന്‍ ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണശേഷം, ഇറാനിലെ ജനങ്ങള്‍ തന്നെ അവരുടെ അടുത്ത പരമോന്നത നേതാവാക്കാന്‍ ആഗ്രഹിച്ചുവെന്നും, എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും ഡൊണാള്‍ഡ് ട്രംപ് ഒരു റിപ്പബ്ലിക്കന്‍ ധനസമാഹരണ പരിപാടിയില്‍ അവകാശപ്പെട്ടപ്പോള്‍, ലോകം ഒരു നിമിഷം നിശ്ശബ്ദമായി. ഇത് ഒരു തമാശയായിരുന്നോ, അതോ ഒരു വന്‍ ശക്തി നേതാവിന് മനോനില തെറ്റുന്ന സൂചനയാണോ ?

ട്രംപ് ഇത് കൊണ്ടും നിര്‍ത്തിയില്ല. തന്റെ അനുമതിയില്ലാതെ നിയമിതനാകുന്ന ഏതൊരു ഇറാനിയന്‍ നേതാവും ‘അധികകാലം നിലനില്‍ക്കില്ല’ എന്ന മുന്നറിയിപ്പും നല്‍കി. പുതിയ നേതാവ് മൊജ്തബ ഖമേനിയെ ‘ഒരു ലൈറ്റ്വെയ്റ്റ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ‘നേതാവാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ചത്തുപോകും’ എന്ന ഭീഷണിയും മുഴക്കി. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രസിഡന്റ് മറ്റൊരു പരമാധികാര രാഷ്ട്രത്തിന്റെ നേതൃത്വം തീരുമാനിക്കുമെന്ന ഈ ഭീഷണി, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും ലംഘിക്കുന്നതാണ്.

ഇറാനുമായി ബന്ധപ്പെട്ട പ്രസ്താവന ഒറ്റപ്പെട്ട ഒന്നല്ല. 2024 മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ ഒരു തുടര്‍ക്കഥയായി തുടരുകയാണ്. കുടിയേറ്റക്കാര്‍ ‘രക്തത്തെ മലിനമാക്കുന്നു’ എന്ന വംശീയമായ പരാമര്‍ശം, സ്പ്രിങ്ഫീല്‍ഡിലെ ഹെയ്തിയന്‍ കുടിയേറ്റക്കാര്‍ ‘അയല്‍ക്കാരുടെ വളര്‍ത്തുമൃഗങ്ങളെ തിന്നുന്നു’ എന്ന വ്യാജ ആരോപണം, ബൈഡന്‍ ഭരണകൂടം ‘എലികളെ ട്രാന്‍സ്ജെന്‍ഡറാക്കാന്‍’ എട്ട് ദശലക്ഷം ഡോളര്‍ ചെലവഴിച്ചുവെന്ന അസംബന്ധ അവകാശവാദം,ഇവയെല്ലാം ഇതേ സിന്‍ഡ്രോമിന്റെ ഭാഗമാണ്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ‘ദ പര്‍ജ്’ സിനിമ പോലെ ഒരു ദിവസത്തെ അക്രമം അനുവദിക്കണമെന്ന നിര്‍ദേശവും, തന്നെ ‘രാജാവ്’ (king) എന്ന് സ്വയം വിശേഷിപ്പിക്കലും ഇതേ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാം.

