ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ടിസിഎസ്‌; 12,000 പേർക്ക് ജോലി നഷ്ടമാകും

മിഡിൽ - സീനിയർ മാനേജ്മെന്‍റ് തലങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുക

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) 12,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. സ്ഥാപനത്തിലെ ആകെ ജീവനക്കാരിൽ രണ്ട് ശതമാനം ആളുകളെയാണ് വെട്ടിക്കുറയ്ക്കുന്നത്. അടുത്ത വർഷത്തോടെയാകും പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കുക.

മിഡിൽ – സീനിയർ മാനേജ്മെന്‍റ് തലങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുക. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളെ കൂടുതലായി ആശ്രയിക്കാൻ തീരുമാനിച്ചതും പിരിച്ചുവിടലിനു കാരണമാണ്. ഇടപാടുകാർക്കു നൽകുന്ന സേവനങ്ങളിൽ തടസമൊന്നും നേരിടാതെയായിരിക്കും നടപടി പൂർത്തിയാക്കുന്നതെന്ന് കമ്പനി അറിയിച്ചു. സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങൾ ആന്തരികമായുള്ള മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ടിസിഎസ് സിഇഒ കെ കൃതിവാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് എഐ പോലുള്ള സാങ്കേതികതയെ വലിയ തോതിൽ വിന്യസിക്കുകയും ഭാവിയിലേക്ക് സജ്ജമാകണമെന്ന് കൃതിവാസൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജീവനക്കാരുടെ വികസനത്തിലും തൊഴിൽ അവസരങ്ങളിലും ഗണ്യമായ നിക്ഷേപം നടത്തിയിട്ടും ഫലപ്രദമല്ലാത്ത ചില തസ്‌തികകൾ ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇത് തൊഴിലാളികളുടെ എണ്ണത്തിന്റെ ഏകദേശം 2 ശതമാനം വരുമെന്നും സിഇഒ അഭിമുഖത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നത് പല മുതിർന്ന ജീവനക്കാരിലും വെല്ലുവിളിയായി കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഈ വർഷം 4 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിൽ ശമ്പള വർധനവ് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർധനവായിരിക്കും ഇത്.

2025 ജൂൺ 3 വരെയുള്ള കണക്കനുസരിച്ച് 6,13,069 തൊഴിലാളികളാണ് നിലവിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ കീഴിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് 2025 ഏപ്രിൽ-ജൂൺ പാദത്തിൽ 6,071 ജീവനക്കാരെ പുതുതായി നിയമിച്ചിരുന്നു. ഇതോടെ 2025 ജൂൺ 30-ലെ കണക്കനുസരിച്ച് ടിസിഎസിലെ ആകെ ജീവനക്കാരുടെ എണ്ണം 6,13,069 ആയി.

കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ പ്രത്യേകിച്ച് ടെക്, സ്റ്റാർട്ടപ്പ് വിഭാഗങ്ങളിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്. 2023 അവസാനത്തോടെ ബൈജൂസ് ഏകദേശം 2,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമേ 2024 ഏപ്രിലിൽ സെയിൽസ് മാർക്കറ്റിംഗ് ടീമുകളിൽ നിന്ന് 500 പേരെ കൂടി പിരിച്ചുവിട്ടിരുന്നു.

content summary: TCS announces will layoff 2 percentage of employees and 12,000 lost their job

This post was last modified on July 28, 2025 8:01 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment