June 26, 2026 |
Share on

കേരളത്തിന് വേണ്ടത് കലഹമുന്നണി സര്‍ക്കാരല്ല; ഭരിക്കുമെങ്കില്‍ കോണ്‍ഗ്രസ് മനസിലാക്കേണ്ട കാര്യങ്ങള്‍

നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും കേരളത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം മറക്കരുത്

‘Don’t count your chickens before they hatch’ എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. മുട്ട വിരിയും മുന്‍പേ കോഴിക്കുഞ്ഞുങ്ങളെ എണ്ണാന്‍ നില്‍ക്കരുതെന്ന് ചുരുക്കം. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ‘പായസം കുടിക്കും മുന്‍പേ ചട്ടുകം നക്കാനുള്ള’ വെപ്രാളത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ യുഡിഎഫിന്റെ ആത്മവിശ്വാസമല്ല, മറിച്ച് അസ്ഥാനത്തുള്ള അവകാശവാദങ്ങളെയാണ് ജനം കാണുന്നത്.

കഴിഞ്ഞ ദിവസം ഐയുഎംഎല്‍ ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ കണ്ട ഒരു കുറിപ്പ് പ്രസക്തമാണ്: ‘യുഡിഎഫ് ജയിക്കാന്‍ 10 വര്‍ഷമായി കാത്തിരുന്ന പ്രവര്‍ത്തകനാണ് ഞാന്‍, പക്ഷേ ഇപ്പോള്‍ തോന്നുന്നു തോറ്റാല്‍ മതിയെന്ന്!’ ഒരു പ്രാദേശിക നേതാവിന്റെ ഈ നിരാശ നിസ്സാരമല്ല. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പോലെ അധികാരത്തിന് വേണ്ടിയുള്ള ഉള്‍പ്പോരാണ് കേരളത്തിലും ആവര്‍ത്തിക്കുന്നതെങ്കില്‍, അത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അന്ത്യത്തിന് തുടക്കം കുറിക്കലാകുമെന്ന ഭയം പങ്കുവച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

അധികാരമല്ല, അതിജീവനം

യുഡിഎഫ് ഇത്തവണ അധികാരത്തില്‍ വരുമെന്നത് കല്ലിലടിച്ച വരയൊന്നുമല്ല. എങ്കിലും അവരുടെ ശുഭാപ്തി വിശ്വാസത്തെ മാനിക്കാം. പക്ഷേ, കോണ്‍ഗ്രസ് ഒന്ന് തിരിച്ചറിയണം, തിരിച്ചുവരവ് ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയോടുള്ള വലിയ താല്പര്യം കൊണ്ടല്ല, മറിച്ച് ഭരണപക്ഷത്തോടുള്ള ജനങ്ങളുടെ വിയോജിപ്പ് കൊണ്ട് മാത്രമായിരിക്കും. ഈ തിരിച്ചറിവില്ലാതെയാണ് മലയാളികളെ മൊത്തത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള ഈ കസേര കളി അരങ്ങേറുന്നത്. കേഡര്‍ കാര്‍ക്കശ്യമില്ലാത്ത ജനാധിപത്യ സ്വഭാവത്തെ ഇത്തരം കലഹങ്ങള്‍ കൊണ്ട് ന്യായീകരിക്കാനാവില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പോര് ആഭ്യന്തര പ്രശ്‌നമായി കാണാമെങ്കിലും, ഭരണത്തിന് വേണ്ടിയുള്ള കടിപിടി നാടിന്റെ ഭാവിയെ ബാധിക്കുന്നതാണ്.

സമുദായ സമവാക്യങ്ങളിലെ വിള്ളല്‍

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഉയരാറുള്ള പ്രധാന ആക്ഷേപം സാമുദായിക പ്രീണനമാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്ന് നേതാക്കളും ഒരേ സമുദായത്തില്‍ (നായര്‍) നിന്നുള്ളവരാണെന്നത് മറ്റൊരു വൈരുദ്ധ്യം. രണ്ടാം പിണറായി സര്‍ക്കാരില്‍ ജനസംഖ്യയുടെ 12.5 ശതമാനം മാത്രമുള്ള നായര്‍ സമുദായത്തിന് മന്ത്രിസഭയില്‍ 37.5 ശതമാനം പ്രാതിനിധ്യം (21ല്‍ 7 മന്ത്രിമാര്‍) ലഭിച്ചുവെന്നത് വലിയ വിമര്‍ശനമായിരുന്നു. ദളിത് ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ത്തിയ ഈ ‘സവര്‍ണ്ണ പ്രാതിനിധ്യ’ ആരോപണം ഇപ്പോള്‍ കോണ്‍ഗ്രസിലും നിഴലിക്കുന്നു.