ട്രംപിന്റെ പെരുമാറ്റം നിരീക്ഷിക്കുന്ന മാനസികാരോഗ്യ വിദഗ്ധര്‍ ഗൗരവമായ ആശങ്കകളാണ് പ്രകടിപ്പിക്കുന്നത്. മനശ്ശാസ്ത്രജ്ഞന്‍ ജോണ്‍ ഗാര്‍ട്ണര്‍ ട്രംപിനെ ‘മാലിഗ്‌നന്റ് നാര്‍സിസിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. നാര്‍സിസിസം, സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം, പാരനോയിയ, സാഡിസം എന്നിവയുടെ സംയോജനമാണിത്. ന്യൂറോ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ജോര്‍ജ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ (FTD) ലക്ഷണങ്ങള്‍ ട്രംപിന്നുണ്ടെന്നാണ്. മിസൈലുകള്‍ക്ക് പകരം ‘മിഷിസ്’എന്നും ക്രിസ്മസിന് പകരം ‘ക്രിഷസ്’എന്നും പറഞത്, ഓഫീസ് യോഗങ്ങളില്‍ ഉറങ്ങിപ്പോകല്‍, പൊതുവേദികളില്‍ വരുന്നതില്‍നിന്നും പലപ്പോഴും വിട്ട് നില്‍ക്കുന്നതുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നു. സാമൂഹിക നിയമങ്ങള്‍ അവഗണിക്കല്‍, അപകടകരമായ പെരുമാറ്റം, സംസാരിക്കുമ്പോള്‍ ഭാഷാ പിഴവുകള്‍ സംഭവിക്കുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

രണ്ട് മാസം മുമ്പ് പുറത്ത് വന്ന റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേ പ്രകാരം, അറുപത് ശതമാനത്തിലധികം അമേരിക്കക്കാരും പറയുന്നത് ട്രംപ് അസ്വാഭാവികമായാണ് പെരുമാറുന്നതെന്നാണ്.

ഇങ്ങിനെ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പ്രസിഡണ്ടാണ് ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയുടെ നയം നിര്‍ണയിക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് തള്ളി വിട്ട ഈ നയം, അപകടകരമായ ഒരു ചൂതാട്ടമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ട്രംപിന്റെ മരുമകളുമായ മേരി എല്‍. ട്രംപ് തന്റെ പുസ്തകമായ ”എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകരമായ മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു”(‘Too Much and Never Enough: How My Family Created the World’s Most Dangerous Man’) എന്ന കൃതിയില്‍, ട്രംപിന്റെ വ്യക്തിത്വ വികാസത്തിന്റെ ഇരുണ്ട വശങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. പിതാവ് ഫ്രെഡ് ട്രംപ് സീനിയറിന്റെ ക്രൂരമായ വളര്‍ത്തലില്‍, ഡൊണാള്‍ഡിന്റെ വൈകാരിക വളര്‍ച്ച മുരടിച്ചുപോയെന്നും, സഹാനുഭൂതി തന്നെ ഇല്ലാതായെന്നും മേരി പുസ്തകത്തില്‍ പറയുന്നുണ്ട്. SAT പരീക്ഷ മറ്റൊരാളെക്കൊണ്ട് എഴുതിച്ചു എന്ന ഗുരുതരമായ ആരോപണവും, കുടുംബത്തിന്റെ സാമ്പത്തിക തട്ടിപ്പുകളും ഈ പുസ്തകത്തില്‍ അവര്‍ തുറന്ന് കാട്ടുന്നുണ്ട് .

ട്രംപ് വിമര്‍ശന പുസ്തകങ്ങളുടെ ഒരു പ്രത്യേക വിഭാഗം തന്നെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ കൃതികള്‍ എല്ലാം വരച്ച് കാട്ടുന്നത് ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യം നേരിടുന്ന ഭീഷണിയുടെ ചിത്രങ്ങളാണ്.

ഇറാന്റെ പരമോന്നത നേതാവാകാന്‍ ക്ഷണിക്കപ്പെട്ടുവെന്ന തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ നിരന്തരം ഉയര്‍ത്തുന്ന ഒരാളുടെ കൈകളിലാണ് ലോകത്തിലെ ഏറ്റവും ശക്തമായ ആണവായുധ ശേഖരത്തിന്റെ നിയന്ത്രണമെന്നത് ലോകത്തെ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

Content Summary: The ‘Supreme Leader’ invitation claim and Donald Trump’s obsession with power.

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×