ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലുള്ള വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈദികരുടെ അറസ്റ്റും വോട്ട് ചോർച്ചയും സംബന്ധിച്ച വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.
കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി കന്യാസ്ത്രീയുടെ വീട് സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുകയോ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയോ ചെയ്യാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തൃശൂരിലെത്തി ബിജെപി പ്രവർത്തകരെ കണ്ടതിന് ശേഷം കോതമംഗലത്തേക്ക് പോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വിഷയത്തിൽ ആശങ്കപ്പെടേണ്ടെന്നും കോടതിയുടെ പരിധിയിലുള്ള കേസായാതിനാൽ ഇടപെടുന്നതിൽ പരിമിധികളുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചതായി കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടികളിൽ പൂർണ പിന്തുണ അറിയിച്ചതായും കുടുംബം പറഞ്ഞു.
ഭാവിയിൽ ഒരു പ്രശ്നമുണ്ടാകാതിരിക്കാൻ കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദ് ചെയ്യുക എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അതിനൊരു പിന്തുണ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വോട്ട് ചോർച്ചയിലും കന്യാസ്ത്രീയുടെ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മൗനം പാലിക്കുകയാണ്.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസും ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ തടയുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകർ എത്തുകയും ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്.
Content Summary: Suresh Gopi visits sisiter preethi mary’s house; Silence on questions about conversion and Bajrang Dal attacks
This post was last modified on August 13, 2025 1:55 pm
Leave a Comment