ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫീസർ, ആക്ടിവിസ്റ്റ്, രാഷ്ട്രീയ നേതാവ്, പുതുച്ചേരി മുൻ ഗവർണർ അങ്ങനെ കിരൺ ബേദിയ്ക്ക് വിശേഷണങ്ങൾ ഏറെ. ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ എന്ന പദവി നേടിയതിലൂടെയാണ് കിരൺ ബേദിയെന്ന വ്യക്തി ആദ്യം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. 1972ലാണ് കിരൺ ബേദിയുടെ ഈ നേട്ടം. തിഹാർ ജയിൽ പരിഷ്കരണം നടപ്പിലാക്കിയതോടെ മാധ്യമങ്ങളും ലോകവും ഒരു പോലെ കിരൺ ബേദിയെ വാഴ്ത്തിപാടി.
1993-1995 കാലഘട്ടത്തിൽ തിഹാർ ജയിലിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന കാലത്തായിരുന്നു നിരവധി പരിഷ്കരണങ്ങൾ കൊണ്ടുവന്നത്. ഏഷ്യയിലെ ഏറ്റവും വലിയ തടവറയായ തിഹാർ ജയിലിനെ ആദ്യം വിദ്യാലയമായും പിന്നീട് തിരുത്തൽകേന്ദ്രമായും മാറ്റിയെഴുതിയ വനിത രത്നം എന്നാണ് ലോകം കിരൺ ബേദിയെ വിശേഷിപ്പിക്കുന്നത്. മനുഷ്യത്വപരമായ തന്റെ സമീപനങ്ങളിലൂടെയും അലിവിന്റെയും സഹാനുഭൂതിയുടെയും സ്വാന്തന സ്പർശത്തിലൂടെയും തിഹാർ ജയിലിലും തടവുകാരിലും മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ജയിൽ മേധാവിയെന്ന് മാധ്യമങ്ങൾ കിരൺ ബേദിയുട ജയിൽ പരിഷ്കരണത്തെക്കുറിച്ച് എഴുതി. തിഹാർ ജയിലിലെ തന്റെ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് കിരൺ ബേദി എഴുതിയ it is always possible എന്ന പുസ്തകം ‘അസാധ്യമായി ഒന്നുമില്ല’ എന്ന പേരിൽ കേരളത്തിലും പുറത്തിറക്കിയിരുന്നു. തന്റെ ചെറുപ്പക്കാലത്ത് ടെന്നീസ് താരമായിരുന്ന കിരൺ 1971ലെ ഏഷ്യൻ വനിത ടെന്നീസ് ചാമ്പന്യനായിരുന്നു.
പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹത്തിൽ നിലനിൽക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്വന്തമായി ഒരു പുതിയ വഴി വെട്ടി അതിലൂടെ മുന്നോട്ട് പോയാണ് താനൊരു മാതൃകയായി തീർന്നതെന്നും അന്നത്തെക്കാലത്ത് എല്ലാവരിൽ നിന്നും വ്യത്യസ്തയായി നിൽക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും കിരൺ ബേദി ഒരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കിരൺ ബേദി പൊതുമധ്യത്തിൽ ആഘോഷിക്കപ്പെടാൻ ഈ വാക്കുകൾ തന്നെ ധാരാളമായിരുന്നു. 2007ൽ ഡൽഹി പൊലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു കിരൺ ബേദി. 1970ൽ അമൃത്സറിലെ ഖൽസ കോളേജിൽ അധ്യാപകയായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം 2007ൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യൻ സർക്കാർ മുൻകൈ എടുത്ത് ആ വർഷം തന്നെ ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കികൊടുത്തു.
കുടുംബം, ചിന്താഗതി, പേരന്റിംഗ് എന്നീ വിഷയങ്ങളിലെ കിരൺ ബേദിയുടെ നിരീക്ഷണങ്ങളും ചർച്ച ചെയ്യപ്പെട്ടു. കുട്ടികളെ വളർത്തുന്നതിൽ രക്ഷകർതൃത്വത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഉപദേശമായിരുന്നു ശ്രദ്ധേയം. അതിൽ എടുത്ത് പറയേണ്ടുന്നത് പെൺകുട്ടികളെ വളർത്തുന്നതിൽ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചാണ്. അത് ചെയ്യരുത് ഇത് ചെയ്യരുതെന്ന് പറഞ്ഞാണ് പെൺകുട്ടികളെ വളർത്തുന്നത് ആൺകുട്ടികളെ മറിച്ചും. ഇത് മാറിയാൽ തന്നെ തുല്യതയുള്ള സമൂഹം രൂപപ്പെടുമെന്നായിരുന്നു കിരൺ ബേദിയുടെ നിലപാട്.
2011ൽ അണ്ണാ ഹസാരെസുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധത പ്രസ്ഥാനമായി അണ്ണ അന്തോളനിൽ കിരൺ ബേദിയും
അംഗമായിരുന്നു. കിരൺ ബേദിയുടെ രാഷ്ട്രീയ പ്രവേശനമെന്ന് വേണമെങ്കിൽ ഈ സംഘടനയിലെ പങ്കാളിത്വത്തെ വിശേഷിപ്പിക്കാം . പ്രാദേശികമായി നിലനിൽക്കുന്ന രാഷ്ട്രീയ അഴിമതിക്കെതിരെ നിയമനിർമ്മാണം നടത്തുകയും നടപ്പിലാക്കുകയുമായിരുന്നു അണ്ണ അന്തോളന്റെ പ്രവർത്തന ലക്ഷ്യം. പ്രസ്ഥാനത്തിലെ കിരൺ ബേദിയുടെ പങ്കാളിത്വം ചർച്ച ചെയ്യപ്പെട്ടിരുന്നു. 2015ലെ തിരഞ്ഞെടുപ്പ് കാലത്തെ ചൂടു പിടിച്ച ചർച്ചകളിൽ കിരൺ ബേദിയുടെ ബിജെപി അംഗത്വവും സ്ഥാനാർത്ഥിത്വവും ജ്വലിച്ചു നിന്നു. ഡൽഹിയിൽ കെജ്രിവാൾ ഉയർത്തുന്ന വെല്ലുവിളിയെ തടുക്കാൻ ഒരു തുറുപ്പു ചീട്ടായി കിരൺ ബേദിയെ ഉപയോഗിച്ച മോദി തന്ത്രം ചർച്ച ചെയ്യപ്പെട്ടു. മോദി തന്ത്രത്തിന് വഴങ്ങാതെ ഡൽഹി കിരൺബേദിയ്ക്ക് പരാജയം സമ്മാനിച്ചു
2016 മേയ് മാസത്തിൽ കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റെടുത്തതോടെ കിരൺ ബേദിയ്ക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന സ്ഥാനത്തിനും കിരൺ ബേദിയെന്ന മാതൃകാ സ്ത്രീ ബിംബത്തിനും കോട്ടം തട്ടാൻ തുടങ്ങിയതായി പിന്നീട് വന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ്. 2018 ഏറെ വിമർശനങ്ങൾക്ക് വഴി വച്ച ഒരു സംഭവമായിരുന്നു അരി വിതരണം നിർത്തലാക്കി വയ്ക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയ കിരൺ ബേദിയുടെ ട്വീറ്റ്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അരി വിതരണം നടത്തുന്ന പദ്ധതിയുണ്ടായിരുന്നു. സമ്പൂർണ്ണ ശുചിമുറിയില്ലാത്തതും മാലിന്യ മുക്തവുമല്ലാത്ത ഗ്രാമങ്ങളിൽ അരി വിതരണം നിർത്തി വയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നുവെന്നായിരുന്നു പ്രഖ്യാപനം. ലക്ഷ്യം ഒരു മാസത്തോളം സമയം അനുവദിക്കുന്നതായും ട്വീറ്റിൽ പരാമർശിച്ചിരുന്നു. കിരൺ ബേദിയുടെ ഏകാധിപത്യ പ്രവണതയുടെ ഉദാഹരണമാണ് ഈ ട്വീറ്റെന്ന വിമർശനവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും
രംഗത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ചുരുക്കം ചില വാർത്തകളൊഴിച്ചാൽ സമൂഹത്തിലെ ചില വിഭാഗത്തിന് കിരൺ ബേദി ഇന്നും മാതൃതാ വ്യക്തിത്വം തന്നെ.
ലഭിച്ച ബഹുമതികളും സമൂഹത്തിലും ഔദ്യോഗിക ജീവിതത്തിലെ സ്ഥാനവും പരിഗണിച്ച് ഇപ്പോഴും കിരൺ ബേദി ചർച്ച ചെയ്യപ്പെടുന്നു. അനുഭവങ്ങൾ പകർന്നു കൊടുക്കുന്നു. ഔദ്യോഗിക ജീവിതം ചർച്ച ചെയ്യപ്പെടുമ്പോഴും മഹത്വവൽക്കരിക്കുമ്പോഴും ഒരു കാര്യം ഉറപ്പാണ് ഇതൊരു മറ മാത്രമാണ്. പച്ചയായ യാഥാർത്ഥ്യങ്ങൾ പറയുന്ന വ്യക്തി ജിവിതത്തിലേക്കുള്ള മറ.
content summary: Tennis player, first woman IPS officer, BJP leader, Governor – the life of the iron lady Kiran Bedi