സീറ്റൊന്നും കിട്ടിയില്ലെങ്കിലും ഫെല്ലോഷിപ്പ് കിട്ടി
തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ ഫെലോഷിപ്പിന് വേണ്ടി യുകെയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്. അതെ സമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അദ്ദേഹം നാട് വിടുന്നതായി മറ്റു പാർട്ടിയിലെ നേതാക്കൾ ആക്ഷേപം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി രണ്ടുതവണയാണ് പ്രധനമന്ത്രി സംസ്ഥാനത്തെത്തിയത്. അണ്ണാമലൈയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി നൽകിയതിലടക്കം പാർട്ടിയിലെ മുതിർന്ന നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുവരെ ബിജെപി ഒരു സീറ്റു പോലും നേടാത്ത തമിഴ്നാട്ടിൽ വലിയ വിജയം ഉറപ്പു നൽകിയിരുന്നു അണ്ണാമലൈ. എന്നാൽ ആ വാഗ്ദാനത്തിന് മങ്ങലേറ്റതിന് പിന്നലെ അദ്ദേഹം യുകെയിലേക്ക് പോകുന്നത് തമിഴ്നാട് ബിജെപി രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും ?
പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, അണ്ണാമലൈ ഫെലോഷിപ്പ് പ്രോഗ്രാമിനായി യുകെയിലേക്ക് പോകാനൊരുങ്ങുകയാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൂന്ന് മാസത്തെ ഫെലോഷിപ്പിന് വേണ്ടി വളരെക്കാലമായി അദ്ദേഹം പദ്ധതിയിടുന്നുണ്ട്. ബിജെപി വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫലപ്രഖ്യാപനത്തിന് മുന്നേ ഇക്കാര്യം തീരുമാനിച്ചിരുന്നതായും പറയുന്നു.
യുവ നേതാക്കൾക്കും പ്രൊഫഷണലുകൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത പരിപാടിയായ ചെവനിംഗ് ഗുരുകുലം ഫെല്ലോഷിപ്പ് ഫോർ ലീഡർഷിപ്പ് ആൻഡ് എക്സലൻസ്, സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കും. ഫെലോഷിപ്പ് സ്വീകരിക്കാനുള്ള അനുമതിക്കായി അണ്ണാമലൈ ഹൈക്കമാൻഡിനെ സമീപിച്ചതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും അടിക്കടി സന്ദർശിച്ചിക്കുന്ന സംസ്ഥാനത്ത്അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയും ഇവർ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ നിരവധി മുതിർന്ന നേതാക്കളെ മറികടന്ന് തമിഴ്‌നാട് ബിജെപിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട അണ്ണാമലൈ സ്വന്തം സീറ്റായ കോയമ്പത്തൂരിൽ നിന്ന് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായായിരുന്നു.
എന്നിരുന്നാലും, 39 കാരനായ നേതാവിലുള്ള വിശ്വാസം പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങൾ പറയുന്നു. അദ്ദേഹത്തിൻ്റെ ആക്രമണാത്മക ശൈലി തമിഴ്‌നാട്ടിൽ ബിജെപിക്ക് ശക്തമായ അടിത്തറ ഒരുക്കിയെന്നാണ് നേതൃത്വമടക്കം വിശ്വസിക്കുന്നത്. സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിൽ 12 എണ്ണത്തിലും എഐഎഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഫെലോഷിപ്പ് ഏറ്റെടുക്കാൻ അണ്ണാമലയ്ക്ക് താൽപ്പര്യമുണ്ടെന്നും തെരഞ്ഞെടുപ്പിനും,‘എൻ മാൻ, എൻ മക്കൾ’ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ നടത്തിയ കാൽനട ജാഥക്കുശേഷം ഇടവേള എടുക്കാനും ആഗ്രഹിക്കുന്നതായി ഒരു ബിജെപി നേതാവ് പറഞ്ഞു. സാധാരണ രാഷ്ട്രീയക്കാർ കല്യാണം, ശവസംസ്‌കാരം, ആരാധനാലയങ്ങൾ സന്ദർശനം, പാർട്ടി മീറ്റിംഗുകൾ എന്നിവയിൽ പങ്കെടുക്കാനാണ് ഒരു ദിവസം ചെലവഴിക്കുക. എന്നാൽ അണ്ണാമലൈ വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ സഹായികളിൽ ഒരാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തീരുമാനായി ഇതിനെ കണക്കാക്കൻ കഴിയില്ലെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. “ഇത് അണ്ണാമലൈയുടെ സ്വന്തം തീരുമാനമാണ്, പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയോ മാറ്റിനിർത്തുകയോ അല്ല.” അതേസമയം, മുതിർന്ന നേതാക്കളുടെ സഹകരണമില്ലായ്മ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും അണ്ണാമലയ്ക്ക് അൽപ്പം അതൃപ്തിയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ബിജെപി സ്വതന്ത്രമായി മത്സരിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. എഐഎഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജെ ജയലളിതയെ വിമർശിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ ഫോറിൻ ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെവനിംഗ് ഗുരുകുൽ ഫെലോഷിപ്പ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ 12 ആഴ്ചത്തെ റെസിഡൻഷ്യൽ കോഴ്‌സാണ്. അണ്ണാമലൈ ഈ വർഷം ആദ്യം ഫെലോഷിപ്പിന് അപേക്ഷിച്ചതായും മെയ് മാസത്തിൽ ഡൽഹിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. K Annamalai UK fellowship
Content summary; Tamil Nadu BJP chief K Annamalai plans 3-month break for UK fellowship