നേപ്പാളിനെ ഇളക്കിമറിച്ച ജെൻ സി പ്രക്ഷോഭത്തിൽ പങ്കെടുത്ത 73 കാരിയായ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന. നേപ്പാൾ ആർമി മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുമായി കൂടിക്കാഴ്ച നടത്തി. ഇടക്കാല സർക്കാരിനെ നയിക്കാൻ സുശീല കർക്കി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സികളുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിൻറെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് സുശീലയുടെ പേര് ഉയർന്നത്.
ജനറേഷൻ ‘സീ’ പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് സൈന്യം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ രംഗത്തിറങ്ങിയത്. പ്രക്ഷോഭകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനും സമാധാനം പുനഃസ്ഥാപിക്കാനും സൈനിക മേധാവി വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾക്കൊടുവിലാണ് സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്.
പ്രതിഷേധങ്ങൾക്ക് പിന്നിലുള്ള ജെൻ സി ഗ്രൂപ്പുകളുമായും മറ്റ് വ്യക്തികളുമായും ജനറൽ സിഗ്ഡൽ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബുധനാഴ്ച പുലർച്ചെ 2 മണിയോടെ അദ്ദേഹം കർക്കിയുടെ ധപാസിയിലെ വീട്ടിലെത്തി, ഇടക്കാല സർക്കാരിനെ നയിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തി അവരായിരിക്കുമെന്ന് അറിയിച്ചത്. തുടക്കത്തിൽ ഈ പദവി ഏറ്റെടുക്കാൻ കർക്കി വിമുഖത കാണിച്ചെങ്കിലും, ജെൻ സി ഗ്രൂപ്പുകൾ ഔദ്യോഗികമായി അഭ്യർത്ഥിച്ചതിനെത്തുടർന്ന് 15 മണിക്കൂറിന് ശേഷം അവർ സമ്മതം അറിയിക്കുകയായിരുന്നു. ഇടക്കാല സർക്കാരിനെ നയിക്കാൻ പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളിൽ ഒരാളായ കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായും സുശീല കർക്കിയെ പിന്തുണച്ചു. എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനുള്ള വഴികൾ, വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തന്നെ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള സാധ്യത എന്നിവയെക്കുറിച്ച് ജനറൽ സിഗ്ഡൽ ചർച്ചയിൽ നിർദ്ദേശങ്ങൾ തേടിയതായി അറിയുന്നു.
നേപ്പാൾ സുപ്രീം കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല കർക്കി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി എന്ന നിലയിൽ അവർക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. അതിനാൽ, രാഷ്ട്രീയ നേതാക്കൾക്കെതിരായ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിഷ്പക്ഷവും കഴിവുറ്റതുമായ ഒരു വ്യക്തിയെ ഇടക്കാല സർക്കാരിന്റെ തലപ്പത്ത് എത്തിക്കുന്നതിലൂടെ സ്ഥിതിഗതികൾ ശാന്തമാക്കാമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായ സുശീല കർക്കി 2017 ജൂണിലാണ് വിരമിച്ചത്. നേപ്പാളി കോൺഗ്രസ് പാർലമെന്റ് സെക്രട്ടേറിയറ്റിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതിനെത്തുടർന്ന് അവരെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രക്ഷോഭകരുടെ പ്രതിനിധികളും സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, നേപ്പാളിൽ കർഫ്യൂ തുടരുകയാണ്. പുതിയ ഭരണഘടന തയ്യാറാക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടക്കാല സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content summary: Sushila Karki, former Chief Justice, set to lead Nepal’s interim government
Leave a Comment