January 18, 2025 |

എന്തിനാണ് പി.എസ്.സി; പുരാരേഖാ വകുപ്പിലെ താല്കാലിക ജീവനക്കാരുടെ സ്ഥിരനിയമനം റദ്ദാക്കേണ്ടതല്ലേ?

കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും വകുപ്പ് മന്ത്രിയായതോടെ ഇവരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാന്‍ വകുപ്പധ്യക്ഷന് നിര്‍ദേശം നല്‍കി

സര്‍ക്കാര്‍ സര്‍വീസില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാണെന്ന ആരോപണം ശക്തമാകവെ തന്നെ സംസ്ഥാന പുരാരേഖാ വകുപ്പിലെ മൂന്ന് കരാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിലും സര്‍ക്കാരിന് മൗനം. പി.എസ്.സി യെ പോലും അറിയിക്കാതെ പുരാവസ്തു വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് മൂന്ന് താല്കാലിക ജീവനക്കാരുടെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. പത്തുവര്‍ഷം ജോലി ചെയ്തു എന്ന കാരണം പറഞ്ഞാണ് ഇവരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയത്. കരാര്‍ ജീവനക്കാരായി കയറിയ ഇവരെ ഇപ്പോള്‍ ഗസറ്റഡ് പോസ്റ്റിലേക്ക് നിയമിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. temporary staff in the Department of Archieves should be cancelled

2011 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താല്കാലികാടിസ്ഥാനത്തില്‍ രൂപീകരിച്ച മൂന്ന് ട്രാന്‍സ്ലേറ്റര്‍ തസ്തിക 2019 ല്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. ഈ തസ്തികയില്‍ 2013 മുതല്‍ താല്കാലികാടിസ്ഥാനത്തില്‍ മൂന്നുപേരെ നിയമിച്ചിരുന്നു. എന്നാല്‍ ഏഴ് വര്‍ഷം മാത്രം ജോലി ചെയ്ത ഈ മൂന്നുപേരെ 10 വര്‍ഷം ജോലി ചെയ്തുവെന്ന കാരണം പറഞ്ഞ് സ്ഥിരപ്പെടുത്തുകയായിരുന്നു. തെളിവുകള്‍ പരിശോധിച്ചാല്‍ ഘടകകക്ഷികള്‍ സൗകര്യാര്‍ത്ഥം വേണ്ടപ്പെട്ടവര്‍ക്കായി മൂന്ന് തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്തുകയായിരുന്നു.

report

പുരാരേഖാ വകുപ്പില്‍ സൂക്ഷിക്കുന്ന താളിയോല ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ പഴയ മലയാളം ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ ലിപികളില്‍ എഴുതപ്പെട്ടതായതുകൊണ്ട് ഇവ ആധുനിക മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയാണ് പരിഭാഷകരുടെ താല്‍ക്കാലിക തസ്തിക ഉണ്ടാക്കി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നിയമനം നല്‍കിയത്. എന്നാല്‍ 2019 ലെ ഉത്തരവ് പ്രകാരം തസ്തിക സ്ഥിരപ്പെടുത്തുകയും താല്കാലിക ജീവനക്കാര്‍ പത്തുവര്‍ഷം ആകുന്ന മുറയ്ക്ക് അവരെ സ്ഥിരപ്പെടുത്താം എന്ന വിചിത്രമായ ഉത്തരവും വകുപ്പ് മന്ത്രിയുടെ അറിവോടെ പുരാരേഖാ ഡയറക്ടര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഈ ഉത്തരവ് പിന്‍വാതില്‍ നിയമനമല്ലെന്നും, വിവാദമായ ഉമാദേവി കേസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും എഴുതിച്ചേര്‍ക്കാനും സര്‍ക്കാര്‍ മറന്നില്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും വകുപ്പ് മന്ത്രിയായതോടെ ഇവരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാന്‍ 2024 ഒക്ടോബര്‍ 29ന് ഭരണ വകുപ്പ്, വകുപ്പധ്യക്ഷന് നിര്‍ദേശം നല്‍കി. 2024 നവംബര്‍ രണ്ടിന് ഇതുപ്രകാരം ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവുകളെല്ലാം ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചിയുടെ പേരിലാണ്.

govt copy

2019 ലും 2023 ലും നടന്ന അക്കൗണ്ട്‌സ് ജനറലിന്റെ ഓഡിറ്റില്‍ സ്ഥിരപ്പെടുത്തല്‍ ഉത്തരവ് തെറ്റാണെന്നും ഇത് ഉമാദേവി കേസിന്റെ പരിധിയില്‍ വരുന്നതാണെന്നും തസ്തിക സ്ഥിരപ്പെടുത്തുമ്പോള്‍ പി.എസ്.സിയെ അറിയിച്ച് സമ്മതം വാങ്ങേണ്ടതാണെന്നും, സംസ്ഥാന സര്‍ക്കാരിന്റെ സംവരണതത്വത്തെ ഈ നിയമനം ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ മൂന്നുപേരും സ്ഥിരനിയമന ഉത്തരവ് നേടിയെടുക്കുകയായിരുന്നു. പുരാരേഖാ ഡയറക്ടറുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു 2019ല്‍ ഈ തസ്തികകള്‍ സ്ഥിരപ്പെടുത്തിയത്. ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുകയും യോഗ്യരായവരെ പി.എസ്.സി മുഖേന സ്ഥിരമായി നിയമിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതു ചെയ്യാന്‍ അന്നത്തെ പുരാരേഖാ വകുപ്പ് ഡയറക്ടര്‍ തയാറായില്ല. ഒഴിവുകള്‍ പി.എസ്.സിയില്‍ നിന്ന് മറച്ചുവയ്ക്കുക വഴി യോഗ്യരായവര്‍ക്ക് സ്ഥിര നിയമനവും ആനുകൂല്യങ്ങളും കിട്ടാനുള്ള സാധ്യതയും ഇല്ലാതായി.

Post Thumbnail
2050 ല്‍ പ്ലാസ്റ്റിക് മൂന്നിരട്ടിയാകും; ആഗോള പ്ലാസ്റ്റിക് ഉടമ്പടിയുമായി യുഎന്‍വായിക്കുക

എംഎ മാനുസ്‌ക്രിപ്റ്റോളജിയും പി എച്ച് ഡിയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍രഹിതരായിരിക്കുമ്പോള്‍ അവരുടെ അവസരമാണ് ഈ കരാര്‍ നിയമന ഉത്തരവിലൂടെ ഇല്ലാതായിരിക്കുന്നത്. സര്‍ക്കാരിന്റെ സംവരണതത്വം അനുസരിച്ച് ഒബിസി വിഭാഗത്തിലെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഒരു കുട്ടിക്കും ലഭിക്കേണ്ട ജോലിയാണ് രാഷ്ട്രീയ സ്വാധീനത്തിലൂടെ നഷ്ടമായത്. താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന 2021 ലെ സര്‍ക്കുലറിനെയും മറികടന്നാണ് ഘടകകക്ഷിയായ കോണ്‍ഗ്രസ് (എസ്) ഭരിക്കുന്ന സാംസ്‌കാരിക വകുപ്പില്‍ ചട്ടലംഘനങ്ങള്‍ നടന്നിരിക്കുന്നത്. കൂടാതെ ഈ മൂന്നുപേര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്ക് നല്‍കുന്ന സാലറി സ്‌കെയില്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതായ അക്കൗണ്ട്‌സ്
ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിട്ടാണ് സ്ഥിരജീവനക്കാരായി മൂന്ന് കരാര്‍ ജീവനക്കാരും തുടരുന്നത്. സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നു.

order

താല്‍ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്തുന്നതിനു മുമ്പ് നിയമ, ധന വകുപ്പുകളുടെ മാത്രം അഭിപ്രായം തേടിയാല്‍ പോരായെന്ന് സര്‍ക്കാരിന് നേരത്തേ നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സിയുമായി രേഖാമൂലം ആശയവിനിമയം നടത്തി ആ തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യത നിശ്ചയിച്ച് പി.എസ്.സി വിജ്ഞാപനം ഇറക്കാന്‍ ഭരണ വകുപ്പ് സാഹചര്യമുണ്ടാക്കുകയാണ് വേണ്ടത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഉറപ്പാക്കുന്ന ഭരണഘടനയുടെ 320 (3) വകുപ്പിന്റെ ലംഘനവും സംസ്ഥാന സര്‍ക്കാരിന്റെ സംവരണ നയത്തിന്റെ അട്ടിമറിയുമാണ് ഇപ്പോഴത്തെ സ്ഥിരപ്പെടുത്തലില്‍ ഉണ്ടായിരിക്കുന്നത്.

നിയമിതരായ മൂന്നു പേര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളത്തേക്കാള്‍ അധികമാണ് വകുപ്പ് അധ്യക്ഷന്‍ നല്‍കിയത്. താല്കാലിക ജീവനക്കാര്‍ക്ക് പേ സ്‌കെയില്‍ ശമ്പളം കൊടുക്കാന്‍ പാടില്ലെന്ന ചട്ടവും ഇവിടെ മറികടന്നു. ഇതിനെല്ലാം പുറമെയാണ് ഇവര്‍ ഇതുവരെ ചെയ്ത ജോലികള്‍ വകുപ്പ് അവലോകനം ചെയ്തിട്ടില്ലെന്നതും, ഇവര്‍ പരിഭാഷപ്പെടുത്തിയ ഒരു പുസ്തകം പോലും പുരാരേഖാ വകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

പിന്നെന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കത്തില്‍ മൂന്ന് തസ്തികകള്‍ സൃഷ്ടിച്ച് മതിയായ യോഗ്യതയോ പൊതുപരീക്ഷയോ കൂടാതെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. സ്വജനപക്ഷപാതപരമായ നിയമനമാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പി.എസ്.സി എന്തിനാണെന്ന ചോദ്യം മാത്രമാണ് ബാക്കി. സാധാരണക്കാരന്റെ നികുതിപ്പണമാണ് ഇത്തരത്തിലുള്ള നിയമനങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് എന്നതും സര്‍ക്കാര്‍ മറക്കരുത്.temporary staff in the Department of Archieves should be cancelled

Content Summary: temporary staff in Archieves should be cancelled

Archieves Department Archiology government of kerala PSC kerala governement government job temporary staff kadannappalli ramachandran 

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

×