വിവാദങ്ങൾ വിട്ടൊഴിയാതെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും മകൻ തേജ് പ്രതാപ് യാദവും. 12 വർഷമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള തേജ് പ്രതാപ് യാദവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും തുടർന്ന് മകനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കികൊണ്ടുള്ള ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനവും വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നിരുത്തരവാദപരമായ പെരുമാറ്റത്തെ തുടർന്നാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. എന്നാൽ വിഷയത്തിൽ ലാലു പ്രസാദ് യാദവിന്റെ നടപടിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് തേജ് പ്രതാപ് യാദവിന്റെ ഭാര്യയായ ഐശ്വര്യ റായ്. മകനെ പുറത്താക്കിക്കൊണ്ടുള്ള ലാലു പ്രസാദിന്റെ നടപടി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നാടകമാണെന്നാണ് ഐശ്വര്യയുടെ ആരോപണം. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തേജ് പ്രതാപും ഐശ്വര്യ റായും വേർപിരിഞ്ഞ് കഴിയുകയാണ്. എന്തിനാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നും എന്തിനാണ് തന്നെ ഉപദ്രവിച്ചതെന്നുമാണ് ഐശ്വര്യ റായ് ചോദിച്ചതെന്ന് ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആരാണ് ഐശ്വര്യ റായ്?
ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളും മുൻ മന്ത്രിയും ആറ് തവണ എംഎൽഎയുമായ ചന്ദ്രിക റായുടെ മകളുമാണ് ഐശ്വര്യ റായ്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിദുദം നേടിയ ഐശ്വര്യ, എംബിഎ ബിരുദധാരി കൂടിയാണ്. 2018ലായിരുന്നു തേജ് പ്രതാപ് യാദവിന്റെയും ഐശ്വര്യ റായുടെയും വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ, തേജ് പ്രതാപിന്റെ കുടുംബം തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ മുന്നോട്ട് വന്നിരുന്നു. പിന്നീട് മുൻ മുഖ്യമന്ത്രി റാബ്രി ദേവി, തേജ് പ്രതാപിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതി, തേജ് പ്രതാപ് എന്നിവരുൾപ്പെടെ യാദവ കുടുംബത്തിലെ അംഗങ്ങൾക്കെതിരെ അവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തേജ് പ്രതാപ് തന്നെ ഉപദ്രവിച്ചതായും ഐശ്വര്യ ആരോപണമുന്നയിച്ചിരുന്നു.
ഇരുകുടുംബങ്ങളിലെയും പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ വേർപിരിയലിനും തുടർന്നുണ്ടായ ആരോപണങ്ങൾക്കും ശേഷം, ചന്ദ്രിക റായ് ആർജെഡി വിട്ട് നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേരുകയായിരുന്നു.
ഞായറാഴ്ചയാണ് തേജ് പ്രതാപിന്റെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ ലാലു പ്രസാദ് യാദവ് തേജ് പ്രതാപിനെതിരെ തിരിയുന്നത്. തന്റെ കാമുകിയുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് 12 കൊല്ലമായി താന്‍ പ്രണയത്തിലാരുന്നുവെന്ന് വെളിപ്പെടുത്തിയത്. വിഷയം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തേജ് പ്രതാപ് പറയുകയും ചെയ്തിരുന്നു. മറ്റൊരു സ്ത്രീയുമായി തേജ് പ്രതാപിന് ബന്ധമുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. ‘ഇപ്പോള്‍ എല്ലാവര്‍ക്കും സത്യം അറിയാം. എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ പിന്നെന്തിനാണ് അയാള്‍ എന്നെ വിവാഹം കഴിച്ചത്, എന്റെ ജീവിതം നശിപ്പിച്ചത്. പന്ത്രണ്ടുകൊല്ലത്തെ രഹസ്യം ഇപ്പോള്‍ പുറത്തറിഞ്ഞിരിക്കുന്നു. ഒരുപാടുകാലമായുള്ള ബന്ധമാണെങ്കില്‍ സ്വാഭാവികമായും അയാളുടെ കുടുംബത്തിന് ഇതേക്കുറിച്ച് അറിവുണ്ടായിരിക്കും’, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മകനെ പുറത്താക്കിയ ശേഷം ഇപ്പോള്‍ സാമൂഹികനീതിയെ കുറിച്ച് സംസാരിക്കുകയാണ് ലാലു പ്രസാദ് യാദവെന്നും വീട്ടില്‍നിന്ന് പുറത്താക്കിയപ്പോള്‍ എവിടെ ആയിരുന്നു അദ്ദേഹത്തിന്റെ നീതിബോധമെന്നും ഐശ്വര്യ ചോദിച്ചു.
Content Summary: tej pratap yadav’s wife attack lalu yadav; who is Aishwarya Rai?