ഗാസയില്‍ ബന്ദിയാക്കിയ തായ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഒക്ടോബര്‍ 7് ന് ഇസ്രയേലില്‍ നിന്നും തട്ടിക്കൊണ്ടു പോയ പിന്റയുടെ മൃതദേഹമാണ് കിട്ടിയത്

2003 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടു പോയവരിലെ തായ്‌ലന്‍ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേല്‍. നറ്റാപാങ് പിന്റ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. മുജാഹിദീന്‍ ബ്രിഗേഡ്സ് എന്നറിയപ്പെടുന്ന പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ കൈവശമായിരുന്നു പിന്റയുടെ മൃതദേഹം, തെക്കന്‍ ഗാസയിലെ റാഫ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് കാറ്റ്‌സ് പറഞ്ഞു. തായ്ലന്‍ഡിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.

2023ല്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണം നടന്ന അതിര്‍ത്തി പ്രദേശമായ നിര്‍ ഓസ് കിബ്ബറ്റ്‌സില്‍ നിന്നാണ് പിന്റയെ തട്ടിക്കൊണ്ടു പോയത്. ഇയാള്‍ ഇവിടെ കാര്‍ഷിക ജോലി ചെയ്തു വരികയായിരുന്നു. കിബ്ബറ്റിസില്‍ വലിയതോതില്‍ ഹമാസ് കൊലപാതകം നടത്തിയിരുന്നു. ഇവിടെ നിന്നാണ് അധികം പേരെയും ബന്ദികളാക്കി കൊണ്ടുപോയതും.

പിന്റയെ ജീവനോടെയാണ് പിടിച്ചു കൊണ്ടുപോയതെന്നും ഗാസയില്‍ എത്തിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത്. രണ്ട് ഇസ്രയേലി-അമേരിക്കന്‍ ബന്ദികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സേന പറഞ്ഞു. ഇവരെയും ഹമാസ് തട്ടിക്കൊണ്ടുപോയതാണെന്നു കരുതന്നു.

ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹമാസ് അടക്കമുള്ള പലസ്തീന്‍ സായുധ ഗ്രൂപ്പുകളുടെ പ്രതികരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1,200 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് അടക്കമുള്ള ഗ്രൂപ്പുകള്‍ ബന്ദികളാക്കി. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിനമായാണ് ഒക്ടോബര്‍ 7 കണക്കാക്കപ്പെടുന്നത്.

ബന്ദികളില്‍ 55 പേര്‍ ഗാസയില്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്. ഇതില്‍ 20 പേര്‍ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇസ്രയേല്‍.

ഒക്ടോബര്‍ ഏഴിന്റെ പ്രതികാരം ഇസ്രയേല്‍ ഇപ്പോഴും ഗാസയിലും മറ്റ് പലസ്തീന്‍ പ്രദേശങ്ങളിലുമായി തുടരുകയാണ്. ഇതിനകം 54,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞെന്നാണ് കണക്ക്. ഭീകരരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രയേല്‍ പറയുമ്പോഴും കൊല്ലപ്പെടുന്നത് സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാരാണ്. ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നു തരിപ്പണമായി. രണ്ട് ദശലക്ഷത്തോളം മനുഷ്യര്‍ നിരാലംബരമായി തീര്‍ന്നു. ഗാസയുടെ സമ്പൂര്‍ണ അധികാരം കൈയടക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറയുന്നത്.  Thailand hostage body retrieved from gaza

Content Summary; Thailand hostage body retrieved from gaza

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment