ജി എല്‍ വര്‍ഗീസ്
ഒരു ഭരണകൂടം വിചാരിച്ചാല്‍ ചെയ്യാന്‍ വയ്യാത്തതായി ഒന്നുമില്ല. ചക്ക വേണ്ടിടത്തു കായ്പ്പിക്കാനാവും. കേരളത്തില്‍ തെറ്റുകള്‍ക്കു വേണ്ടി മാത്രമാണ് ചക്ക കായ്ക്കുന്നതെങ്കില്‍ തമിഴ്‌നാട്ടില്‍ എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും എവിടെ വേണമെങ്കിലും കായ്ക്കാന്‍ ചക്ക റെഡിയാകും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും തമിഴ്‌നാട്ടില്‍ അങ്ങനെയൊക്കെ തന്നെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അനുമതിയോടെ നിര്‍മ്മിച്ചതാണെങ്കിലും ജനാധിപത്യ സര്‍ക്കാര്‍ 999 വര്‍ഷത്തേക്കു കരാര്‍ നീട്ടിയതാണെങ്കിലും ഇക്കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ല. അക്കാര്യത്തില്‍ സുപ്രീം കോടതി വരെ ചില തീര്‍പ്പുകളുമുണ്ടായി. എന്നിട്ടും വാദങ്ങള്‍ തീര്‍ക്കാത്ത ഭരണകൂടങ്ങള്‍ പുതിയ തര്‍ക്കങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. തങ്ങളുടെ മേല്‍നോട്ടത്തിലിരിക്കുന്നതും കേരളത്തിന്റെ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമായ അണക്കെട്ട് ആരെങ്കിലും എടുത്തോണ്ടു പോകാതിരിക്കാന്‍ കേന്ദ്രത്തിന്റെ സേനയെ നിയോഗിക്കണമെന്നാണ് തമിഴ്‌നാടിന്റെ ഒരു ആവശ്യം. സുപ്രീം കോടതിയും കേന്ദ്രവും പലതവണ ഇതു തള്ളിക്കളഞ്ഞതാണെങ്കിലും ചൊറിഞ്ഞു വലുതാക്കിയ ചില പുണ്ണുകള്‍ കാട്ടി ഇക്കാര്യം അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഒരു സംസ്ഥാനത്തിന്റെ അധികാരത്തിന് കീഴിലുള്ള കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാരിനോ ഇടപെടാനാവില്ലെന്നു തമിഴ്‌നാട് സര്‍ക്കാരിനു ശരിക്കറിയാം. അല്ലെങ്കില്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ സേനയെ വിന്യസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത്. ഇതിപ്പോള്‍ കേന്ദ്രസേനയെ വേണമെന്നു ആവശ്യപ്പെടുന്നത് അണക്കെട്ട് സുരക്ഷിതമാക്കാനാണെന്നു വിചാരിച്ചെങ്കില്‍ അതു തെറ്റാണെന്നു വാദം കേള്‍ക്കുന്ന ആര്‍ക്കും മനസിലാകും.
അതിന്റെ ഏറ്റവും വലിയ തെളിവാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഭീകരവാദ ഭീഷണിയുണ്ടെന്നുള്ള പുതിയ വാദം. 2014 ഓഗസ്റ്റില്‍ ലഭിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് തീവ്രവാദി സംഘടനകളുടെ ഭീഷണിയുണ്ടത്രേ. ശ്രീലങ്കയില്‍ നിന്ന് ഉന്‍മൂലനം ചെയ്ത തമിഴ് ഭീകര സംഘടനയായ എല്‍ടിടിഇയും മുല്ലപ്പെരിയാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നു.

