Suzhal: The Vortex സീസണ്‍ 2 ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ അന്ന് മുതല്‍ മാടി വിളിച്ചിരുന്നു. 40-50 മിനുട്ട് ദൈര്‍ഘ്യമുള്ള 8 എപ്പിസോഡുകള്‍ ഭയപ്പെടുത്തി. ഈയിടെയായി സീരീസുകള്‍ കാണാന്‍ ഒരു മടിയുണ്ട്. ഒരു കുത്തിയിരുപ്പു സത്യാഗ്രഹം പോലെയുള്ള പരിപാടി ആണല്ലോ. റിവ്യൂ നോക്കി തിരഞ്ഞെടുപ്പ്- പലപ്പോഴും ഒരു ബയസ്ഡ് വ്യൂ ആണ് തരുന്നത് (ഇതൊരു ബൂമറാങ്ങ് ആണല്ലോ). ഇനിയാ സത്യം മറച്ചു വെക്കുന്നില്ല. എത്രയൊക്കെ ബുദ്ധനെ പിന്തുടര്‍ന്നാലും തകരുന്ന ചില ദിവസങ്ങള്‍ ഉണ്ടല്ലോ. അങ്ങനെ ഒന്നായിരുന്നു ഇന്നലെ. രാത്രിയായപ്പോ ‘സുഴല്‍’ ചുഴിയിലേക്കു സ്വയം ചാടി. ഇന്ന് വെളുപ്പിനാണ് കര കയറിയത്. എന്തൊക്കെ പറഞ്ഞാലും, ക്രിയേറ്റര്‍മാരായ പുഷ്‌കര്‍-ഗായത്രി കൂട്ടുകെട്ടിന് നമ്മളെ പിടിച്ചിരുത്താനുള്ള കഴിവിന് ഒരു കുറവും വന്നിട്ടില്ല. ഒറ്റയിരുപ്പില്‍ തന്നെയാണ് കണ്ടു തീര്‍ത്തത്.
കാളിപട്ടണവും, അവിടുത്തെ ആളുകളും, പ്രസിദ്ധമായ, അഷ്ടകാളി ഉത്സവവും, അതിന്റെ മിത്തും, കഥയെയും, കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്ന, ഒരു ഗ്രിപ്പിങ് ക്രൈം ത്രില്ലര്‍ ആയാണ് തമിഴ് സീരിസ് suzhal- the vertex സീസണ്‍ 2 ഒരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും കഥാഗതി മാറിമറിയുന്ന, സീസണ്‍ 1-ല്‍ അത് സെമ്പാലൂരും മായന്‍ കൊല്ലി ഉത്സവവും ആയിരുന്നു. തീര്‍ത്തും എന്‍ഗേജിങ് ആയ പ്ലോട്ടിനെ ഒന്ന് കൂടി പൊലിപ്പിച്ചു, മത്സരിച്ചു അഭിനയിച്ച തമിഴ് അഭിനേതാക്കാളായ കതിറും, ഐശ്വര്യ രാജേഷുമെല്ലാം. നെഗറ്റീവ് റിവ്യൂസിന്റെ പഴുതുകള്‍ അടച്ച സുഴല്‍, കഥയൊരുക്കിയ പുഷ്‌കര്‍-ഗായത്രിയെ വീണ്ടും പ്രസിദ്ധരാക്കി. പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ, നിരവധി പോപ്പുലര്‍ അവാര്‍ഡുകള്‍ നേടിയ തമിഴ് ഫിലിം വിക്രം-വേദയോടെ ആണ് ഈ ഫിലിം മേക്കര്‍ കപ്പിള്‍ മുന്‍നിരയില്‍ എത്തുന്നത്. ജി ബ്രമ്മ ആയിരുന്നു സുഴല്‍ സീസണ്‍ 1 സംവിധാനം ചെയ്തത്. അനുചരണ്‍ മുരുഗയ്യന്‍-അസിസ്റ്റന്റ് ഡയറക്ടര്‍. സിനിമാട്ടോഗ്രാഫിയും വേറിട്ടു നിന്നു.

