കോണ്‍ഗ്രസില്‍ അമര്‍ഷം ആളിക്കത്തിച്ച് തരൂര്‍; കളമറിഞ്ഞ് കളിക്കാന്‍ ബിജെപി

ഹൈക്കമാന്‍ഡിനെ ധിക്കരിക്കുന്ന നിലപാടാണ് തരൂരിന്റെതെന്ന് വിമര്‍ശനം

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ് ശശി തരൂര്‍ എംപി. അടിയന്തരാവസ്ഥക്കാലത്തെ ശക്തമായി വിമര്‍ശിച്ചും നെഹ്‌റു- ഗാന്ധി കുടുംബത്തെ ലക്ഷ്യം വച്ചുമാണ് ഇക്കുറി തരൂര്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയെ ‘ഇരുണ്ട കാലഘട്ടം’ എന്ന് വിശേഷിപ്പിച്ച് തരൂര്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇന്ദിരാ ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് തരൂര്‍ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.

അടിന്തരാവസ്ഥ ഇന്ത്യയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ക്രൂരതകളായി മാറിയെന്നായിരുന്നു തരൂര്‍ ലേഖനത്തില്‍ പരാമര്‍ശിച്ചത്. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടുവെന്നും തരൂര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കൂടാതെ ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന കൊടും ക്രൂരതകളെ കുറിച്ചും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണത്തെയും തരൂര്‍ ലേഖനത്തിലൂടെ കടന്നാക്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ 50 വര്‍ഷം പിന്നിടുന്ന വേളയിലാണ് തരൂരിന്റെ ലേഖനം പുറത്തുവന്നത്.

ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ശക്തമായി വിമര്‍ശിച്ച തരൂര്‍, ലേഖനത്തില്‍ മോദിയെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും രാജ്യം കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്ന് പറയാനും തരൂര്‍ മടിച്ചില്ല. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിരന്തരം മോദി സ്തുതിയുമായി തരൂര്‍ രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ക്കും ഇടനല്‍കിയിരുന്നു.

കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന സര്‍വെ വിവരങ്ങള്‍ തരൂര്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തില്‍, ഒരു സര്‍വേ റിപ്പോര്‍ട്ടും തരൂര്‍ പുറത്തുവിട്ടിരുന്നു. ‘കേരള വോട്ട് വൈബ് സര്‍വേ 2026’ ആണ് തരൂരിന് മുഖ്യമന്ത്രി പദത്തിന് മുന്‍തൂക്കമുണ്ടെന്ന സര്‍വേ നടത്തിയിരിക്കുന്നത്. ഇൗ റിപ്പോര്‍ട്ട് തരൂര്‍ എക്‌സില്‍ പങ്കുവയ്ക്കുകയായിരുന്നു. തരൂരിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ നേതാക്കളെല്ലാം ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നുകഴിഞ്ഞു. തരൂര്‍ പങ്കുവച്ചത് തട്ടിക്കൂട്ട് സര്‍വേ ആണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതൃത്വം, ‘കേരള വോട്ട് വൈബ്’ എന്ന സ്വകാര്യ ഏജന്‍സി സ്ഥാപിതമായിട്ട് രണ്ടരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചൂണ്ടിക്കാട്ടുന്നു.

സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.

സര്‍വേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ തരൂര്‍ ഷെയര്‍ ചെയ്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ വിവാദത്തിന് തിരി തെളിച്ചിരിക്കുന്നത്. തരൂരിന്റെ വിമര്‍ശനങ്ങളെ തല്ക്കാലം കാര്യമാക്കേണ്ടെന്ന് തന്നെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി ശശി തരൂര്‍ സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനാക്കി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇതില്‍ അതൃപ്തി അറിയിച്ചതോടെ ഇത്തരം ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനമായിരുന്നു ഹൈക്കമാന്‍ഡിന്റേത്.

അതേസമയം, ഹൈക്കമാന്‍ഡിനെ ധിക്കരിക്കുന്ന നിലപാടാണ് തരൂര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും വ്യാപകമാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളിലേക്ക് അയച്ച സര്‍വകക്ഷി സംഘങ്ങളുടെ ഇടപെടല്‍ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ഥിരംസമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഘങ്ങളിലൊന്നിന്റെ അധ്യക്ഷനായ ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കുമെന്ന സൂചനയും നിലവിലുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളില്‍ തത്പരനായ തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം തള്ളിനിടയില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ നല്‍കിയ സ്വീകരണത്തില്‍ തരൂരിന് പ്രത്യേക പരിഗണനയും നല്‍കിയിരുന്നു.

വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. തരൂരിന് പുതിയ പദവി നല്‍കി ഇത് ആളിക്കത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ശശി തരൂര്‍ ബിജെപിയിലേക്ക് ചേക്കേറിയാല്‍ കിട്ടാന്‍ പോകുന്നത് ജനപ്രാതിനിധ്യവും പരിചയസമ്പന്നനുമായ നേതാവിനെ ആകുമെന്ന് ബിജെപിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളമറിഞ്ഞ് കളിക്കാന്‍ തന്നെയാണ് ബിജെപിയും ശ്രമിക്കുന്നത്.

അതേസമയം, അടിക്കടി ആവര്‍ത്തിക്കുന്ന ശശി തരൂരിന്റെ മോദി സ്തുതികള്‍, കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടാനുള്ള വഴിയായാണ് വിലയിരുത്തപ്പെടുന്നത്. തനിയെ പുറത്ത് പോകാന്‍ തരൂര്‍ തയ്യാറല്ല. പകരം ഹൈക്കമാന്‍ഡ് ഇടപെട്ട് പുറത്താക്കലാണ് തരൂര്‍ ആഗ്രഹിക്കുന്നതെന്നാണ് കോണ്‍ഗ്രസിനകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ ഒന്നടങ്കം പ്രതിരോധത്തിലാക്കുന്ന തരൂരിന്റെ പ്രവൃത്തികള്‍ക്കെതിരെ വിമര്‍ശനവും ശക്തമാണ്. Tharoor sparks anger in Congress; BJP to play with the ground

Content Summary: Tharoor sparks anger in Congress; BJP to play with the ground

This post was last modified on July 11, 2025 6:11 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment