കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ 2020-ലെ ദേശീയ പാഠ്യ ക്രമം (എന്‍.ഇ.പി) നടപ്പാക്കിയില്ലെങ്കില്‍ തമിഴ്നാടിന് സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രഫണ്ട് ലഭിക്കുകയില്ല എന്ന് പ്രഖ്യാപിക്കുന്നത്. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം 2152 കോടി രൂപ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് കൊടുക്കാനുണ്ട്. അത് ദീർഘകാലമായി തമിഴ്‌നാട് ആവശ്യപ്പെടുന്നതാണ്. അത് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് എൻ.ഇ.പി നടപ്പാക്കണം എന്നാവശ്യവുമായി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ എൻ.ഇ.പിയുടെ ത്രിഭാഷ രീതി അംഗീകരിക്കില്ലെന്നും ദ്വിഭാഷ രീതി തന്നെ മതിയെന്നതുമാണ് തമിഴ് നാടിന്റെ നിലപാട്. അതനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ഇപ്പോള്‍ തമിഴ്നാട് ഒന്നടങ്കം പ്രതിഷേധിക്കുന്നത്. കേന്ദ്ര ഫണ്ടിന് വേണ്ടി തമിഴ്നാട് ബി.ജെ.പി സര്‍ക്കാരിന്റെ ത്രിഭാഷ പദ്ധതിക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഹിന്ദി ആരെങ്കിലും പഠിക്കുന്നതിന് തമിഴ്നാട് എതിരല്ലെന്നും പക്ഷേ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിന് അര്‍ഹമായ ഫണ്ടുകള്‍ ലഭിച്ചില്ലെങ്കില്‍ തമിഴ്നാട് നികുതി അടയ്ക്കാന്‍ തയ്യാറാവില്ല എന്ന ഭീഷണിയും സ്റ്റാലിന്‍ മുഴക്കിയിട്ടുണ്ട്. ബി.ജെ.പി ഒഴികെയുള്ള തമിഴ്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരാണ്. പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കിയ നടന്‍ വിജയ് കൂടി ഹിന്ദി വിരുദ്ധ തമിഴ് ഭാഷാഭിമാന നിലപാട് പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശക്തിപ്പെട്ടു. ബി.ജെ.പിയില്‍ നിന്ന് പല നേതാക്കളും പ്രതിഷേധിച്ച് രാജിവയ്ക്കാനും ആരംഭിച്ചിട്ടുണ്ട്.
ചരിത്രം
ഏതാണ്ട് ഒമ്പത് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പോരാട്ടത്തിന്. തങ്ങളുടെ ഭാഷയ്ക്ക് മേല്‍ അന്യമായ ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വൈകാരികമായി എതിര്‍ത്ത് പോന്ന പാരമ്പര്യമാണ് തമിഴ്നാടിനുള്ളത്. രാജാജി എന്നറിയപ്പെടുന്ന സാക്ഷാല്‍ സി.രാജഗോപാലാചാരി മുതല്‍ രാജീവ് ഗാന്ധി വരെ തമിഴ്നാട്ടിലെ മണ്ണില്‍ ഹിന്ദി നട്ടുവളര്‍ത്താന്‍ ശ്രമം നടത്തി. ഒരോ തവണയും വീറോടെ വിവിധ തലമുറകള്‍ ചെറുത്തു നിന്നു. 2014-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ ഈ ശ്രമം കൂടുതല്‍ ശക്തമായി തുടങ്ങി. അക്കാലത്ത് ബി.ജെ.പി മുന്നണിയില്‍ ആയിരുന്നുവെങ്കിലും മുഖ്യമന്ത്രി ജയലളിത അതിനെ ചെറുത്തു. അഥവാ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും കരുണാനിധി അടക്കമുള്ള പല നേതാക്കളുടെ ഉദയവുമെല്ലാം ഹിന്ദി വിരുദ്ധ, തമിഴ് ദേശിയ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു.
1937-ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയായി സി.രാജഗോപാലാചാരി ചുമതലയേറ്റ കാലത്ത് ഹിന്ദി സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ എഴുത്തുകാരന്‍ മാരൈമാലൈ അടികളും ദ്രാവിഡ സമൂഹത്തിന്റെ ഐതിഹാസിക നേതാവായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമിയും ചേര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം തമിഴ്നാടിനെ പിടിച്ച് കുലുക്കി. കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ രണ്ട് തട്ടായിരുന്നു. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍ നിര്‍ബന്ധിത ഹിന്ദി പഠനത്തിനും രാജഗോപാലാചാരിക്കും എതിരായി നിലകൊണ്ടു. 1271 പേര്‍ ജയിലിലായ ആ സമരത്തിനൊടുവില്‍ ഗവര്‍ണര്‍ ലോര്‍ഡ് എര്‍കൈയ്ന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
സ്വാതന്ത്ര്യശേഷം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരുന്നു അടുത്ത ശ്രമം. ഓമണ്ടൂര്‍ രാമസ്വാമി റെഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഹിന്ദിയെ നിര്‍ബന്ധിത പഠനവിഷയമാക്കാനുള്ള ശ്രമം നടത്തിയപ്പോഴും സമാനമായ എതിര്‍പ്പ് സംസ്ഥാനത്തുയര്‍ന്ന് വന്നു. ദ്രാവിഡാര്‍ കഴകത്തിന്റേയും പെരിയോറുടേയും അണ്ണാദുരെയും നേതൃത്വത്തില്‍ തന്നെയായിരുന്നു ഇത്. 1949-ല്‍ ദ്രാവിഡാര്‍ പാര്‍ട്ടി പിളര്‍ന്ന് അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡി.എം.കെ രൂപവത്കരിച്ചപ്പോഴും ഹിന്ദിക്കെതിരായ പ്രക്ഷോഭം ശക്തമായി തന്നെ തുടര്‍ന്നു. 1953-ല്‍ കല്ലക്കുടി റെയില്‍വേസ്റ്റേഷന്റെ പേര് ‘ഡാല്‍മിയ പുരം’ എന്ന് മാറ്റി ഹിന്ദിയില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വന്‍ പ്രക്ഷോഭമാണ് ഉയര്‍ന്നത്. അന്ന് ബോര്‍ഡ് വെട്ടിമാറ്റി തമിഴില്‍ കല്ലക്കുടിയെന്ന് എഴുതി തീവണ്ടി പാതയില്‍ കിടന്ന് സമരം ചെയ്ത യുവനേതാവ് എന്ന നിലയിലാണ് എം.കരുണാനിധി തമിഴ് നാട്ടില്‍ താരമാകുന്നത്. കരുണാനിധിയും കണ്ണദാസനും അടക്കമുള്ള ദ്രാവിഡ നേതാക്കള്‍ അന്ന് അറസ്റ്റിലായി.
1963-ലെ ഔദ്യോഗിക ഭാഷ നിയമപ്രകാരം ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ഹിന്ദിവിരുദ്ധ പോരാട്ടം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട് നിന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അര ഡസനിലേറെ മനുഷ്യര്‍ തീകൊളുത്തി ആത്മാഹൂതി ചെയ്തു. രണ്ട് പോലീസുകാരടക്കം 60 പേരെങ്കിലും ആ സമരത്തിന്റെ ഭാഗമായി മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. തമിഴ്നാട് കേന്ദ്രീകരിച്ച് നടന്ന ഈ സമരത്തെ നേരിടുന്നതിനായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പതിനാറാം ഭരണഘടന ഭേദഗതിയാണ് ഇപ്പോള്‍ ഏറ്റവും മനുഷ്യവിരുദ്ധ നിയമങ്ങളിലൊന്നായി അറിയപ്പെടുന്ന യു.എ.പി.എയ്ക്ക് വഴി തുറക്കുന്നത്. ജനങ്ങള്‍ക്ക് അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും സമ്മേളിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഭരണഘടനയുടെ 19-ാം ചട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ‘രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായുള്ള യുക്തിസഹമായ ചില വിലക്കുകള്‍’ ഈ ചട്ടത്തില്‍ കൊണ്ടുവരാനായിരുന്നു ഭേദഗതി. എന്തായാലും ഔദ്യോഗിക ഭാഷ നിയമം ഭേദഗതി ചെയ്യുമെന്നും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് ഈ പ്രക്ഷോഭം അവസാനിക്കുന്നത്.
ദ്വിഭാഷ പദ്ധതി
എന്തായാലും 1968-ലെ ഔദ്യോഗിക ഭാഷ പ്രമേയത്തിലൂടെ ത്രിഭാഷ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ഏതെങ്കിലും ഇന്ത്യന്‍ ഭാഷ എന്നതായിരുന്നു അത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ദ്വിഭാഷ സമ്പ്രദായം മതി എന്ന് തീരുമാനിക്കുകയായിരുന്നു. സി.എന്‍ അണ്ണാദുരൈ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. സ്വതന്ത്രേന്ത്യയില്‍ തമിഴ്നാട്ടിലുണ്ടാകുന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു അത്. തമിഴ്നാട്ടുകാര്‍ക്ക് ലോകവുമായുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് ധാരാളം മതിയെന്നും ഹിന്ദി ആവശ്യമില്ലെന്നുമായിരുന്നു അണ്ണാദുരൈ സര്‍ക്കാരിന്റെ തീരുമാനം. 1968 ജനുവരി 23-ന് മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി ത്രിഭാഷ പദ്ധതിയെ തള്ളി കളഞ്ഞ് ദ്വിഭാഷ പദ്ധതി അംഗീകരിച്ചു. അന്നുമുതല്‍ ഇന്ന് വരെ സി.ബി.എസ്.ഇ സിലബസ് സ്‌ക്കൂളുകളിലൊഴികെ മറ്റൊരിടത്തും ഹിന്ദി പഠിപ്പിക്കുന്നില്ല.
എന്‍.ഇ.പിയെ ഇപ്പോള്‍ തമിഴ്നാട് എതിര്‍ക്കുന്നത് പ്രധാനമായും ഭാഷ നയത്തെ അടിസ്ഥാനമാക്കിയാണ്. 2020-ല്‍ എന്‍.ഇ.പി വരുന്ന കാലത്തേ അന്ന് എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ഈ നയം സ്വീകരിക്കാനാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്‍.ഇ.പി പ്രകാരം മൂന്നാം ഭാഷ ഏത് ഇന്ത്യന്‍ ഭാഷയും ആകാം എന്നുണ്ടെങ്കിലും ഇത് പിന്‍വാതിലിലൂടെ ഹിന്ദിയെ അകത്ത് കയറ്റാനുള്ള നീക്കമാണ് എന്നാണ് തമിഴ്നാടിന്റെ പക്ഷം. വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയിലുള്ള വിഷയമായിരിക്കേ ഏകീകൃത ദേശീയ നയം ഇതില്‍ കൊണ്ടുവരുന്നത് തെറ്റാണ് എന്ന് തമിഴ്നാട് വിലയിരുത്തുന്നു. പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് എന്‍.ഇ.പി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും സംസ്ഥാനം കണക്കാക്കുന്നു. Tamil Nadu protests against imposition of Hindi language in National Education Policy
Content Summary; Tamil Nadu protests against imposition of Hindi language in National Education Policy