ഡേവിഡ് ഹെഡ്‌ലിയെ ഇന്ത്യയിലെത്താന്‍ സഹായിച്ചത് തഹാവൂര്‍ റാണ

ആക്രമണത്തില്‍ റാണയുടെ പങ്ക് വെളിപ്പെട്ടത് ഹെഡ്‌ലിയുടെ അറസ്റ്റിന് ശേഷം

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ തഹാവൂര്‍ ഹുസൈന്‍ റാണ, ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡിലിക്ക് ഇന്ത്യന്‍ വിസ ലഭിക്കുന്നതിന് സഹായിച്ചതായി അന്വേഷണവുമായി ബന്ധപ്പെട്ട മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അമേരിക്കയില്‍ നിന്ന് വിജയകരമായി ഇന്ത്യയിലെത്തിച്ച റാണയെ വ്യാഴാഴ്ച്ച വൈകുന്നേരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഔദ്യോഗികമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതി റാണയെ 18 ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവിട്ടു.

ഡോക്ടറായ റാണ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം പാകിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി ജോലി ചെയ്തിരുന്നു. റാണയുടെ ഭാര്യയും ഡോക്ടറാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഏതാനും വര്‍ഷത്തെ സേവനത്തിന് ശേഷം 1997ല്‍ ഡോക്ടറായി റാണ വിരമിച്ചു. 1997ല്‍ തന്നെ അയാള്‍ ഭാര്യയോടൊപ്പം തകാനഡയിലേക്ക് കുടിയേറിയിരുന്നു. 2001ല്‍ ഇരുവര്‍ക്കും കനേഡിയന്‍ പൗരത്വം ലഭിച്ചു. അവിടെ നിന്നും റാണ അമേരിക്കയിലെ ചിക്കാഗോയിലേക്ക് കുടിയേറുകയും അവിടെ ഇമിഗ്രേഷന്‍ ആന്‍ഡ് വിസ ഏജന്‍സിയും കശാപ്പ് ശാലയും തുടങ്ങുകയും ചെയ്തു.

2008 നവംബറില്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിന് മുന്നേ ഒരു രഹസ്യ അന്വേഷണത്തിനായി ഇന്ത്യയിലെത്തുന്നതിന് ഹെഡ്‌ലിയെ തന്റെ സ്ഥാപനം വഴി സഹായിച്ചത് റാണയായിരുന്നെന്നും, ഹെഡ്‌ലിക്ക് യാത്രാ സഹായങ്ങളും, പത്ത് വര്‍ഷത്തേക്ക് വിസ നീട്ടാന്‍ ഹെഡ്‌ലിയെ സഹായിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയിലെത്തിയ ശേഷം, ഹെഡ്‌ലി ഒരു ഇമിഗ്രേഷന്‍ ബിസിനസ് നടത്തുന്നു എന്ന വ്യാജേനയായിരുന്നു ജീവിച്ചിരുന്നത്, കൂടാതെ റാണയുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ ഇരുവരും തമ്മില്‍ 230ലധികം ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുംബൈ ആക്രമണത്തിന് പ്രധാന പങ്കുവഹിച്ച ഐഎസ്‌ഐക്കാരനായ മേജര്‍ ഇക്ബാലുമായി റാണ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഹെഡ്‌ലി ഇന്ത്യയില്‍ താമസിച്ച് കണ്ടെത്തിയ പ്രധാന സ്ഥലങ്ങളുടെ ജിപിഎസ് കോര്‍ഡിനേറ്റുകള്‍ റാണ, മേജര്‍ ഇക്ബാല്‍ എന്നിവരുമായി പങ്കുവച്ചിരുന്നു.

2008 നവംബറില്‍, ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു

2023ല്‍ റാണയ്‌ക്കെതിരെ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രമനുസരിച്ച്, അയാള്‍ പയ്യാവിലെ ഒരു ഹോട്ടലില്‍ താമസിക്കുകയും, കേസിലെ സാക്ഷിയായി പട്ടികപ്പെടുത്തിയതില്‍ ഒരാളുമായി സൗത്ത് മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വച്ച് ചര്‍ച്ച നടത്തിയതായും വ്യക്തമാക്കുന്നുണ്ട്.

മുംബൈയിലെ നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അക്രമകാരികള്‍ ലക്ഷ്യമിട്ടിരുന്നു. അവയില്‍ താജ്മഹല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, ചബാദ് ഹൗസ്, ഛത്രപദി ശിവജി റെയില്‍ വേ സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു, ഈ സ്ഥലങ്ങളെല്ലാം ഹെഡ്‌ലി മുന്നേ നിരീക്ഷിച്ചിരുന്നു.

കേസില്‍ റാണയുടെ പങ്ക് തെളിയുന്നത് ഹെഡ്‌ലിയുടെ അറസ്റ്റിന് ശേഷമാണ്. പാക്- അമേരിക്കന്‍ വംശജനായ ഹെഡ്‌ലി ഭീകരാക്രമണം നടത്തുന്നതിനുള്ള പദ്ധതിയുമായി അമേരിക്കയില്‍ നിന്ന് വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെ എഫ്ബിഐ 2009ല്‍ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്‌ലിയെ അറസ്റ്റ് ചെയ്യുന്നത്. ഹെഡ്‌ലിയും റാണയും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളാണ് ഭീകരാക്രമണത്തിലെ റാണയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം കണക്കിലെടുത്ത് 2023 മെയ് 18ന് റാണയെ കൈമാറാന്‍ അമേരിക്ക തീരുമാനമെടുത്തു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി ഇന്ത്യയ്ക്ക് കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി. ഏപ്രിലില്‍ റാണയുടെ പുതിയ അപേക്ഷയും സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.

നിലവില്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രധാന പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്ക വിട്ടുനല്‍കിയിട്ടില്ല. കേസില്‍ റാണയെക്കാള്‍ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് ഹെഡ്‌ലിക്കെതിരെയാണ്, എങ്കിലും റാണയെ മാത്രം വിട്ടുനല്‍കി ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീഴാതെ നോക്കുകയാണ് യുഎസ്.

content summary; Tahawwur Rana helped David Headley get an Indian visa

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment