ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തിൽ തകർന്ന ഇറാനിൽ നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഇറാൻ ഇസ്രായേൽ സംഘർഷങ്ങൾക്ക് പിന്നാലെ തങ്ങളുടെ മെഡിക്കൽ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. ഞങ്ങൾ ഇവിടെ ഭയത്തോടെയാണ് ജീവിക്കുന്നത്. ഉറക്കമില്ലാത്ത രാത്രികൾക്കൊപ്പം ആശങ്കകളും വർദ്ധിച്ചു വരികയാണെന്ന് ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഖാഖി പറഞ്ഞതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ലഭ്യമായ കണക്കുകൾ പ്രകാരം ഇറാനിലെ ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ടെഹ്‌റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഹമദാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഗോലെസ്താൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവടങ്ങളിൽ ഏകദേശം 1500ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് പോലും പല വിദ്യാർത്ഥികളും വ്യക്തമായ ധാരണയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ഇറാന്റെ പ്രതിരോധ സംവിധാനം തകരാറിലെന്ന് അറിഞ്ഞപ്പോൾ മുതൽ വിദ്യാർത്ഥികളെല്ലാം പരിഭ്രാന്തരാണ്. ഡോക്ടർമാരാവണമെന്ന ആഗ്രഹത്തോടെ ഇറാനിലേക്ക് തിരിച്ച വിദ്യാർത്ഥികൾ ഇപ്പോൾ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിസിന് പഠിക്കാൻ എന്ത് കൊണ്ടാണ് വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഒരു വലിയ വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളാണ് മെഡിസിൻ പഠനത്തിനായി ഇറാൻ തിരഞ്ഞെടുക്കുന്നത്. ഇവയിൽ കൂടുതൽ പേരും കാശ്മീരിൽ നിന്നുള്ളവരാണ്. ടെഹ്റാൻ സർവ്വകലാശാലയിലെ 140 വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 1595 ഇന്ത്യൻ വിദ്യാർത്ഥികളാണ് നിലവിൽ ഇറാനിൽ കുടുങ്ങി കിടക്കുന്നത്. ഇത്തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാനായി വിദ്യാർത്ഥികൾ ഇറാൻ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ പൊതുവേ മെഡിക്കൽ സീറ്റുകൾ കുറവായത് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഈ സീറ്റുകൾക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വർഷം ഇന്ത്യയിൽ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്. ഇന്ത്യയിൽ ആകെയുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം 1.1 ലക്ഷവും. ഇതു മൂലം ലോകത്ത് മറ്റെവിടെയെങ്കിലും മികച്ച അവസരങ്ങൾ തേടാൻ വിദ്യാർത്ഥികൾ പ്രേരിതരാകുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിൽ ആകെയുള്ളത് 55,000 മെഡിക്കൽ സീറ്റുകളാണ്. സർക്കാർ മെഡിക്കൽ കോളേജുകൾ ഈടാക്കുന്ന ഫീസ് വളരെ കുറവാണ് എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ നേരെ തിരിച്ചാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇറാൻ തിരഞ്ഞടുക്കുന്നതിന്റെ പ്രധാന കാരണവും ഈ ഫീസാണ്. വളരെ കുറവ് ഫീസ് മാത്രമാണ് ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ടെഹ്‌റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇസ്ഫഹാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ച് വളരെ കുറവാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇറാനിലെ ജീവിത ചിലവും വളരെ കുറവാണ്. ഇത് ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സഹായകരമായിരിക്കും. ഇവയ്ക്ക് പുറമേ ഇറാൻ നിരവധി സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട് ഇതും വിദ്യാർത്ഥികളെ ഇറാനിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.
ചെലവുകൾക്ക് പുറമേ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സംയോജിത പാഠ്യപദ്ധതികൾ, ക്ലിനിക്കൽ എക്സ്പോഷർ എന്നിവയിലൂടെയും ഇറാനിയൻ മെഡിക്കൽ സർവകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നു. മാത്രമല്ല, ഇറാനിലെ മെഡിക്കൽ സർവകലാശാലകളെ ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകരിച്ചിട്ടുണ്ട്, ഈ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ FMGE (NEXT) പരീക്ഷ പാസായ ശേഷം ഇന്ത്യയിൽ വൈദ്യശാസ്ത്രം പരിശീലിക്കാൻ യോഗ്യരാകും. കൂടാതെ, നിരവധി ഇറാനിയൻ സർവകലാശാലകൾ വേൾഡ് ഡയറക്ടറി ഓഫ് മെഡിക്കൽ സ്കൂളുകളിലും (WDOMS) പട്ടികപ്പെടുത്തിയിട്ടുണ്ട്, ഇത് അവരുടെ അന്താരാഷ്ട്ര അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുന്നു.
content summary: Why do thousands of Indian students opt to study medicine in Iran?