സുഴല്‍ സീസണ്‍ ഒന്നും രണ്ടും താരതമ്യ പഠനത്തില്‍ സീസണ്‍ 1 ന്റെ പ്ലോട്ട് ഫ്രഷ്നെസ്സും, പിരിമുറുക്കങ്ങളും, ക്ര്യത്യമായ കഥാപാത്ര നിര്‍മിതികളും 2ല്‍ കുറവാണ്. അത് മിക്കവാറും സംഭവിക്കുന്നതാണ്. ഒന്നുകില്‍ സീരീസുകളില്‍ രണ്ടാം ഭാഗം തെളിയും. അല്ലെങ്കില്‍ പ്ലോട്ട് കൂടുതല്‍ വിപുലമാവുന്നതിന്റെ ഫലമായി വലിയും. സീസണുകള്‍ കൂടുന്നതിന് അനുസരിച്ചു ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ കാണാം. ഹ്യൂമന്‍ ട്രാഫിക്കിംഗ് പോലൊരു വലിയ കളിക്കളത്തിലേക്കു കയറുന്ന സുഴല്‍ 2 കുറച്ചു വലിയുന്നതാണ് കണ്ടത്. ചെല്ലപ്പ എന്ന അഡ്വക്കറ്റിലേക്കും, സാമൂഹ്യതിന്മകള്‍ക്ക് എതിരെയുള്ള അയാളുടെ നിയമപോരാട്ടങ്ങളിലേക്കും തിരിയുന്ന സുഴല്‍ 2, എട്ട്, നീണ്ട എപ്പിസോഡുകളിലേക്കു വളരുമ്പോള്‍ ഇടയില്‍ ഓടി കിതക്കുന്നത് സ്വാഭാവികം. പക്ഷെ, പ്രേക്ഷകശ്രദ്ധ മാറുന്നില്ല.
അഷ്ടകാളി ഉത്സവത്തിന്റെ കോണ്‍സെപ്റ്റിനു ഊന്നല്‍ കൂടുന്നത് അനുസരിച്ചു എഴുതിയ 8 കാളി സ്വരൂപങ്ങള്‍ കുറച്ചു കൂടെ മികവ് പുലര്‍ത്തണമായിരുന്നു. അല്ലെങ്കില്‍ ശക്തമാകേണ്ടിയിരുന്നു. മൊത്തത്തില്‍ ബ്രമ്മയുടെ സംവിധാനത്തില്‍ വന്ന ആദ്യത്തെ 5 എപ്പിസോഡുകളില്‍, നാലെണ്ണം നല്ല ത്രില്ലര്‍ മൂഡില്‍ ആണ് പോയത്. സര്‍ജുന്‍ സംവിധാനം ചെയ്ത മൂന്ന് എപ്പിസോഡുകളില്‍ പാളിച്ചകള്‍ ഒന്നുമില്ല. പക്ഷെ, കഥയും, കഥാപാത്രങ്ങളും ദുര്‍ബലരാവുന്നുണ്ട്. ജയില്‍ സീനുകളില്‍ പലതും നമുക്കു പരിചിതമാണ്. ബോട്ടു ജെട്ടിയും, അവിടുത്തെ മനുഷ്യരും കുറച്ചു സൂം ഔട്ട് ആവുന്നു. എങ്ങോട്ടു വണ്ടി തിരിക്കും എന്നറിയാതെ വന്നെത്തുന്ന ചില ജംഗ്ഷനുകള്‍ സുഴല്‍ 2നെ പ്രത്യക്ഷത്തില്‍ അല്ലെങ്കിലും കുഴപ്പിക്കുന്നുണ്ട്. ഇത്തവണ സി എസ് സാമിന്റെ മ്യൂസിക് കൂടുതല്‍ മികച്ചു നില്‍ക്കുന്നതായി തോന്നി.

സീസണ്‍ 2ല്‍ വല്ലാതെ അതിശയിപ്പിച്ചത് നാഗമ്മയായി വന്ന മഞ്ജിമ മോഹന്റെ പ്രകടനമാണ്. അവിശ്വസനീയമായ മാറ്റം. കാരക്ടര്‍ റോളുകളിലേക്കുള്ള, പക്വമായ ചുവടു വെപ്പ്. തീര്‍ച്ചയായും ഭാവി കാണുന്നു, പ്രവചിക്കുന്നു. അഞ്ജലി അമീറിനെ ഇത്ര സ്വാഭാവികതയോടെ ആദ്യമായാണ് സ്‌ക്രീനില്‍ കാണുന്നത്. പെരുത്തിഷ്ടപെട്ടു. ഇത്തവണ ഒന്ന് തണുത്തു പോയത് ഐശ്വര്യയുടെ നന്ദിനി ആണ്. ചെയ്യാനൊന്നും ഇല്ലാത്ത പോലെ, സക്കര ഏല്പിക്കുന്ന പണിയില്‍ പോലും ഒരു ഉഷാറില്ല. ലാല്‍ ചെല്ലപ്പയായി തിളങ്ങി. സരവണയുടെയും കതിറിന്റെയും തന്മയത്വമുള്ള പോലീസ് വേഷങ്ങള്‍- പ്രീച്ചിങ് ഇല്ലാത്ത, വ്യക്തമായ മെസ്സേജ് ഉള്ള ചില സീനുകള്‍ അതിനിടയിലുള്ള ട്രോപ്കളെ മറികടന്നിട്ടുണ്ട്. കതിര്‍ രണ്ടു സീസണുകളിലും ബെസ്‌റ് പ്ലയെര്‍ ആണ്. 90കളിലെ നടി രുദ്ര മാലതിയെ ഒതുക്കത്തില്‍ അവതരിപ്പിച്ചു. ആര്‍ഷ്യ ലക്ഷ്മണനും കിട്ടിയ സമയം ഉപയോഗിച്ചു. ഇവിടെ പ്രശ്‌നം ഇവരെയും പണ്ടേ കാണുന്നതാണല്ലോ എന്നതാണ്. ഗൗരി കിഷന്‍ എന്ന പ്രതിഭയുള്ള യുവനടിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുന്ന വര്‍ഷമാണ്. പടര്‍ന്നു പന്തലിക്കട്ടെ. ഒരു ശങ്കയുമില്ലാത്ത ബോഡി ലാംഗ്വേജ് ആണ് സുഴലിലെ സ്ത്രീകള്‍ക്ക് അക്രമങ്ങളില്‍. കൊള്ളാം. അഴിച്ചു വിടു സ്ത്രീകളെ. അവര്‍ സ്‌ക്രീനില്‍ തല്ലി അര്‍മാദിക്കട്ടെ.
സുഴല്‍ 2ന്റെ എന്‍ഗേജിങ് ക്രാഫ്റ്റ് ആണ് ട്രോപുകള്‍ക്കിടയിലും നമ്മളെ പിടിച്ചിരുത്തുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള കൊളുത്തുകള്‍ കഥയെ സുഗമമായി മുന്നോട്ടു നയിക്കുന്നു. ഇപ്പോഴും മറ നീങ്ങാതെ നില്‍ക്കുന്ന ഒരു കഥാപാത്രം പ്രേക്ഷകര്‍ക്കറിയാം. പക്ഷെ അടുത്ത കൂട്ടാളി ആര് എന്ന ചോദ്യം അപ്പോഴും ഉണ്ട്. ദുരൂഹത ഉടനീളം നിലനിര്‍ത്തുമ്പോഴും അസുരനിഗ്രഹത്തിന്റെ അവസാന ലാപ്പില്‍ മുറുക്കം കളഞ്ഞത് പഴയ സന്മാര്‍ഗബോധത്തിന്റെ തുടര്‍ച്ചയാണോ. നായകനെ സര്‍വ്വഗുണസമ്പന്നന്‍ ആക്കണ്ട എന്ന നിര്‍ബന്ധബുദ്ധിയില്‍ വന്ന പഴങ്കഥയും, സബ്‌പ്ലോട്ടുകളിലെ ചില ചെറിയ ലോജിക്കല്‍ പ്രശ്ങ്ങളും അത്ര കാര്യമായി എടുക്കേണ്ടതില്ല.
suzhal the vertex season 2 verdict: കാണാത്തവരുണ്ടെങ്കില്‍ പോയി കണ്ടോ. Suzhal the vertex season 2 tamil web series review
content Summary; Suzhal the vertex season 2 tamil web series review