മറുവശത്ത്, ഈഴവ സമുദായത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നു എന്ന ആക്ഷേപം ആഴത്തിലുള്ളതാണ്. ഇത്തവണ അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ അഭാവം പ്രകടമാണ്. അടൂര്‍ പ്രകാശ്, കെ. സുധാകരന്‍ എന്നിവര്‍ക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടായിട്ടും അവര്‍ തഴയപ്പെട്ടു. കെ. ബാബു മത്സരിക്കുന്നില്ല, വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനില്‍ക്കുന്നു. 1960-കളില്‍ ആര്‍. ശങ്കറിന് ശേഷം മറ്റൊരു ഈഴവ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടി ഭരണം ഒഴിച്ചാല്‍ 2006 മുതല്‍ 2021 വരെ കേരളം ഭരിച്ചത് ഈഴവ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിമാരായിരുന്നു (വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും). ഈ വോട്ട് ബാങ്ക് ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴും കോണ്‍ഗ്രസിനെ അവഗണന ദോഷകരമായി ബാധിക്കും.

മാറുന്ന വോട്ട് ബാങ്കുകള്‍

നായര്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പാണെന്ന കോണ്‍ഗ്രസിന്റെ ധാരണയും തെറ്റാന്‍ സാധ്യതയുണ്ട്. 2016 മുതല്‍ ബ്രാഹ്‌മണാദി മുന്നാക്ക വിഭാഗങ്ങളും നായര്‍ വോട്ടുകളില്‍ ഒരു വലിയ പങ്കും ബിജെപിയിലേക്ക് ഒഴുകുന്നുണ്ട്. ഈഴവ വോട്ടുകള്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഇടയില്‍ വിഭജിക്കപ്പെടുമ്പോള്‍, ദളിത് വോട്ടുകള്‍ ഇടതിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ക്രിസ്ത്യന്‍-മുസ്ലിം ഏകീകരണത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്നത് ബിജെപിക്ക് കൂടി പന്തിട്ടുകൊടുക്കുന്ന അപകടകരമായ കളിയാണ്.

യഥാര്‍ത്ഥ വെല്ലുവിളി

ഒരുപക്ഷേ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അവര്‍ നേരിടാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരിക്കും. രാജ്യം അതിനിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഫെഡറല്‍ സംവിധാനത്തിന് തന്നെ ഭീഷണിയുയരുന്ന കാലമാണ്. ഒരു കലഹമുന്നണിയാണ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ അപകടമാണ്. രാജ്യം അതിനിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പിണറായി വിജയന്‍ വീണ്ടും ഭരിക്കുമോ, കോണ്‍ഗ്രസില്‍ ഏത് നായര്‍ മുഖ്യമന്ത്രിയാകുമോ എന്നതിനേക്കാള്‍ മതേതരത്വ-ജനാധിപത്യ വിശ്വാസികള്‍ ആകുലപ്പെടുന്നത് അവര്‍ക്ക് ഭരിക്കാന്‍ ഒരു ഫെഡറല്‍ സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുമോ എന്നതിലാണ്. മണ്ഡല പുനര്‍നിര്‍ണയം പോലെ, ബിജെപി അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുള്ള കരുക്കള്‍ ചതുരംഗ പലകയില്‍ എറിഞ്ഞു കഴിഞ്ഞു. അടുത്തത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും. ഒരുപക്ഷേ കേരളത്തില്‍ അധികാരത്തില്‍ കയറുന്ന മുന്നണിക്ക് 2029 വരെ മാത്രമായിരിക്കാം ആയുസ്!

ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ കേരളം ഒരു മുഖ്യ കഥാപാത്രമാണ്. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനത്തെയും സാമ്പത്തിക അവഗണനയെയും നേരിടാന്‍ ഒരു സാധാരണ ‘യുഡിഎഫ് മോഡല്‍’ സര്‍ക്കാര്‍ മതിയാകില്ല. ഇന്ത്യയെ വീണ്ടെടുക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ജനവിശ്വാസം നേടിയെടുത്ത് മുന്നേറാന്‍ കോണ്‍ഗ്രസിന് കഴിയണം, അല്ലാത്തപക്ഷം അവര്‍ കേരളത്തെ ചതിക്കുകയാകും ചെയ്യുക.

Content Summary: Congress CM Conflicts in Kerala: Impact on Caste Equations and Federal Challenges. Kerala Assembly Election 2026

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×