April 20, 2025 |
Share on

പിഎസ്‌സിയും എയ്ഡഡ് നിയമനവും അലീനയുടെ രക്തസാക്ഷിത്വവും

അലീനയെപ്പോലെയുള്ളവരുടെ മരണത്തിനും, ശമ്പളമില്ലാതെ പണിയെടുക്കന്നവരുടെ കണ്ണീരിനും മേല്‍ പണിതുയര്‍ത്തുന്ന ബാബേല്‍ ഗോപുരങ്ങള്‍ നിലം പൊത്തുക തന്നെ ചെയ്യുമെന്ന് ആരാണിവരോട് പറഞ്ഞു കൊടുക്കുക?

ഞാന്‍ ഒരു കഥ പറയാം. പണ്ട് പണ്ട്, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഞാന്‍ ഒരു സ്‌കൂള്‍ തുടങ്ങി. ഞാനാണ് മാനേജര്‍. സ്വാഭാവികമായും നിയമന അതോറിറ്റി ആയ ഞാന്‍ അധ്യാപകരെ നിയമിച്ചു. ‘നാട്ടുനടപ്പ്’ അനുസരിച്ചു എനിക്ക് ഓരോ നിയമനത്തിനും കുറച്ചു കുറച്ചു ആയിരങ്ങള്‍, പതിനായിരങ്ങള്‍ ഒക്കെ വച്ചു കിട്ടി. കാലം മുന്നോട്ട് പോയി. മീനച്ചിലാറ്റിക്കൂടെ ഒത്തിരി വെള്ളം ഒഴുകിപ്പോയി, ആ ഒഴുക്കില്‍ പ്രീ ഡിഗ്രിയും കോളേജില്‍ നിന്ന് വിട്ടു പോയി. അങ്ങനെ പിന്നീട് സ്‌കൂള്‍ ഹയര്‍ സെക്കന്ററി ആയി. അപ്പോള്‍ നിയമനത്തിന് എനിക്ക് കുറച്ചു ലക്ഷങ്ങള്‍ കിട്ടി.
അപ്പോള്‍ ഇവര്‍ക്കൊക്കെ എങ്ങനെ ശമ്പളം കൊടുക്കും?

അതിന് ഞാന്‍ ശമ്പളം കൊടുക്കുന്നില്ലല്ലോ?

പിന്നെ?

അത് സര്‍ക്കാര്‍ കൊടുക്കും?

അതെങ്ങനെ ശരിയാകും, അപ്പോള്‍ നിയമന അധികാരം സര്‍ക്കാരിനല്ലേ?

അയ്യോ അത് പറ്റില്ല, നിയമന അധികാരം എനിക്കാണ്, പൈസയും ഞാന്‍ വാങ്ങിക്കും.

അതെങ്ങനെ ശരിയാകും? അപ്പോള്‍ ഇത്രയും ലക്ഷങ്ങള്‍ നല്‍കാന്‍ പാങ്ങില്ലാത്തവര്‍ പുറത്താകില്ലേ?

പുറത്താകും. അയിന്?

ശമ്പളം സര്‍ക്കാരല്ലേ കൊടുക്കുന്നത്, അപ്പോള്‍ സര്‍ക്കാര്‍ ടെസ്റ്റൊക്കെ നടത്തി, ആളുകളുടെ കഴിവനുസരിച്ചു നിയമിക്കുന്നതല്ലേ ശരി?

എന്റെ ഭാവം മാറി, എനിക്ക് ദേഷ്യം വന്നു. എന്നെപ്പോലെയുള്ള ഒത്തിരി പേര്‍ക്ക് ദേഷ്യം വന്നു. എന്നെപ്പോലെ, പല ജാതി മത സംഘടനകളും സ്‌കൂള്‍ നടത്തുന്നുണ്ടായിരുന്നു. അവര്‍ക്കും ദേഷ്യം വന്നു. എന്നിട്ട്?

ഞങ്ങളെല്ലാരും കൂടി സമരം ചെയ്തു ആ ആഗ്രഹമങ്ങു മുളയിലേ നുള്ളിക്കളഞ്ഞു.

ഇപ്പോള്‍ എന്താണ് അവസ്ഥ?

ഇപ്പോള്‍ എന്റെ അടുത്ത തലമുറ നിയമനം നടത്തുന്നു, കിട്ടുന്ന കാശ് കൂടി, പതിനായിരങ്ങള്‍ ദശ ലക്ഷങ്ങളായി.

അപ്പോള്‍ ശമ്പളം.

അത് സര്‍ക്കാര് കൊടുത്തോളും.

ഇത് വായിച്ചിട്ടു നിങ്ങള്‍ക്കീ മാനേജരുടെ വാദത്തില്‍ ഒരു ശരികേട് തോന്നുന്നില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തുടര്‍ന്ന് വായിക്കണമെന്നില്ല കേട്ടോ. ശരികേട് തോന്നുന്നുള്ളവര്‍ക്ക് വേണ്ടി ബാക്കി പറയാം. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കയ്യില്‍ പണം ഇല്ലാത്ത അഭ്യസ്ത വിദ്യരോട് പതിറ്റാണ്ടുകളായി ചെയ്യുന്ന അനീതിയാണ് മുകളില്‍ ചൂണ്ടികാണിച്ചത്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് പണം വാങ്ങാതെയിരിക്കുന്നത്.

കേരളത്തില്‍ 55.6% മേല്‍പ്പറഞ്ഞത് പോലെ എയ്ഡഡ് സ്‌കൂളുകളാണ് എന്നറിയുമ്പോളാണ്, ഈ സംവിധാനം എത്ര വലിയ ഒരു നീതിനിഷേധമാണ് എന്ന് മനസ്സിലാവുക.

kerala aided schools teachers appointment
പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃകകളില്‍ ഒന്നായി നമ്മള്‍ അഭിമാനത്തോടെ കേരളത്തെ എടുത്തു കാട്ടാറുണ്ട്. എങ്ങനെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്? കാരണങ്ങള്‍ ചരിത്രപരമാണ്. നമ്മുടെ നാട്ടില്‍ ജാതിയില്‍ താഴ്ന്നതെന്ന് കണക്കാക്കപ്പെട്ടിരുന്ന സാധാരണക്കാരന് എഴുത്തും വായനയും പ്രാപ്യാമായിരുന്നില്ല. മിഷനറിമാരുടെ ഇടപെടലോടെയാണ് സാര്‍വ്വത്രികമായ വിദ്യാഭ്യാസം എന്ന ആശയത്തിലേക്ക് കേരളമെത്തുന്നത്. ജര്‍മന്‍ മിഷണറിയായ അര്‍ണോസ് പാതിരിയാണ് മലയാളത്തിലെ ആദ്യ നിഘണ്ടുവും വ്യാകരണവും ഗ്രന്ഥവും തയാറാക്കിയത്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS), ചര്‍ച്ച് മിഷന്‍ സൊസൈറ്റി (CMS) എന്നിവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടില്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചര്‍ച്ച് മിഷന്‍ 1813 ല്‍ കോട്ടയത്ത് ആദ്യ കോളേജ് സ്ഥാപിച്ചു, സി എം എസ് കോളേജ്. സ്ത്രീ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി പെണ്‍പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. 1817-ല്‍ തിരുവിതാംകൂര്‍ രാജ്ഞി ഗൗരി പാര്‍വതി ബായി, റസിഡന്റ് കേണല്‍ മണ്‍റോയുടെ നിര്‍ദേശപ്രകാരം ‘സംസ്ഥാനത്ത് പിന്നാക്കാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജനങ്ങളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ സംസ്ഥാനം വഹിക്കണം’ എന്ന് പ്രഖ്യാപിച്ചു. 1869-ല്‍ പ്രൈമറി സ്‌കൂളുകള്‍ക്കായി കൊണ്ടു വന്ന ഗ്രാന്റ് ഇന്‍-എയ്ഡ് ഇന്നത്തെ govt aided സംവിധാനത്തിന്റെ ആദ്യരൂപമായി കാണാം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സിലബസ് പാലിച്ച് മിഷനറിമാര്‍ സ്‌കൂളുകള്‍ ആരംഭിക്കുകയും, സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളുടെ അവസരം അവര്‍ പ്രയോജനപ്പെടുത്തുകയും ഇംഗ്ലീഷ് മാധ്യമത്തിലും പ്രാദേശിക ഭാഷയിലും നിരവധി സ്‌കൂളുകള്‍ തുറക്കുകയും ചെയ്തു. പക്ഷെ ഇന്നത്തെ പോലെ കച്ചവടമായിരുന്നില്ല അവയുടെ ലക്ഷ്യം. എന്‍ എസ് എസ്സിന്റെയും, എം ഇ എസിന്റെയും, സാധുജന, എസ് എന്‍ ഡി പിയുടെയും ഒക്കെ ഇടപെടല്‍ വലിയ രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് കാരണമായി.

ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത് (1860-1880) തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) സ്ഥാപിതമായി. പിന്‍ഗാമിയായ മൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്ത് (18851924) വിദ്യാഭ്യാസത്തില്‍ സ്റ്റേറ്റിന്റെ ഗണ്യമായ സംഭവനകളുണ്ടായി. പിന്നീട് 1900-കളുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ ദിവാന്‍ ദലിതര്‍ക്കായി സ്‌കൂള്‍ തുറക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പ് കാരണം അത് നടപ്പിലാക്കിയില്ല. സാമൂഹിക പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി, അന്നത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ക്രിക്റ്റണ്‍ മിച്ചല്‍ 1910-ല്‍ ദലിത് കുട്ടികള്‍ക്കായി സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 1914ല്‍ ഊരൂട്ടമ്പലത്തിലെ സ്‌കൂളില്‍ പഞ്ചമി എന്ന ദളിത് പെണ്‍കുട്ടിയെ അയ്യങ്കാളിയും കൂട്ടരും സ്‌കൂളില്‍ പ്രവേശിപ്പിച്ചു. ദലിത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍ പ്രകോപിതരായ ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്‍ സ്‌കൂള്‍ കത്തിച്ചു. ഇതിനെത്തുടര്‍ന്ന്, ആദ്യത്തെ സംഘടിത തൊഴിലാളി സമരങ്ങളിലൊന്ന് ദളിത് വിദ്യാഭ്യാസത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നടന്നു. ഞങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നെല്‍വയലുകളില്‍ മുട്ടിപ്പുല്ലു മുളപ്പിക്കും എന്ന അയ്യങ്കാളിയുടെ പ്രസിദ്ധമായ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തൊഴിലാളി സമരം ആരംഭിച്ചത്. 1913 ജൂണ്‍ മുതല്‍ 1914 മെയ് വരെ സമരം നീണ്ടു, തരിശ്ശു കിടന്ന പാടങ്ങള്‍ കൂടുകയും പത്തായത്തിലെ നെല്ല് കുറയുകയും ചെയ്തപ്പോള്‍ സവര്‍ണ്ണ മേധാവിത്വം തൊഴിലാളികള്‍ക്ക് മുന്നില്‍ മുട്ടു മടക്കി. ഇങ്ങനെ സാധാരണക്കാരന്‍ പൊരുതി നേടിയതാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം. മഹത്തായ ലക്ഷ്യങ്ങളോട് കൂടി ആരംഭിച്ച എയ്ഡഡ് മേഖല ഇന്ന് മാനേജ്‌മെന്റിനു ധന സമ്പാദനത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ സാധാരണക്കാരായ അഭ്യസ്തവിദ്യര്‍ തെരുവിലാകുന്നു.

കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിന്റെ 2016-17 ലെ കണക്കനുസരിച്ചു, കേരളത്തിലെ സ്‌കൂള്‍ അധ്യാപകരുടെ എണ്ണം 163,160 ആയിരുന്നു. ഇതില്‍ 97,457 (59.7 ശതമാനം) അധ്യാപകര്‍ എയ്ഡഡ് സ്‌കൂളുകളിലും 15,457 (9.47 ശതമാനം) അധ്യാപകര്‍ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളിലുമാണ് ജോലി ചെയ്യുന്നത്. 30.8 ശതമാനം അധ്യാപകര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ജോലി ചെയ്യുന്നത്. ഈ 30.8 ശതമാനം മാത്രമാണ് പി എസ് സി വഴി നിയമിക്കപ്പെടുന്നവര്‍. 59.7 ശതമാനവും പേരെയും നിയമിച്ചിരിക്കുന്നത് മാനേജ്‌മെന്റും ശമ്പളം നല്‍കുന്നത് സര്‍ക്കാരുമാണ്. വലിയ തുക നല്‍കി ജോലിക്ക് കയറാന്‍ കയ്യില്‍ പണമില്ലാത്തവര്‍ എയ്ഡഡ് മേഖലയിലെ ഈ 59.7 ശതമാനത്തില്‍ നിന്ന് നിര്‍ദാക്ഷണ്യം ഒഴിവാക്കപ്പെടുന്നു. ഏതാണ്ട് ഒരുലക്ഷം പേര്‍ക്ക്, കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ ജോലി ഇല്ലാതായിത്തീരുന്ന കാര്യമാണ്. സത്യത്തില്‍ ഇത് അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു സാമൂഹ്യ പ്രശ്‌നമല്ലേ എന്നുള്ളതാണ്. പണം വാങ്ങിയാണ് ഇവിടെ ഭൂരിഭാഗം സ്ഥലങ്ങളിലും നിയമനം നടക്കുന്നത് എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ 97,457 ആളുകള്‍ നിയമിക്കപ്പെട്ടപ്പോള്‍ ഒരാള്‍ 10 ലക്ഷം രൂപ നല്‍കിയാല്‍ പോലും മാനേജ്‌മെന്റുകളുടെ കയ്യില്‍ എത്തുന്ന തുക ഒന്‍പതിനായിരത്തിഎഴുന്നൂറ്റി നാല്‍പത്തിയഞ്ച് കോടി എഴുപതുലക്ഷം (97457000000)രൂപയാണ്.

കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീനാ ബെന്നിയുടെ മരണമാണ് വീണ്ടും ഈ വിഷയങ്ങള്‍ ചര്‍ച്ചയായതിനു കാരണം. ആത്മഹത്യ എന്നല്ല മര്‍ഡര്‍ എന്ന് തന്നെ പറയണം. ഒരു വ്യക്തി ശമ്പളമില്ലാതെ ആറു വര്‍ഷം ജോലി ചെയ്യേണ്ടി വരിക, അത് ചൂണ്ടിക്കാണിച്ച അച്ഛനോട് ”ചില അധ്യാപകര്‍ ഒമ്പത് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ടെന്ന്” താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുക. ഒരാളെ മെല്ലെ മെല്ലെ മരണത്തിലേക്ക് തള്ളി വിടുന്നതിനെ ആത്മഹത്യ എന്നല്ല കൊലയ്ക്ക് കൊടുക്കുക എന്നാണ് പറയുക.

alina benny aided school martyr

അലീനയുടെ അച്ഛന്‍ ബെന്നി പറയുന്നത് കേള്‍ക്കുക,”താമരശ്ശേരി രൂപതയുടെ കീഴിലുള്ള കട്ടിപ്പാറയിലുള്ള നസ്രത്ത് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് അവളെ ആദ്യം നിയമിച്ചത്. ഒരു ജീവനക്കാരന്റെ സസ്‌പെന്‍ഷനെ തുടര്‍ന്ന് പിരിച്ചുവിട്ട ഒഴിവായിരുന്നു അത്. ആ വ്യക്തി വീണ്ടും ആ സ്ഥാനത്ത് എത്തിയപ്പോള്‍, എന്റെ മകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീട്, ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍, കഴിഞ്ഞ വര്‍ഷം ജൂണില്‍ മാനേജ്‌മെന്റ് നിലവിലെ സ്‌കൂളില്‍ പുതിയ നിയമനം നല്‍കി. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ ഏജന്‍സി എന്റെ മകളെ സ്‌കൂളില്‍ അഞ്ച് വര്‍ഷത്തെ ജോലിക്ക് ശമ്പളം വേണ്ടെന്ന് എഴുതി നല്‍കാന്‍ നിര്‍ബന്ധിച്ചു. നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അവള്‍ സമ്മതിച്ചു, പക്ഷേ ശമ്പളം നല്‍കാത്തതില്‍ അവള്‍ നിരാശയായിരുന്നു. സ്‌കൂള്‍ പിടിഎ അവളുടെ ദൈനംദിന ബസ് ചാര്‍ജിനായി പണം സ്വരൂപിച്ചുകൊണ്ടിരുന്നു. പള്ളി മാനേജ്‌മെന്റ് ഒരു പൈസ പോലും നല്‍കിയില്ല. ജോലി ലഭിക്കുന്നതിനായി ഞങ്ങള്‍ മാനേജ്‌മെന്റിന് വലിയൊരു തുക നല്‍കിയിരുന്നു, ‘

മാനേജ്‌മെന്റിന് എതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമനത്തിനായി അലീനയുടെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു താമരശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ പ്രതികരണം. രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നിയന്ത്രണത്തിലാണ് അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്.

അലീന ബെന്നി ഒരു പ്രതീകമാണ്. കാരണം അലീനയെപ്പോലെ, ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം 16,000 ആണെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ പറയുന്നു. പാടത്ത് പണി വരമ്പത്ത് കൂലി എന്ന് പറഞ്ഞു അവകാശങ്ങള്‍ ചോദിച്ചു വാങ്ങിയ നാട്ടിലാണ് ആയിരങ്ങള്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത്. എന്താണ് ഇതിന്റെ കാരണം?

ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ 2022 ഓഗസ്റ്റിലെ ഉത്തരവില്‍, 2017 ഏപ്രില്‍ 18 വരെയുള്ള ഒഴിവുകളില്‍ മൂന്ന് ശതമാനവും 2017ന് ശേഷമുള്ള ഒഴിവുകളില്‍ നാല് ശതമാനവും ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെക്കണമെന്നും ഇക്കാലയളവില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളില്‍ അവര്‍ക്ക് നിയമനം നല്‍കിയിട്ടില്ലെങ്കില്‍ 2018 നവംബര്‍ 18ന് ശേഷം ഉണ്ടായ ഒഴിവുകളില്‍ നിയമനം നല്‍കണമെന്നും ഇതിന് ശേഷം മാത്രമെ 2018 നവംബര്‍ 18ന് ശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാകൂവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2021 നവംബര്‍ എട്ടിന് ശേഷമുള്ള ഒഴിവുകളില്‍ ബാധകമാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് 2021 ല്‍ നിര്‍ദേശിച്ചതും 2021 ജൂലൈ 15ന് ശേഷം മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് 2021 സെപ്റ്റംബര്‍ 24നകം അംഗീകാരം നല്‍കണമെന്ന് 2021 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.

2023 മാര്‍ച്ചില്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ 2018 നവംബര്‍ 18നും 2021 നവംബര്‍ 8നും ഇടയില്‍ ഉണ്ടായ ഒഴിവില്‍ നിയമനം നല്‍കിയവര്‍ക്ക് വിദ്യാഭ്യാസ ഓഫിസര്‍ താല്‍ക്കാലികമായി നിയമന അംഗീകാരം നല്‍കണമെന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥി ചുമതലയേല്‍ക്കുന്നതു വരെയാണു നിയമനം എന്ന നിബന്ധനയോടെയാണിത്. ഇവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ താല്‍ക്കാലികമായി നിയമിക്കപ്പെടുന്നവരെ നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ അഭാവമുണ്ടായാല്‍ പിന്നീട് സ്ഥിരപ്പെടുത്താമെന്നും വ്യക്തമാക്കി. ഭിന്നശേഷിക്കാരായ അധ്യാപകര്‍ എത്തിയാല്‍ താല്‍ക്കാലിക നിയമനം അംഗീകാരം നല്‍കിയവരെ അതേ സ്‌കൂളിലോ അതേ മാനേജ്‌മെന്റിന്റെ മറ്റ് സ്‌കൂളിലോ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കണമെന്നും ഉത്തരവിട്ടു. ഇത് അപ്രായോഗികമാണെന്ന് പറഞ്ഞു മാനേജ്മെന്റ് ഇതിനെ എതിര്‍ത്തു.

കോടതി ഇങ്ങനെയൊരു ഇടപെടല്‍ നടത്തിയതോട് കൂടി ഇതാണ് എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്നൊരു നറേറ്റീവ് മാനേജ്‌മെന്റുകള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. അലീന ബെന്നിയുടെ മരണത്തില്‍ പോലും ഈ കാര്യങ്ങളെടുത്തു പറഞ്ഞു പ്രതിരോധിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. പക്ഷെ അതാണോ വാസ്തവം?
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയര്‍ സൂപ്രണ്ടും അലീന ബെന്നിയുടെ നാട്ടുകാരനുമായ പി.എം. സെബാസ്റ്റ്യന്‍ പറയുന്നത് എന്താണെന്ന് നോക്കാം.

അലീന ബെന്നിക്ക് 22/7/2021 മുതല്‍ മുത്തോറ്റിക്കല്‍ നസ്രത്ത് എല്‍.പി സ്‌കൂളില്‍ നിയമനം നല്‍കിയ സമയത്ത് സ്‌കൂളില്‍ നിയമനത്തിന് ഉതകുന്ന ഒരു വേക്കന്‍സി ഇല്ലായിരുന്നു എന്നും ഇക്കാര്യം മറച്ചു വച്ചു നിയമനം നല്‍കി എന്നും, അതിനുമുമ്പ് അലീന ബെന്നി ചക്കിട്ടപാറ സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്നും ആ സ്‌കൂളില്‍ നല്കിയ നിയമന ഉത്തരവ് പിന്നീട് തിരിച്ചുവാങ്ങിയെന്നതുമൊക്കെ ഇക്കാര്യത്തില്‍ വലിയ വീഴ്ചയും ക്രമക്കേടും നടന്നുവെന്നത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇവിടെ ഒരിടത്തു മാത്രം ഒതുങ്ങുന്ന ഒരു തട്ടിപ്പല്ലിത്. 2023 ജൂണില്‍ വടകരയില്‍, ഇരിങ്ങലിലെ എയ്ഡഡ് സ്‌കൂളായ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുന്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നാണ് പണം തട്ടിയെടുത്തെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. തൃശൂര്‍ കഴീമ്ബ്രം വിപിഎം എസ്എന്‍ഡിപി സ്‌കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന വി സി പ്രവീണ് അനധികൃത അവധിയെടുത്ത് സ്‌കൂളുകള്‍ വാങ്ങി ഇല്ലാത്ത തസ്തികയിലേക്ക് നിയനം നടത്തി 114 അധ്യാപകരെ കബളിപ്പിച്ചതും. അലീനയുടേത് പോലെ, ഇല്ലാത്ത വേക്കന്‍സി ഉണ്ടെന്ന് പറഞ്ഞു നിയമനത്തിന് വലിയ തുക വാങ്ങി പണം തട്ടുന്ന ഒരുപാട് സംഭവങ്ങളുണ്ട്, ഇതിപ്പോള്‍ ഒരു മരണം നടന്നപ്പോള്‍ ചര്‍ച്ചയായി എന്ന് മാത്രം. ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ പറഞ്ഞത്. മുഴുവനും എഴുതിയാല്‍ ഒരു ആര്‍ട്ടിക്കിള്‍ മതിയാവില്ല.

ഏറ്റവും മികച്ച അധ്യാപകരെ ഉറപ്പാക്കണമെങ്കില്‍ അധ്യാപന അഭിരുചിയുള്ളവരെ കണ്ടെത്തി നിയമിക്കണം എന്നും എയ്ഡഡ് സ്‌കൂളുകള്‍ അടക്കം സര്‍ക്കാര്‍ ശമ്പളം നല്കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും നിയമനം പിഎസ്സിക്ക് വിടണമെന്ന് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് സ്‌കൂളുകളില്‍ കക്ഷി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കോടതി തടയുകയുണ്ടായി. അത് പുനഃസ്ഥാപിക്കണമെന്ന് ശക്തിയുക്തം കമ്മറ്റി നിര്‍ദ്ദേശിച്ചു. ലഹരി ഉപയോഗവും മദ്യാസക്തിയും ജാതിമതാദികളിലുള്ള അമിത വിശ്വാസവും വിദ്യാലയങ്ങളില്‍ വേരൂന്നുകയാണെന്നും അതിന് കാരണം വിദ്യാലയരാഷ്ട്രീയം നിരോധിച്ചതാണെന്നും രാഷ്ട്രീയമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെ പെരുമാറണം എന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് അറിയേണ്ടതുണ്ട്. ജനാധിപത്യത്തിലെ പാഠ്യപദ്ധതി രാഷ്ട്രീയമുക്തമാക്കാനാകില്ല. ജീവിക്കുന്ന സമൂഹത്തിലെ എല്ലാ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസം. എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ്, എംഇഎസ് തുടങ്ങിയ സംഘടനകള്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന് പറഞ്ഞ സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോട്ട് പോവുകയും ചെയ്തു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതില്‍ ഇടപെടാത്തത്? കാരണങ്ങള്‍ അറിയാന്‍ കുറച്ചു പിറകിലേക്ക് പോകേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1957 ലെ ഒന്നാം കേരള മന്ത്രിസഭയുടെ, അഥവാ ഇഎം എസ് മന്ത്രിസഭയുടെ കാലം വരെ. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസ പരിഷ്‌ക്കരണവും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു. ഭൂപരിഷ്‌ക്കരണത്തിനായുള്ള ബില്ല് അസംബ്ലിയില്‍ കൊണ്ടുവന്നയുടന്‍ ആദ്യം എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നായിരുന്നു. കുടികിടപ്പുകാരനായിരുന്ന മനുഷ്യനെ ഭൂമിക്ക് അവകാശിയാക്കാന്‍ ഉന്നമിട്ട ബില്ല് കൊണ്ടുവന്നത്തോടെ ജന്മികളും സമുദായിക ശക്തികളും സര്‍ക്കാര്‍ വിരുദ്ധനിലപാടിലേക്കെത്തി.
1957 ജൂലൈ പതിമൂന്നാം തിയതി വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നിയമസഭയില്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു;

”സര്‍, ഈ ബില്ലിനെ സംബന്ധിച്ച് വളരെ ചുരുക്കത്തില്‍ മാത്രം പ്രതിപാദിച്ചുകൊണ്ട് ഇതു ബഹുമാനപ്പെട്ട സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയാണ്. നമ്മുടെ നാട്ടില്‍ എന്നുവച്ചാല്‍ കേരള സംസ്ഥാനത്ത്, ഒന്‍പതിനായിരത്തില്‍പരം സ്‌കൂളുകളും, അതില്‍ പ്രവര്‍ത്തിക്കുന്ന അനേകായിരം അധ്യാപകരുമുണ്ട്. ഇത്രയും വന്‍പിച്ച ഒരു സാമൂഹ്യക്ഷേമപരിപാടി ഈ ഗവണ്‍മെന്റിനു വേറെയുണ്ടോ എന്ന് സംശയമാണ്. ബഹുമാനപ്പെട്ട മെമ്പറന്മാര്‍ ഇതിനകം മനസ്സിലാക്കിയിട്ടുള്ളതുപോലെ നമ്മുടെ ബഡ്ജറ്റിലെ ഏറ്റവും വലിയവീതം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ വമ്പിച്ച ഡിപ്പാര്‍ട്ടമെന്റാണ്. 9000ല്‍ പരം സ്‌കൂളുകളുള്ളതില്‍ ഏതാണ്ട് പകുതിയോളം പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ബഹുമാനപ്പെട്ട സഭയ്ക്കറിയാവുന്നതാണ്. മേലില്‍ ഗവണ്‍മെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നു എന്ന സ്ഥിതിവന്നുപോയാല്‍ മാനേജരന്മാരും അധ്യാപകന്മാരും തമ്മിലുള്ള ബന്ധം പഴയപോലെ യജമാനഭൃത്യബന്ധം ആയിരിക്കരുതെന്നു ഗവണ്‍മെന്റിനഭിപ്രായമുണ്ട്. ആ ബന്ധം അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ തുല്യ സേവനപ്രവണതയോടുകൂടി ഡിപ്പാര്‍ട്ടുമെന്റും മാനേജരന്മാരും അധ്യാപകന്മാരും ഏകോപിച്ചും സഹകരിച്ചും ഒരു പ്രവത്തനം ഭാവിയില്‍ ഈ രാജ്യത്തുണ്ടാകണമെന്ന പ്രത്യാശയോടുകൂടിയാണ് ഞാന്‍ ഈ ബില്‍ അവതരിപ്പിക്കുന്നത്.”

ബില്‍ കോടതിയിലെത്തുകയും സുപ്രിം കോടതിയുടെ ആറംഗ ബെഞ്ച് ബില്‍ അംഗീകരിക്കുകയും ചെയ്തതിന്റെ ഫലമായി 1959 ല്‍ വിദ്യാഭ്യാസ ബില്‍ ആക്റ്റായി നിലവില്‍ വന്നു. ബില്‍ ആക്റ്റായി മാറിയെങ്കിലും സംസ്ഥാനത്തു നടപ്പായില്ല. മാനേജ്‌മെന്റുകളുടെ അധികാരം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഇ എം എസ് സര്‍ക്കാരിനെതിരെ കേരളത്തിലെ ആദ്യത്തെ മഴവില്‍ സഖ്യം രൂപപ്പെട്ടു. വൈരികളായിരുന്ന കത്തോലിക്കാ സഭയും എന്‍ എസ് എസ്സും കൈകോര്‍ത്തു, എസ്.എന്‍.ഡി.പി യും മുസ്ലിം ലീഗും, കെ എസ് പിയും, കെ ടി പിയും ഫാദര്‍ വടക്കനും, ആര്‍ എസ് പി യും, സോഷ്യലിസ്റ്റ് പാര്‍ട്ടിയും പട്ടം താണുപിള്ളയും അണിനിരന്ന സമരത്തിന്റെ അമരത്ത് ഇന്നത്തെ ‘നവോത്ഥാന നായകന്‍’ മന്നത്തു പത്ഭനാഭനായിരുന്നു. വിമോചനസമരസമിതി രൂപീകരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തില്‍ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു. ചാത്തന്‍ പൂട്ടാന്‍ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടേ, മന്നത്തപ്പന്‍ നേതാവെങ്കില്‍ സമരം ഞങ്ങള്‍ വിജയിക്കും മന്നത്തപ്പാ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ മുഴങ്ങി. സമരം കടുത്തു, 1959 ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നെഹ്റു നേരിട്ട് തിരുവനന്തപുരത്തെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 1959 ജൂലൈ മുപ്പത്തിയൊന്നാം തീയതി പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടനയുടെ 356 ആം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. പിന്നീട് വന്ന കോണ്ഗ്രസ്, പി എസ് പി, ലീഗ് തൃകക്ഷി മന്ത്രിസഭ 1961 ല്‍ കേരള വിദ്യാഭ്യാസ ആക്റ്റിലെ എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടണമെന്നുള്ള വ്യവസ്ഥ ഭേദഗതി ചെയ്തു മാനേജ്‌മെന്റിനു നിയമനങ്ങള്‍ നടത്താനുള്ള അധികാരം നല്‍കി. ഇന്ന് ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഭയക്കുന്നതിനു ചരിത്രപരമായ കാരണമുണ്ടെങ്കിലും, ന്യായീകരിക്കത്തക്ക കാരണങ്ങള്‍ ഒന്നുമില്ല എന്നതാണ് വാസ്തവം.

