ശാസ്ത്രരംഗം പുരോഗമിക്കുകയാണ്, ഒപ്പം ഇന്റര്‍നെറ്റ് ഉപയോഗവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ടുതന്നെ സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ വെബ് പ്ലാറ്റ്‌ഫോം എന്ന ആവശ്യം ഏറുകയാണ്. ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കള്‍ക്കും സൃഷ്ടാക്കള്‍ക്കുമുള്ള പ്രധാന വെല്ലുവിളിയും ഇന്റര്‍നെറ്റ് സുരക്ഷ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കായി പക്ഷപാതപരമായി ഓണ്‍ലൈനിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണവും ഉണ്ടായിരുന്നു.
ഇനി ‘മില്യണ്‍ ഷോര്‍ട്ട്’ എന്ന സെര്‍ച്ച് എഞ്ചിനെക്കുറിച്ച് പറയാം. ഇവനെക്കുറിച്ച് നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം എന്നതാണ് ചോദ്യം? അതെ, അറിയാവുന്നവര്‍ കുറവായിരിക്കും. 2012 ല്‍ സ്ഥാപിതമായ മില്യണ്‍ ഷോര്‍ട്ട് എന്നത് നൂതനമായ സെര്‍ച്ച് എഞ്ചിനാണ്. ഇവനിലൂടെ ഇന്റര്‍നെറ്റില്‍ നിന്നും ആഴത്തിലുള്ള വിവരങ്ങള്‍ കണ്ടുപിടിക്കുവാനും അവയെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും കഴിയും. ഡാറ്റാ ഓണ്‍ലൈനിലേക്ക് വിവരങ്ങള്‍ തേടുന്നതിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ മില്യണ്‍ ഷോര്‍ട്ടിലൂടെ കഴിയുന്നുണ്ട്. ടൊറന്റോ ആസ്ഥാനമായാണ് മില്യണ്‍ ഷോര്‍ട്ടിന്റെ പ്രവര്‍ത്തനം.
ഇന്റര്‍നെറ്റിലെ ജനപ്രിയ തിരയലുകള്‍, സ്‌പോണ്‍സേര്‍ഡ് നിര്‍ദ്ദേശങ്ങള്‍ എന്നപേരിലൊക്കെ നടക്കുന്ന വ്യാജമായ പ്രചരണം ഉപഭോക്താക്കള്‍ക്ക് തന്നെ കണ്ടെത്താനും ആവശ്യമെങ്കില്‍ അവ വേണ്ടെന്നുവയ്ക്കാനും മില്യണ്‍ ഷോര്‍ട്ടിലൂടെ കഴിയുമെന്നത് മില്യണ്‍ ഷോര്‍ട്ട് എന്ന സെര്‍ച്ച് എഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. സെര്‍ച്ച് എഞ്ചിന്‍ കുത്തകാവകാശമായി കൊണ്ടു നടക്കുന്ന ഗൂഗിളിനെ തങ്ങളുടെ വ്യത്യസ്തത കൊണ്ട് അട്ടിമറിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മില്യണ്‍ ഷോര്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ സഞ്ജയ് അറോറ പറയുന്നു.
മില്യണ്‍ ഷോര്‍ട്ട് എങ്ങനെ വ്യത്യസ്തമാകുന്നു
ഇന്റര്‍നെറ്റില്‍ ആഴമേറിയ തിരയലുകള്‍ക്കായി മില്യണ്‍ ഷോര്‍ട്ടിനെ ഉപയോഗിക്കാം. മറ്റുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും വ്യത്യസ്തമായി ഉപയോഗിക്കുന്നയാള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം തിരഞ്ഞ് കണ്ടുപിടിക്കാം. ഉദാഹരണത്തിന് ഏറ്റവും പ്രമുഖമായ വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ പോലും നിങ്ങള്‍ക്ക് വേണ്ടെന്നുവെയ്ക്കാനാകും. ഇതിലൂടെ ഉള്ളിള്‍ ഒളിഞ്ഞു കിടക്കുന്ന പല വെബ്‌സൈറ്റുകളിലെയും സത്യസന്ധമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.
പ്രചോദനം ഇതാണ്
ഇന്റര്‍നെറ്റില്‍ നിന്നും നമുക്ക് നേടാനാകുന്ന അറിവ് വളരെ വലുതാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില കുത്തക കമ്പനികളെ എന്തിന് അനുവദിക്കണം എന്നത് വലിയൊരു ചോദ്യമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് തിരയല്‍ രംഗത്ത് ഇനിയും മാറ്റങ്ങള്‍ വരാനുണ്ട്. ഇന്റനെറ്റില്‍ വരുന്ന ഉള്ളടക്കം സംബന്ധിച്ച് പലതും ഇനിയും പുറത്തുവന്നിട്ടില്ല. ഒരു വലിയ അവസരം ഈ രംഗത്ത് ഇനിയും നിലനില്‍ക്കുന്നു. അവയെ പുറത്തു കൊണ്ടുവരണം ഇതുതന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഞ്ജയ് അറോറ വ്യക്തമാക്കുന്നു.
മില്യണ്‍ ഷോര്‍ട്ടിന്റെ ഭാവി
”സാങ്കേതിക രംഗത്ത് മില്യണ്‍ ഷോര്‍ട്ട് വളരുകയാണ്. പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മില്യണ്‍ ഷോര്‍ട്ട് എന്ന പേര് ലോകമെമ്പാടും സുപരിചിതമാകും” സഞ്ജയ് അറോറയുടെ ശുഭാപ്തി വിശ്വാസം.