June 04, 2026 |
Share on

ഒന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ അതിക്രമം; പത്തോളം വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി റാവൻഷാ യൂണിവേഴ്സിറ്റി

യൂണിവേഴ്സിറ്റി അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തു

റാവൻഷാ യൂണിവേഴ്സിറ്റിയിൽ ജൂനിയർ വിദ്യാർത്ഥികൾക്കെതിരെ അതിക്രമം. പരാതിയെ തുടർന്ന് പത്തോളം വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഒന്നാം വർഷ വിദ്യാ‌‍‍ർത്ഥികളെ റാ​ഗു ചെയ്തുവെന്നാരോപിച്ചാണ് പത്തോളം മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് എതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചത്. ജൂലൈ 19,20 തീയതികളിലായി ഹോസ്റ്റലിനുള്ളിൽ വച്ചാണ് നടപടിയ്ക്ക് ആധാരമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിയിലെ റാ​ഗിം​ഗ് വിരുദ്ധ സമിതി അന്വേഷണം ആരംഭിക്കുകയും, അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ വാർഡൻ കുറ്റക്കാരായ വിദ്യാർത്ഥികളുടെ ബോർഡർഷിപ്പ് റദ്ദാക്കിയത്. പത്ത് വിദ്യാർത്ഥികളും യൂണിവേഴ്സിറ്റിയിലെ വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളിൽ പഠിക്കുന്നവരാണ്. ഹോസ്റ്റലിൽ പരിസരത്ത് വച്ച് ജൂനിയർ വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അതിക്രമത്തിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിനകത്ത് അക്രമം അഴിച്ചു വിട്ടത്.

സംഭവമറിഞ്ഞ് ഉടൻ തന്നെ യൂണിവേഴ്സിറ്റി ചീഫ് വാർഡൻ, ഹോസ്റ്റൽ വാർഡൻമാർ, യൂണിവേഴ്സിറ്റി ഭരണസമിതി അം​ഗങ്ങൾ ഹോസ്റ്റലിൽ എത്തുകയും സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഗസ്റ്റ് ഹൗസിൽ ഒരു രാത്രി താൽക്കാലിക താമസം അനുവദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതികളുടെ മാതാപിതാക്കളെയും അച്ചടക്ക നടപടികളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാ​ഗമായി യൂണിവേഴ്സിറ്റിയുടെ വിവിധ ഹോസ്റ്റലുകളിലും വകുപ്പുകളിലുമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. വിദ്യാർത്ഥികളുടെ പെരുമാറ്റം വിലയിരുത്തുന്നതിനും സൂക്ഷ്മമായി പരിശോധിക്കുന്നതിനുമായി യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പരാതി ലഭിച്ചയുടൻ തന്നെ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് മാറ്റാൻ യൂണിവേഴ്സിറ്റി നിർദ്ദേശം നൽകിയിരുന്നു. ക്യാമ്പസിലെ റാ​ഗിങ്ങിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിധം നയങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണെന്നും അതിനു വേണ്ട നടപടികൾ ഇതിനകം സ്വീകരിച്ച് കഴിഞ്ഞെന്നും സർവ്വകലാശാല വൃത്തം അറിയിച്ചു.

വൈകുന്നേരം 5:30 ന് ശേഷം വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ള സ്ത്രീകളുടെ പ്രവേശനവും സാന്നിധ്യവും സർവകലാശാല അധികൃതർ വിലക്കിയ മറ്റൊരു വിവാദത്തിൽ നിന്ന് റാവൻഷാ സർവകലാശാല രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം വരുന്നത് എന്നത് ശ്രദ്ധേയമാണ്. വലിയ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്സിറ്റി ഉത്തരവ് പിൻവലിച്ചു.

content summary: Ten students from Ravenshaw University were expelled from the hostel for ragging their juniors

Leave a Reply

Your email address will not be published. Required fields are marked *

×