July 09, 2025 |

രഹസ്യ വിവരങ്ങൾ ചോർത്തി; 20 ജീവനക്കാരെ പുറത്താക്കി മെറ്റ

കമ്പനിയുടെ പ്രവർത്തനങ്ങളുടെയും മീറ്റിംഗുകളുടെയും നിർണായക വിവരങ്ങൾ പുറത്തുവിട്ടു

മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ 20 തൊഴിലാളികളെ പിരിച്ചുവിട്ട് മെറ്റ. കമ്പനിയുടെ പ്രവർത്തനങ്ങളുടെയും മീറ്റിംഗുകളുടെയും നിർണായക വിവരങ്ങൾ പുറത്തുവിട്ടുവെന്ന ആരോപണത്തിലാണ് പിരിച്ചുവിടൽ. കമ്പനിയുടെ ആന്തരിക വിവരങ്ങൾ ചോർത്തുന്നത് കമ്പനി പോളിസികൾക്ക് വിരുദ്ധമാണെന്ന് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവനക്കാരോട് വ്യക്തമാക്കിയിരുന്നുവെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.

ഈയടുത്ത കാലത്ത് നടത്തിയ അന്വേഷണത്തിലാണ് 20 ജിവനക്കാർ സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയത്. ഇനി വരുംദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ പിരിച്ചുവിട്ടേക്കാമെന്ന സൂചനയുണ്ട്. ഈ വിഷയത്തെ ഞങ്ങൾ അതീവ ഗൌരവത്തോടെ ആണ് കാണുന്നത് ഇനിയും നടപടികൾ സ്വീകരിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും മെറ്റ വ്യക്തമാക്കി. ജീവനക്കാരുമായി സക്കൻബർഗ് നടത്തിയ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിന്റെ ഫലമായാണ് ഈ പിരിച്ചുവിടൽ.

അതേ സമയം മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് മെറ്റ സ്വീകരിക്കുന്നതെന്ന വിമർശനങ്ങളുമുണ്ട്. അടുത്തിടെ മെച്ചപ്പെട്ട പ്രകടകനം കാഴ്ചവയ്ക്കാത്തതിന്റെ പേരിൽ ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ തീരുമാനിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാർക് സക്കൻബർഗ്. കമ്പനിയുടെ രഹസ്യവിവരങ്ങൾ പുറത്തായത് മെറ്റയുടെ ഭാവി പദ്ധതികളെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നും കമ്പനിയുടെ ഭാവി പദ്ധതികളെയും വളർച്ചയെയും തടസപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മെറ്റ അറിയിച്ചു. 2021ൽ യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഫെയ്സ്ബുക്ക് ട്രംപിനെ പുറത്താക്കിയിരുന്നു. പിന്നീട് 2023ലാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്.

മോശം പ്രകടനത്തിന്റെ പേരിൽ ജനുവരിയിൽ മെറ്റയിൽ നിന്ന് 3600 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ സ്ഥാപനം എത്തിയിരുന്നു. കമ്പനിയിലെ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ജീവനക്കാരെ ഔദ്യോഗികമായി മെമ്മോയിലൂടെ അറിയിക്കുക ആയിരുന്നു. പെർഫോമൻസ് മാനേജ്മെന്റ് പ്രോസസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു പിരിച്ചുവിടൽ. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടൽ യുഎസ് കോർപ്പറേഷനുകൾക്കിടയിൽ സാധാരണമാണ്. സെപ്തംബർ വരെ മെറ്റയിൽ ഏകദേശം 72,400 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് മുന്നോടിയായിരുന്നു മെറ്റയിലെ ഈ പിരിച്ചുവിടൽ. ട്രംപിനെ മെറ്റയുടെ പൊതുകാര്യ തലവനായി നാമനിർദേശം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സക്കർബർഗ് സ്വീകരിച്ചിരുന്നു. യുഎസില്‍ തേഡ്-പാര്‍ട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം അവസാനിപ്പിക്കുന്നതിനായുള്ള തീരുമാനം സ്വീകരിച്ചതായി മെറ്റ അറിയിച്ചിരുന്നു. എക്‌സില്‍ ഉള്ളതുപോലുള്ള കമ്മ്യൂണിറ്റി നോട്ട് സംവിധാനമാകും ഇതിന് പകരം ഫേസ്ബുക്കില്‍ ഉപയോഗിക്കുക.

content summary: Meta has fired 20 employees for leaking internal information, with further layoffs expected.

Leave a Reply

Your email address will not be published. Required fields are marked *

×