Teachers representative images

ഇന്ന് സംസ്ഥാനത്തു ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5.45 ലക്ഷമാണ്. ഇതില്‍ എയ്ഡഡ് മേഖലയില്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് ഉള്‍പ്പടെ 1.38 ലക്ഷമാണ് ഉള്ളത് (27%). കേരള സര്‍ക്കാരിന്റെ വരുമാനത്തിന്റെ 40-45% ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കപ്പെടുന്നത്. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അറുപതിനായിരം കോടി രൂപയക്ക് മുകളിലായിരുന്നു. മേല്‍പ്പറഞ്ഞ, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന 1.38 ലക്ഷം ജീവനക്കാരെ നിയമിച്ചിരിക്കുന്നത് മാനേജ്‌മെന്റാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ ഇങ്ങനെ നിയമിക്കപ്പെടുന്നതിന്റെ മാനദണ്ഡം മാനേജ്‌മെന്റിനു നല്‍കുന്ന പണമാകരുത് എന്നതാണ്. നമ്മുടെ സാംസ്‌കാരിക നായകര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ പലരും ഇപ്രകാരം ജോലിക്ക് കയറിയതായത് കൊണ്ടു തന്നെ ഈ അനീതിക്കെതിരെ അവരും ശബ്ദമുയര്‍ത്താറില്ല. ഇവിടെ ഇനി വരുന്ന ഒഴിവുകള്‍ പി എസ് സി ക്ക് വിടുകയാണെങ്കില്‍, അല്ലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ തീരുമാനിച്ചാല്‍, നിലവിലെ ജീവനക്കാര്‍ വിരമിക്കുന്ന മുറയ്ക്ക്, കുറെ വര്‍ഷങ്ങള്‍ കൊണ്ടു ഈ 1.38 ലക്ഷത്തില്‍ ഇപ്പോള്‍ കേരളത്തിലുള്ള, നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവരും അല്ലാത്തവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് എത്താനാകും. അതായത് വര്‍ഷങ്ങള്‍ കൊണ്ടാണെങ്കിലും 1.38 ലക്ഷം തൊഴിലവസരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കിട്ടും. അങ്ങനെ ചെയ്താല്‍ അതിന്നാട്ടിലെ അഭ്യസ്ത വിദ്യരായ യുവാക്കളോട് ചെയ്യാവുന്ന നീതിയാകും; വലിയൊരു വിപ്ലവവും. ചെയ്യാനുള്ള ചരിത്രപരമായ ബാധ്യത ഇടതുപക്ഷത്തിനുണ്ട്. പക്ഷെ ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ പതനം സര്‍ക്കാരിന് പേടിസ്വപ്നമാകുന്നു.

അലീനയുടെ മരണം വെളിവാക്കുന്നത് ജോസഫ് മുണ്ടശ്ശേരി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പറഞ്ഞ ”മാനേജരന്മാരും അധ്യാപകന്മാരും തമ്മിലുള്ള യജമാനഭൃത്യബന്ധം” എന്ന വസ്തുത ഇന്നും എത്ര ശക്തമായി നില കൊള്ളുന്നു എന്നതാണ്. സാധാരണക്കാരന്‍ പിടിയരി പിരിച്ചൊക്കെ തുടങ്ങിയതാണ് പല സ്‌കൂളുകളും. സ്വയം പ്രകാശിപ്പിക്കാനും മനുഷ്യമനസ്സുകളെ സ്വാധീനിക്കാനുമുള്ള ഒരു സാധ്യതയാണ് പലപ്പോളും അധ്യാപകനും എഴുത്തുകാരനുമൊക്കെ കിട്ടുന്നത്. ചിലര്‍ക്കെങ്കിലും അതൊരു ജോലിയല്ല ദൗത്യമാണ്. ആ സാധ്യത അടഞ്ഞപ്പോള്‍ മരണത്തിലേക്ക് നടന്നു കയറിയ കവി രാജലക്ഷ്മി ടീച്ചര്‍ നമുക്ക് മുന്നിലുണ്ട്. അലീനയൊരു രക്തസാക്ഷിയാണ്. വാതിലുകള്‍ അടയുമ്പോള്‍, അത് ചിലര്‍ അത് ലോകത്തോട് വിളിച്ചു പറയുന്നത് സ്വയം മരണത്തിലേക്ക് നടന്നു കയറിയാകും. ഒരാത്മാര്‍ത്ഥതയുമില്ലാതെ, ദിനം തോറും കൈകളാകാശത്തേക്കുയര്‍ത്തി മനുഷ്യപുത്രന്റെ ബലിയെക്കുറിച്ച് വാചാലരാകുന്നവരുടെ കണ്ണ് തുറപ്പിക്കാണെങ്കിലും സ്വന്തം ബലി കാരണമാകും എന്ന് അലീന ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷെ അവര്‍ക്ക് തെറ്റിപ്പോയിരിക്കുന്നു. അലീനയെപ്പോലെയുള്ളവരുടെ മരണത്തിനും, ശമ്പളമില്ലാതെ പണിയെടുക്കന്നവരുടെ കണ്ണീരിനും മേല്‍ പണിതുയര്‍ത്തുന്ന ബാബേല്‍ ഗോപുരങ്ങള്‍ നിലം പൊത്തുക തന്നെ ചെയ്യുമെന്ന് ആരാണിവരോട് പറഞ്ഞു കൊടുക്കുക.  Teacher appointments and management in aided schools and Alina Benny’s martyrdom

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Teacher appointments and management in aided schools and Alina Benny’s martyrdom

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×