ഗൗതം അദാനിയുള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരേ അമേരിക്കന്‍ കോടതിയില്‍ ആരോപിക്കപ്പെട്ട കൈക്കൂലി അഴിമതിയില്‍ ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും പങ്കുണ്ടെന്ന് ഭരണകക്ഷിയായ ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) ആരോപണം. ജഗന്‍ മോഹന്‍ റെഡ്ഡി നേരിടുന്ന അഴിമതിയാരോപണങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതും, അവ രാജ്യാന്തര തലം വരെ എത്തി നില്‍ക്കുന്നതാണെന്ന് തെളിയക്കുന്നതുമാണ് ഇപ്പോഴത്തെ ആരോപരണങ്ങളെന്നാണ് ബുധനാഴ്ച്ച ടിഡിപി ഔദ്യോഗിക വക്താവ് അനം വെങ്കിട്ട രമണ റെഡ്ഡി കുറ്റപ്പെടുത്തിയത്.
ജഗന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കാര്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റെഡ്ഡി പറയുന്നത്. ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) നല്‍കിയ പരാതിയും പരാമര്‍ശിച്ചായിരുന്നു ടിഡിപി വക്താവിന്റെ അവകാശവാദം. അവയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരുണ്ടെന്നാണ് ആരോപണം. എഫ്ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എസ്ഇസിഐ) നിന്ന് വിലകൂട്ടി സൗരോര്‍ജ്ജ വൈദ്യുതി വാങ്ങിയെന്നാണ് ജഗനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
കൈക്കൂലി അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കുറ്റപത്രത്തില്‍ ജഗന്റെ രഹസ്യ യോഗങ്ങള്‍, കൈക്കൂലി തുകകള്‍, ഉള്‍പ്പെട്ട കക്ഷികള്‍ തമ്മിലുള്ള കൈമാറ്റ സന്ദേശങ്ങള്‍ എന്നിവ പ്രത്യേകമായി എടുത്തു പറയുന്നുണ്ടെന്നാണ് റെഡ്ഡി വാദിച്ചത്. ‘എഫ്ബിഐ ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി സിബിഐ, ഇഡി കേസുകളില്‍നിന്ന് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടാന്‍ ജഗന് കഴിഞ്ഞു, എന്നാല്‍ ഇത്തവണ യുഎസിലെ നിയമ നടപടികളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടില്ല,” റെഡ്ഡി പറയുന്നു. 1,750 കോടി രൂപ കൈക്കൂലി വാങ്ങി, ആന്ധ്രാപ്രദേശില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉത്സാഹിച്ച കമ്പനികളെ മടക്കിയയച്ച് സംസ്ഥാന ഖജനാവിന് 3,060 കോടി രൂപ ജഗന്‍ വന്‍ നഷ്ടം വരുത്തിയെന്നാണ് ടിഡിപി വക്താവ് ആരോപിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കുക മാത്രമല്ല, ഊതിപ്പെരുപ്പിച്ച കണക്കില്‍ വൈദ്യുതി വാങ്ങുന്നതിലൂടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ അധികച്ചെലവ് ജനങ്ങള്‍ക്ക് മേല്‍ ചുമത്തുകയും ചെയ്തുവെന്നും വക്താവ് കുറ്റപ്പെടുത്തുന്നു.
കോഴ വിവാദത്തില്‍ ടിഡിപി ജഗനെ ആക്രമിക്കുമ്പോള്‍, ഇന്ത്യന്‍ പാര്‍ലമെന്റിലും അദാനി വിഷത്തില്‍ രാഷ്ട്രീയ ചൂട് ശക്തമായിരിക്കുകയാണ്. ബുധനാഴ്ച, ലോക്‌സഭ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസ്സപ്പെട്ടു, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം ചര്‍ച്ച ചെയ്യണമെന്നതായിരുന്നു. ഇതിന്റെ പേരില്‍ ലോകസഭ വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.
ആരോപണങ്ങളും നിയമനടപടികളും അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും, പിന്നീട് ചെറുതായി കയറ്റം വീണ്ടെടുത്തിരുന്നു. 2,029 കോടിയുടെ കൈക്കൂലി പദ്ധതിയില്‍ അദാനി, അദ്ദേഹത്തിന്റെ അനന്തരവനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനി, അദാനി ഗ്രീന്‍ മാനേജിംഗ് ഡയറക്ടര്‍ വിനീത് എസ്. ജെയ്ന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ കോടതിയില്‍ കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇന്ത്യന്‍ പവര്‍ സപ്ലൈ കരാറുകള്‍ സുരക്ഷിതമാക്കാന്‍ കൈക്കൂലി നല്‍കിയെന്നും യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കപ്പെടുന്നു. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയാണ്. ‘അടിസ്ഥാനരഹിതം’ എന്നാണ് വാദിക്കുന്നത്. സ്വയം പ്രതിരോധിക്കാന്‍ ലഭ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അദാനിയെ കേസുകളില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആരോപിച്ചത്. അദാനിക്കെതിരായ ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അദാനിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ‘അമേരിക്കയില്‍ ഈ മാന്യനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്… സര്‍ക്കാര്‍ അയാളെ സംരക്ഷിക്കുന്നു.’ എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അദാനി വിഷയത്തില്‍ സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, ഭരണകക്ഷിയായ ബി.ജെ.പി ഈ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അദാനിയെ പ്രതിരോധിക്കേണ്ട ആവശ്യം പാര്‍ട്ടിക്ക് ഇല്ലെന്നും ‘അദ്ദേഹം സ്വയം പ്രതിരോധിക്കട്ടെ,’ എന്നുമാണ് പാര്‍ട്ടി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പറഞ്ഞത്. അതോടൊപ്പം, ബി.ജെ.പി വ്യവസായികളെ എതിര്‍ക്കുന്നില്ലെന്നും രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ അവരെ പങ്കാളികളായാണ് കാണുന്നതെന്നും കൂടി വക്താവ് പറയുന്നുണ്ട്. എന്തെങ്കിലും തെറ്റ് തെളിയിക്കപ്പെട്ടാല്‍, നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ക്ക് മറുപടിയായി അദാനി ഗ്രീന്‍ ബുധനാഴ്ച പ്രസ്താവനയിറക്കിയിരുന്നു. സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനം ആരോപിച്ച് ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പിഴകള്‍ നേരിടേണ്ടിവരുമെന്നും കമ്പനി സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും, കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യുന്ന യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം അദാനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
യുഎസിലും ഇന്ത്യയിലും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ ടിഡിപിയുടെ ആരോപണങ്ങളും, അദാനി കേസില്‍ പാര്‍ലമെന്റിലെ പ്രതിഷേധവും രാജ്യത്ത് വലിയ രാഷ്ട്രീയസംഘട്ടനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനൊപ്പം, വമ്പന്മാരായ ബിസിനസ്സ്, രാഷ്ട്രീയക്കാരുടെ വിശ്വാസ്യതയെ സംശയനിഴലിലുമാക്കിയിരിക്കുകയാണ്. ജഗനും അദാനിയും വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിടുകയാണ്. യുഎസ്സിലെ നിയമനടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും.
അമേരിക്കയിലെ നിയമനടപടികള്‍ എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിലും, അതുപോലെ അദാനിയുടെ വിവാദ ബിസിനസ്സ് ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദത്തെ ബിജെപി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലുമാണ് ഇനിയുള്ള ശ്രദ്ധ. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ഈ വിഷയം ശക്തമായി കത്തിച്ചു നിര്‍ത്തും. അതേസമയം ഭരണകക്ഷിയായ ബിജെപിയാകട്ടെ അദാനിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റ് ദേശീയ വിഷയങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട് വിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രമിക്കുന്നത്. എന്തായാലും ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന വിഷയം അദാനി തന്നെയാണ്. അതുകൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡിയും ഗൗതം അദാനിയും വരും ആഴ്ചകളിലും മാസങ്ങളിലും രാഷ്ട്രീയ വിചാരണകള്‍ക്ക് വിധേയരായെ മതിയാകൂ. TDP against YS Jagan Mohan Reddy to Opposition in Parliament: Adani Faces Political Heat
Content Summary; TDP against YS Jagan Mohan Reddy to Opposition in Parliament: Adani Faces Political Heat