ഈ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതു തമിഴ്‌നാട് സര്‍ക്കാരിന്റെ പരിധിയിലാണോ? തമിഴ്‌നാട് പോലീസിന് അങ്ങനെ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതു സംസ്ഥാന വിഷയം മാത്രമായിരുന്നോ? രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ നോക്കേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ഇക്കാര്യങ്ങള്‍ അറിവുള്ളതാണെങ്കില്‍ അതൊന്നും പരിശോധിക്കാതെയാണോ സിഐഎസ്എഫിനെ മുല്ലപ്പെരിയാറിലേക്കു വിടേണ്ടെന്നു അവര്‍ തീരുമാനിച്ചത്? മാത്രമല്ല, അണക്കെട്ടിനു തീവ്രവാദികളുടെ ഭീഷണിയുണ്ടെങ്കില്‍ അതു ആദ്യം അറിയിക്കേണ്ടതു കേന്ദ്ര സര്‍ക്കാരായിരുന്നില്ലേ? തീവ്രവാദി ഭീഷണിയുണ്ടെങ്കില്‍ തന്നെ വ്യാവസായി സംരക്ഷണ സേനയല്ലല്ലോ സായുധ ആക്രമണങ്ങള്‍ നടത്താന്‍ അനുമതിയുള്ള കേന്ദ്ര റിസര്‍വ് പോലീസിനെയോ സൈന്യത്തെയോ സുരക്ഷാ സേനയെയോ വിന്യസിക്കണമെന്നല്ലേ ആവശ്യപ്പെടേണ്ടിയിരുന്നത്?
കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് കേരള മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെ തിരക്കഥയുടെ പിന്നാമ്പുറങ്ങള്‍ മലയാളി മനസില്‍ കാണാന്‍ കഴിയാത്ത തലത്തിലുള്ളതാണെന്നു ഉറപ്പാക്കേണ്ടിയിരിക്കുന്നു. 2014 സെപ്റ്റംബറിലായിരുന്നു ഇന്റലിജന്‍സ് ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ പരിസരത്തെത്തി ക്ലീയറന്‍സ് നടത്തിയത്. ഏതെങ്കിലും രഹസ്യനീക്കങ്ങളെ കുറിച്ചുള്ള വിവരം ശേഖരിക്കലായിരുന്നില്ല അത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലെ പ്രധാന അണക്കെട്ടുകള്‍ ആക്രമിക്കാന്‍ നീക്കം നടത്തുന്നെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലുള്ള സ്‌പോട്ട് പരിശോധന. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരെയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയായിരുന്നു ആ പരിശോധന. അക്കാര്യം കേരളത്തെ അറിയിച്ചില്ലെന്നും ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ വിയോജിപ്പ് അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇപ്പോള്‍ സുപ്രീം കോടതിയിലെ കേസില്‍ രാജ്യത്തിലെ പ്രധാന അണക്കെട്ടുകളിന്മേലുള്ള ഭീകരവാദ ഭീഷണിയെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയാക്കി അവതരിപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട് ചെയ്തിരിക്കുന്നത്. അപ്പോള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ അധികാര തര്‍ക്കങ്ങളിലും ഉപയോഗിക്കാനാവുമെന്നതിന്റെ തെളിവാണിത്. അതിനു കേന്ദ്ര ഭരണകൂടവും ഒത്താശ ചെയ്തതിന്റെ സൂചനകളും.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞ രാജ്യത്തെ അണക്കെട്ടുകളിന്മേലുള്ള ഭീകരവാദ ഭീഷണി മുല്ലപ്പെരിയാറിനു മാത്രമാണെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയതെങ്കില്‍ കേരളം ഒന്നു സൂക്ഷിക്കണം. മുല്ലപ്പെരിയാര്‍ പരിസരത്ത് തീവ്രവാദികള്‍ വന്നു ആയുധങ്ങളുമായി പതിയിരിക്കാന്‍ സാധ്യതയുണ്ട്. അതു ഏതെങ്കിലും മലയാളിയായ ഭീകരവാദിയുമാകാം. അല്ലെങ്കില്‍ ഏതെങ്കിലും ആയുധങ്ങളോ സ്‌ഫോടന വസ്തുക്കളോ സ്ഥലത്തു നിന്നു കണ്ടെത്തി മലയാളിയുടെ കുത്സിത പ്രവര്‍ത്തിയാണെന്നു വരുത്തി തീര്‍ക്കുകയുമാവാം. എന്തായാലും ഒരു ഭരണകൂടം തങ്ങളുടെ സ്വാധീനമെല്ലാം ഉപയോഗിച്ച് കാര്യം കാണാനാണ് തീവ്രവാദ ഭീഷണി ആരോപിച്ചിരിക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ എവിടെ എപ്പോള്‍ ചക്ക കായ്പിക്കുമെന്നു മാത്രമേ അറിയാനുള്ളു.
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
