ദ്രാവിഡ മണ്ണിലെ സിനിമ രാഷ്ട്രീയം; ‘തല’യായി ദളപതി

തമിഴ്‌നാട്ടിൽ സിനിമയും രാഷ്ട്രീയവും രണ്ട അല്ല ,വെള്ളിത്തിരയിലെ ജനനായകൻ തന്നെയാണ് അവിടെ ജനങ്ങളുടെ, രാഷ്ട്രീയത്തിലെയും നായകൻ.

actor vijay

തമിഴ്നാട്ടിലെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പൊതുവെ അംഗീകരിക്കപ്പെടുന്ന സത്യമാണ്. എന്നാൽ എം.ജി.ആറും ജയലളിതയും ഉണ്ടാക്കിയ സ്വാധീനത്തിനപ്പുറം ഇതുവരെ ഒരു സൂപ്പർ സ്റ്റാറുകൾക്കും സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് അംഗീകരിക്കാൻ മടിക്കുന്ന യാഥാർത്ഥ്യമാണ്.

തമിഴ് സിനിമകളുടെയും രാഷ്ട്രീയത്തിന്റെയും അഭേദ്യമായ ബന്ധം
തമിഴ് സൂപ്പർതാരങ്ങളുടെ ചലച്ചിത്രരീതി, അവർ അവതരിപ്പിക്കുന്ന വേഷം, സിനിമ കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ എന്നും അഭിനേതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങളുമായി കെട്ടുപിടഞ്ഞു കിടക്കുന്നതായിരുന്നു.
തമിഴ് സൂപ്പർ താരങ്ങൾ കേവലം കലാകാരന്മാർ എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകരായും, അധഃസ്ഥിതരുടെ മിശിഹയായും ജനങ്ങൾ കാണുന്നു. തമിഴന്‍ ‘അറിവുള്ള അണ്ണ’ എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന കാഞ്ചീവരം നടരാജന്‍ അണ്ണാ ദൂരെ എന്ന നിന്നാരംഭിക്കുന്നു തമിഴ്‌നാട് രൂപീകൃതമായശേഷമുള്ള ദ്രാവിഡ മുതല്‍വര്‍ ശ്രേണി. അണ്ണ വെറും രാഷ്ട്രീയക്കാരനായല്ല മക്കള്‍ മനസില്‍ കയറിയത്. തന്റെ വാഗ്മിത്വത്തിലൂടെയും സാഹിത്യവൈഭവത്തിലൂടെയുമായിരുന്നു. അണ്ണയുടെ പ്രസംഗങ്ങളും നാടകങ്ങളും തിരക്കഥകളും തമിഴനെ അത്രമേല്‍ വശീകരിച്ചൂ. ഇ വി രാമസ്വാമി നായ്ക്കരെപോലൊരാളോട് ഇടഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി ഉണ്ടാക്കാനും തമിഴ്നാട് ഭരിക്കാനും അണ്ണയെ സഹായിച്ചത് ജനം അദ്ദേഹത്തിനു നല്‍കിയ അന്‍പും ആദരവുമായിരുന്നു. നെടുഞ്ചഴിയാനെ മാറ്റി നിര്‍ത്തിയാല്‍ അണ്ണയില്‍ തുടങ്ങി ജയലളിത വരെ തമിഴ് മണ്ണ് ഭരിച്ചവര്‍ സിനിമാക്കാരായിരുന്നു.

സിനിമയ്ക്കും രാഷ്ട്രീയത്തിനും തമിഴ് മണ്ണില്‍ അഭേദ്യബന്ധമായിരുന്നു. തമിഴ്നാട്ടില്‍ സിനിമയെന്നത് രാഷ്ട്രീയത്തിന്റെ ഒന്നാംപകുതിയാണ്. എംജിആര്‍ ദ്രാവിഡ മണ്ണ് ഭരിച്ചതും കരുണാനിധി സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെത്തിയും ജയലളിത തമിഴ്മക്കളുടെ അമ്മയായതുമെല്ലാം സിനിമയില്‍ നിന്നാണ്. താരമായി നിന്നുണ്ടാക്കുന്ന പിന്തുണയുമായാണ് അവര്‍ തേര്‍തലയ്ക്ക് ഇറങ്ങിയത്. ഒരു രസികന്‍ സമം ഒരു വോട്ട് ആയിരുന്നു..

അണ്ണ ദുരൈയില്‍ നിന്നും ജയലളിതയില്‍ അവസാനിക്കുന്നതുവരെ 47 കൊല്ലത്തോളം തമിഴനെ ഭരിച്ചവര്‍ വെറും രാഷ്ട്രീയക്കാരായിരുന്നില്ല. ഒരു തനി രാഷ്ട്രീയക്കാരനും അവരോളം തമിഴനുമേല്‍ മേധാവിത്വം സ്ഥാപിക്കാനും സാധിച്ചില്ല. മദ്രാസ് സ്‌റ്റേറ്റ് തമിഴ്നാട് ആയശേഷവും നാട് ഭരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കുമാരവേല്‍ കാമരാജിനോ ജി കെ മൂപ്പനാര്‍ക്കോ മുഖ്യമന്ത്രി കസേര കിട്ടിയില്ല. ദ്രാവിഡ പാര്‍ട്ടികള്‍ അല്ലാതെ ഒരു ദേശീയ പാര്‍ട്ടിക്കും തമിഴ്നാട്ടില്‍ വിജയിക്കാന്‍ 1969-നു ശേഷം സാധിച്ചിട്ടില്ല. ഈ ചരിത്രം ഇന്നേവരെ തിരുത്തപ്പെട്ടിട്ടുമില്ല.

