തരൂരിനെ തളയ്ക്കാനാകാതെ കോൺഗ്രസ്സ്; പറന്നിറങ്ങുമോ ബിജെപി?

പോര് കടുപ്പിച്ച് നേതാക്കൾ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിച്ച മനോവീര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. എന്നാല്‍ നിലമ്പൂരിലെ വിജയം കോണ്‍ഗ്രസിന് സംസ്ഥാനവ്യാപകമായ വിജയം ഉറപ്പാക്കുന്നില്ല. ഇതിനിടയില്‍ തലപൊക്കിയ ‘തരൂരിന്റെ മോദി സ്തുതികള്‍’ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുമുണ്ട്. തരൂരിന്റെ നിരന്തരമായ മോദി വാഴ്ത്തലുകളില്‍ കോണ്‍ഗ്രസിന്റെ ഉള്ളുപൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കോണ്‍ഗ്രസിനോടൊപ്പമുള്ള തരൂരിന്റെ യാത്ര ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. തരൂരിനെ തള്ളാനും കൊള്ളാനും കഴിയാതെ നേതാക്കള്‍ തലപുകയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലെ തന്റെ വിമര്‍ശകര്‍ക്ക് ഒരു പോസ്റ്റിലൂടെ പുതിയ പോരിനുള്ള വാതിലായിരുന്നു തരൂര്‍ തുറന്നു കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ ‘പറക്കാന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്നും ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേയും സ്വന്തമല്ലെന്നും’ ശശി തരൂര്‍ കുറിച്ചു.

എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്തുകൊണ്ടായിരുന്നു തരൂരിന്റെ പോസ്റ്റ്. അത് കുറിക്ക് കൊള്ളുകയും ചെയ്തിട്ടുണ്ട്. അതിനുള്ള മറുപടിയും പിന്നാലെയെത്തി. എക്‌സിലൂടെയാണ് മാണിക്കം ടാഗോര്‍ എം പി യുടെ മറുപടിയെത്തിയിരിക്കുന്നത്. പക്ഷികള്‍ ആകാശം നിരീക്ഷിച്ച് പറക്കണം. കഴുകന്മാരും, പരുന്തുകളുമൊക്കെ വേട്ടയാടാനുണ്ടാകും. സ്വാതന്ത്ര്യവും സ്വതന്ത്രമല്ല, വേട്ടക്കാര്‍ ദേശ സ്‌നേഹികളുടെ തൂവലണിയുമ്പോള്‍ എന്നൊക്കെയാണ് ട്വീറ്റിലുള്ളത്. പറക്കാന്‍ അനുവാദം ചോദിക്കരുതെന്നും പക്ഷികള്‍ക്ക് ഉയരാന്‍ അനുമതി ആവശ്യമില്ലെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. ഡെമോക്രസി ഇന്‍ ഡെയ്ഞ്ചര്‍ എന്ന ഹാഷ്ടാഗോടെയായിരുന്നു പോസ്റ്റ്.

അതേസമയം, മോദി സ്തുതിയിലും ലേഖനത്തിലും ശശി തരൂരിനെതിരെ നടപടിയെടുക്കാതെ വിമര്‍ശനങ്ങളും ഒളിയമ്പുകളുമായാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. നരേന്ദ്രമോദിയെ ദിനംപ്രതി വാഴ്ത്തുകയും നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ശശി തരൂരിനെതിരെ ശക്തമായ നടപടി എടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എഴുതാനറിയുന്നവര്‍ പലതും എഴുതും. അതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷയും ഐക്യവുമാണ് കോണ്‍ഗ്രസിന് പ്രധാനമെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം. അതേസമയം, ലക്ഷ്മണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിന്റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന വികസനങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് കേരളത്തിലെ വ്യവസായ രംഗത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ തരൂരിന്റെ ലേഖനം ഭരണപക്ഷത്തിന് വലിയ പ്രചാരണായുധമാക്കാനിട നല്‍കിയിരുന്നു. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് തരൂര്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയുടെ കൂടുതല്‍ തെളിഞ്ഞ ചിത്രം പുറത്തുവരാന്‍ ആ ലേഖനം തന്നെ ധാരാളമായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നയങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രശംസയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയ കാര്യങ്ങളായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി കൂടാതെ വിദേശത്ത് പോയ തരൂര്‍ നിലവില്‍ റഷ്യയിലാണ്. റഷ്യയിലെ സര്‍ക്കാര്‍ മാധ്യമമായ ആര്‍ടിയുടെ ക്ഷണമനുസരിച്ച് മോസ്‌കോയിലെത്തിയ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തരൂര്‍ റഷ്യയുടെ ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ചെയര്‍മാന്‍ ലിയോനിദ് സ്ലറ്റ്‌സ്‌കിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തരൂരിന്റെ വിദേശപര്യടനം. എന്നാല്‍ ഇതിനെക്കുറിച്ച് തരൂര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിരുന്നുമില്ല. തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പറക്കാന്‍ പോകുകയാണോ എന്ന ചോദ്യം ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്. മോദിയുമായി അടുത്തു നില്‍ക്കുന്ന തരൂരിന് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര രംഗത്തെ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നയതന്ത്ര ദൗത്യവുമായി തരൂര്‍ റഷ്യയിലും പോയിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ മോദിയെ പുകഴ്ത്തികൊണ്ട് തുടര്‍ച്ചയായി രംഗത്തുവന്നത്.

content summary: will Shashi Tharoor quit congress?

This post was last modified on June 27, 2025 8:07 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment