തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) അധ്യക്ഷന്‍ തോള് തിരുമാളവന് നിലപാട് വ്യക്തമാക്കാത്തതാണ് വിജയിന്റെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ഇപ്പോള്‍ പ്രധാന പ്രതിസന്ധിയായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തിരുമാളവന് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
ടി.വി.കെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുതല്‍, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ചേര്‍ന്ന് രൂപീകരിച്ചേക്കാവുന്ന സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരുമാളവന്റെ പേര് ഉയര്‍ന്നുവരുന്നത് വരെ നീളുന്ന അഭ്യൂഹങ്ങളാണ് തമിഴ്നാട്ടില്‍ പരക്കുന്നത്. ഇതിനിടെ, കുതിരക്കച്ചവടം വഴി ഭൂരിപക്ഷം തികയ്ക്കാന്‍ വിജയ്യുടെ പാര്‍ട്ടി ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.
എഎംഎംകെ പാര്‍ട്ടിയുടെ ഏക എം.എല്‍.എയുടെ പിന്തുണക്കത്ത് ഹാജരാക്കിയതുമായി ബന്ധപ്പെട്ടാണ് ടി.വി.കെ വിവാദത്തിലായത്. പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന എഎംഎംകെ എം.എല്‍.എയെ രഹസ്യമായി പുറത്തെത്തിച്ച്, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിജയിന് പിന്തുണ നല്കുന്ന കത്തില്‍ ഒപ്പിടുവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കത്തിന്റെ ചിത്രം വാട്സാപ്പ് വഴി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് ആവശ്യപ്പെട്ടതോടെ ടി.വി.കെയുടെ കണക്കുകൂട്ടലുകള്‍ പാളി. ഇതിനിടെ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരന് തന്റെ പിന്തുണ എടപ്പാടി പളനിസ്വാമിക്കാണെന്ന് ആവര്‍ത്തിക്കുകയും അര്‍ദ്ധരാത്രിയോടെ എം.എല്‍.എയെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഈ സംഭവം ടി.വി.കെയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചു.
നിലവില്‍ 116 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് വിജയ്യുടെ പക്കലുള്ളത്. കേവല ഭൂരിപക്ഷത്തിന് വി.സി.കെയുടെ പിന്തുണ അത്യാവശ്യമാണ്. ഇടത് പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ആദ്യം സൂചന നല്‍കിയെങ്കിലും തിരുമാളവന് ഇതുവരെ ഗവര്‍ണര്‍ക്ക് പിന്തുണക്കത്ത് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച രാത്രിയില്‍ സ്റ്റാലിനുമായും ഇ.പി.എസുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ ടി.വി.കെ ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വി.സി.കെയെയും പി.എം.കെയെയും ഒരേ സഖ്യത്തില്‍ കൊണ്ടുവരാനുള്ള ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ നീക്കം ജാതീയമായ പോരാട്ടങ്ങള്‍ നിലനില്‍ക്കുന്ന തമിഴ് മണ്ണില്‍ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ദളിത് രാഷ്ട്രീയമുയര്‍ത്തുന്ന വി.സി.കെയും വണ്ണിയര്‍ വിഭാഗത്തിന്റെ പിന്തുണയുള്ള പി.എം.കെയും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ ശത്രുത മറികടന്നാല്‍ മാത്രമേ ഇത്തരം ഒരു ബദല്‍ സഖ്യം സാധ്യമാകൂ. ശനിയാഴ്ച രാവിലെ തിരുമാളവന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും തമിഴ്നാട് ഇപ്പോഴും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
Content Summary: Uncertainty looms over Tamil Nadu’s government formation as VCK chief Thirumavalavan withholds formal support for Vijay’s TVK
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.