March 26, 2025 |

ബിജെപി കേരളത്തിലേക്ക് തിരികെ വിളിക്കുന്ന ജാതിവ്യവസ്ഥ

സുരേഷ്ഗോപിയും വർഗീയ പരാമർശങ്ങളും

പൊതുവേദിയിൽ പലപ്പോഴായി സുരേഷ്​ഗോപി നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. ആദിവാസി വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ഉന്നതകുല ജാതനായ ഒരാളായിരിക്കണമെന്ന സുരേഷ്​ഗോപിയുടെ പരാമർശവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ട്രൈബൽമന്ത്രി ആവണമെന്നത് തന്റെ ആ​ഗ്രഹമാണ്. ഉന്നതകുലജാതരിൽ ഒരാൾ ട്രൈബൽമന്ത്രിയാവണം എന്നാലെ അവരുടെ കാര്യത്തിൽ ഒരു ഉന്നമതി ഉണ്ടാകൂവെന്നും ഇത്തരം രാഷ്ട്രീയ മാറ്റങ്ങളാണ് താൻ ആ​ഗ്രഹിക്കുന്നതെന്നുമായിരുന്നു വിവാദ പരാമർശത്തിന്റെ പൂർണ്ണരൂപം. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ്​ഗോപി ഈ വിവാദ പരാമ‌‍‍ർശം നടത്തുന്നത്. കൈവിട്ട് പോയന്നെറിഞ്ഞപ്പോൾ ചാഞ്ചാടിയും മാറ്റി പറഞ്ഞും വിവാദങ്ങളിൽ നിന്ന് വഴുതിമാറാനുള്ള ശ്രമങ്ങൾ നന്നായി തന്നെ കേന്ദ്രമന്ത്രി നടത്തുന്നുണ്ട്.
പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി പല നേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്.

”സുരേഷ് ഗോപിയുടെ പരാമർശം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപി. ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്”. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിഷയത്തിൽ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്രതലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ഉൾപ്പെടെ ബിജെപിയുടെ നേതാക്കളെല്ലാം തന്നെ പലപ്പോഴായി പല വിഷയങ്ങളിലും വർ​ഗീയ പരാമർശങ്ങളും വിദ്വേഷ പ്രചരണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഈ വർ​ഗീയ പ്രചരണരീതി വേരോടാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.

വഖഫ് വിഷയത്തിലും മുമ്പ് സുരേഷ്​ഗോപി വർ​ഗീയപരാമർശം നടത്തിയിരുന്നു. 2024 നവംബ‌‍ർ 9ന് വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോ​ഗത്തിലാണ് സുരേഷ്​ഗോപി വഖഫിനെ അധി​ഷേപിച്ച് പ്രസം​ഗിച്ചത്. മുനമ്പത്തേത് നാലക്ഷരമുള്ള കിരാതമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. പേര് താൻ പറയില്ലെന്നും ഭാരതത്തിൽ ആ കിരാതം ഒതുക്കിയിരിക്കുമെന്നും സുരേഷ്​ഗോപി കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ​ഗോപാലകൃഷ്ണനും ഇതേ വേദിയിൽ വഖഫ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയിരുന്നു. പതിനെട്ടാംപടിയ്ക്ക് താഴെയിരിക്കുന്ന വാവര് താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരമല വഖഫിന്റേതവുമെന്നായിരുന്നു ​ഗോപാലകൃഷ്ണന്റെ പരാമർശം. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങി പോകേണ്ടിവരുമെന്നും വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതെയിരിക്കണമെങ്കിൽ ബിജെപിയ്ക്ക് വോട്ട്ചെയ്യണമെന്ന് ബി ​ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് സുരേഷ്​ഗോപി മുമ്പ് പറയുകയുണ്ടായി തിരുവനന്തപുരത്തെ യോ​ഗക്ഷേമസഭ സമ്മേളനത്തിലായിരുന്നു അന്നത്തെ വിവാദ പരാമർശം. പുനർജന്മത്തിൽ വിശ്വസിക്കുന്നആളാണ് താനെന്നും മരിച്ച് മണ്ണടിഞ്ഞ് ചാരമായതിനുശേഷം അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ അവിശ്വാസികളുടെ സർവ നാശത്തിനായി പ്രാർഥിക്കുമെന്ന്‌ 2023ൽ നടന്ന ഒരു ശിവരാത്രി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞതും ചർച്ച ചെയ്യപ്പെട്ടിരുന്നു.

ജാതിവ്യവസ്ഥയുടെ ഭാ​ഗമായി മണ്ണിൽകുഴി കുത്തി പണിക്കാ‍ർക്ക് ഭക്ഷണം നൽകിയിരുന്ന പഴയകാലത്തെക്കുറിച്ച് നൊസ്റ്റാൾജിയയോടെ ഓർക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ മുമ്പ് വിവാദമായിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലാണ് കൃഷ്ണകുമാറിന്റെ ജാതീയത തുറന്ന് കാട്ടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഞങ്ങൾ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കാലത്ത് പറമ്പെല്ലാം വൃത്തിയാക്കാൻ ആളുകൾ വരും അവർ രാവിലെ വരുമ്പോൾ ഒരു കട്ടൻചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാവുമ്പോൾ ഇവർക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും.പണിയെടുത്ത പറമ്പിൽ തന്നെ കുഴിയെടുത്ത് അതിൽ വട്ടയില വയ്ക്കും അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പണിക്കാർ കഞ്ഞികുടിക്കുന്നത് ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം.

2019ൽ ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ ഇസ്ലാം മത വിശ്വാസികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയ്ക്കെതിരെയും പ്രതിഷേധം ശക്തമായിരുന്നു ഇസ്ലാമാണ് എങ്കിൽ ചില അടയാളങ്ങളുണ്ടല്ലോ.. ഡ്രസ്സൊക്കെ മാറ്റി നോക്കിയാൽ അല്ലേ അറിയാൻ പറ്റൂ എന്നാണ് അന്ന് ശ്രീധരൻ പിളള പറഞ്ഞത്.

എണ്ണിയാലൊടുങ്ങാത്ത വംശീയ, വർ​ഗീയ, ജാതീയ പരാമർശങ്ങൾക്കാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ ബിജെപിയുടെ പൊതു വേദി സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഐപിസി 153എ ഒരു വ്യക്തി വാക്കാലോ എഴുത്താലോ അടയാളങ്ങളാലോ മറ്റ് ആവിഷ്കാരങ്ങളാലോ ക്രമസമാധാനം തകർക്കുകയോ ശത്രുതയുണ്ടാക്കുന്ന വികാരങ്ങൾ ഉണ്ടാക്കുകയോ വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷയുള്ള കുറ്റകൃത്യമായിട്ടും ഈ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് ഭരണപക്ഷത്തിന്റെ വക്താക്കളെന്ന ലേബൽ കൊണ്ട് തന്നെയാണ്. പലപ്പോഴായി പൊതുവേദികളിൽ വർ​ഗീയ പരാമർശങ്ങൾ ആവർത്തിക്കപ്പെടുന്നത് ഇത് ആസൂത്രിതമായത് കൊണ്ടുമാണ്.

content summary: Union Minister of State Suresh Gopi made controversy many times for his Racial reference in speech

×