ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാളത്തിന് ഏറെ സന്തോഷം നല്‍കുന്നത് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ സുരഭിയാണ്. സുരഭിയുടെ അവാര്‍ഡിന്റെ ആദ്യ പ്രത്യേകത മലയാളം ദേശീയതലത്തില്‍ ഇങ്ങനെയൊരു അവാര്‍ഡ് സ്വന്തമാക്കുന്നത് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്നതാണ്. 2003-ല്‍ പാഠം ഒന്നു ഒരു വിലാപത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മീര ജാസ്മിന്‍ ആണ് സുരഭിയുടെ മുന്‍ഗാമി. 14 വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണ്. ഈ കൊല്ലങ്ങള്‍ക്കിടയില്‍ എത്ര സിനിമകള്‍ മലയാളത്തില്‍ ഇറങ്ങി! ഒടുവില്‍ ആ കാത്തിരിപ്പ് സുരഭി അവസാനിപ്പിക്കുമ്പോള്‍ അതിന്റെ മറ്റൊരു പ്രത്യേകത ടെലിവിഷന്‍ സ്‌ക്രീനിലൂടെ മലയാളികള്‍ക്കു പരിചിതയായ ഒരു നടി ദേശീയ സിനിമ പുരസ്‌കാരം നേടുന്നു എന്നതാണ്.
മുഖ്യധാര നായികയായോ അഭിനേത്രിയായോ സുരഭിയെ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. കാരണം, അതിനുള്ള അവസരം സുരഭിക്കു കിട്ടിയിരുന്നുമില്ല. മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എം18 മൂസ എന്ന ഹാസ്യ സീരിയലിലെ പാത്തൂസ് എന്ന കഥാപാത്രത്തിലൂടെയാണ് സുരഭി പ്രേക്ഷകാര്‍ക്ക് അടുപ്പക്കാരിയായതും. ഒരുപക്ഷേ ഇപ്പോള്‍ ദേശീയ അവാര്‍ഡ് നേടിയ വേളയിലും പ്രേക്ഷകരുടെ മനസിലേക്ക് സുരഭിയുടെ മുഖം തെളിഞ്ഞു വരുന്നതും പാത്തുമ്മയായിട്ടാണ്.

ഇനി നമുക്ക് പാത്തുമ്മയില്‍ നിന്നും സുരഭിയെ മോചിപ്പിക്കാം, കാരണം അവര്‍ ആ കഥാപാത്രത്തില്‍ നിന്നും ഏറെ വളര്‍ന്നിരിക്കുന്നു. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്, സുരഭി, മിന്നാമിനുങ്ങ് എന്ന സിനിമയെ ഒറ്റയ്ക്ക് തന്റെ തോളിലേറ്റിയെന്നാണ്. ഒരു സിനിമ അതിലെ സ്ത്രീ കഥാപാത്രത്തിന്റെ പേരില്‍ പരാമര്‍ശിക്കപ്പെടുന്നത്, അതും ദേശീയ പുരസ്‌കാരവേളയില്‍; സുരഭി നേടുന്ന പ്രാധാന്യം ആ തരത്തിലൊക്കെയാണു നാം ചര്‍ച്ച ചെയ്യേണ്ടത്.
സുരഭിയുടെ നേട്ടത്തിന്റെ മറ്റൊരു പ്രാധാന്യം കൂടി പറയാം, ഇങ്ങനെയൊരു പുരസ്‌കാരം സുരഭിയെ തേടിയെത്തിയതില്‍ അത്ഭുതമുണ്ടാകാം, പക്ഷേ അവരുടെ അഭിനയചരിത്രം അറിയുന്നവര്‍ക്ക് അതിലൊരിക്കലും അവിശ്വസനീയത തോന്നില്ല. നാടകപാരമ്പര്യമുള്ള അഭിനേത്രിയാണു സുരഭി. സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കരം ഉള്‍പ്പെടെ നാടകരംഗത്ത് സുരഭി തന്നെ എന്നേ അടയാളപ്പെടുത്തിയിരുന്നു. ഒരുപക്ഷേ നാടകം എന്ന ഡ്രോബായ്ക്കാണോ സുരഭിയെ സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നെത്താന്‍ തടസമായത് എന്നും അറിയില്ല.

ഇനിയവര്‍ ദേശീയ പുരസ്‌കാരം നേടിയ നടിയാണ്. അതൊരു ബഹുമതി തന്നെയാണ്. ഏതൊരു അഭിനേത്രിയും ആഗ്രഹിക്കുന്ന ബഹുമതി. പക്ഷേ പുരസ്‌കാരങ്ങള്‍ കിട്ടുന്നതുകൊണ്ടു മാത്രം ഒരു അഭിനേതാവും വളരുന്നില്ല. അതിനുവേണ്ടത് പ്രോത്സാഹനമാണ്. മലയാള സിനിമ സുരഭിയുടെ നേട്ടത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതും അതുതന്നെയാണ്…