എം.ജി.ആറിലെ രാഷ്ട്രീയ നേതാവിനെയും ചലച്ചിത്ര താരത്തെയും വേർതിരിക്കാനും സിൽവർ സ്ക്രീനിലും പുറത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തമ്മിൽ വേർതിരിച്ചറിയാനും പ്രയാസമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി കേവലം സൂപ്പർ താരം എന്ന ആകർഷണം മാത്രമായിരുന്നില്ല, സമാന്തരമായി സഞ്ചരിച്ച അയാളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രാരംഭകാലങ്ങളിൽ ദ്രവീഡിയൻ പ്രസ്ഥാനം അദ്ദേഹത്തിന് നൽകിയ പിന്തുണയുമായിരുന്നു എം.ജി.ആറിന്റെ ശക്തി.

എന്നാൽ ചരിത്രം തുടർച്ചയായി ഇത്തരം തിരക്കഥകളെ പിന്തുടരുന്നില്ല. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം വരെയെത്തി ദൗത്യം ഉപേക്ഷിച്ച രജനികാന്തും, മക്കൾ നീതി മയ്യം എന്ന പാർട്ടിയുണ്ടാക്കി ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഉലകനായകൻ കമലഹാസനും കേവലം സൂപ്പർ സ്റ്റാർ പദവി കൊണ്ട് തമിഴ് രാഷ്ട്രീയത്തിൽ വിജയിക്കാം എന്ന മിത്തിനെ നിരർത്ഥകമാക്കിയ ഏറ്റവും അവസാനത്തെ ചില ഉദാഹരണങ്ങൾ മാത്രമായിരുന്നു. രാഷ്ട്രീയ പരീക്ഷണം നടത്തിയ ചില ചലച്ചിത്ര താരങ്ങൾ പ്രധാന മുന്നണികളുടെ ഭാഗമായും, ജാതിസംഘടനകളുടെ പിന്തുണ കൊണ്ടും വിജയിച്ചിരുന്നു. എന്നാൽ സിനിമയിലൂടെ അവർ നേടിയ ജനപ്രീതിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ ആർക്കും സാധിച്ചിട്ടില്ല.

താരങ്ങളാകില്ല, രാഷ്ട്രീയക്കാരാകും ഇനി തമിഴ് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുകയെന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രാദേശിക പാര്‍ട്ടികളെ നീക്കി അധികാരം പിടിക്കാന്‍ ബിജെപിയൊക്കെ ആവുംപോലെ ശ്രമിക്കുന്നുണ്ട്. തമിഴര്‍ മാറി ചിന്തിക്കുമെന്ന വിലയിരുത്തലുണ്ട്. അതിനിടയിലേക്കാണ് വിജയ് എത്തുന്നത്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയം വീണ്ടുമൊരു സൂപ്പര്‍ താരത്തിനുമേല്‍ ആകാംക്ഷയോടെ നോക്കാന്‍ തുടങ്ങി.

തമിഴര്‍ക്ക് രജനിയായിരുന്നു തളപതി, വിജയ് ഇളയ തളപതിയും. നിലവില്‍ രജനിയെക്കാള്‍ ആരാധകര്‍ വിജയ്ക്കുണ്ടെന്നാണ് പറയുന്നത്. ഇളയ തളപതിയില്‍ നിന്നും അയാള്‍ അവര്‍ക്ക് തളപതിയായി തീര്‍ന്നിരിക്കുന്നു.
ഉദയസൂര്യൻ കെട്ടണയുന്ന മണ്ണിൽ ജനനായകൻ ആയി സംരക്ഷകനായി വിജയ് ഉദയം കൊള്ളുന്നു. എപ്പോഴും താരങ്ങള്ക്ക് വളക്കൂറുള്ളിടമാണ് തമിഴകം.ഒറ്റക്കുവഴിവെട്ടിവന്നവനായി തമിഴ്നാട് രാഷ്ട്രീയത്തില് വിജയ് വിജയിക്കുമ്പോൾ ഏറ്റവും വ്യക്തമാകുന്ന ചിത്രം തമിഴ്‌നാട്ടിൽ സിനിമയും രാഷ്ട്രീയവും രണ്ട അല്ല ,വെള്ളിത്തിരയിലെ ജനനായകൻ തന്നെയാണ് അവിടെ ജനങ്ങളുടെ, രാഷ്ട്രീയത്തിലെയും നായകൻ.

content summery; Tamil nadu election 2026 victory of film star Vijay and TVK party .DMKs defeat.

This post was last modified on May 4, 2026 5:21 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment