June 13, 2025 |

കോൺ​ഗ്രസിന് തരൂരിനോട് അസൂയയാണോ ? തരൂരിനെ താങ്ങി ബിജെപി, തള്ളി കോൺ​ഗ്രസ്

ഏഴു സംഘങ്ങളാണ് വി​ദേശ പര്യടനം നടത്തുന്നത്

ഓപ്പറേഷൻ സിന്ദൂർ ഉണ്ടായതിന്റെ പശ്ചാത്തലവും ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ പോരാട്ടങ്ങളും വിദേശ രാജ്യങ്ങളുമായി വിശദീകരിക്കാനും അവരുടെ പിന്തുണ നേടാനും ഇന്ത്യ അയക്കുന്ന പ്രതിനിധികളുടെ സംഘത്തിൽ എംപി ശശി തരൂരിനെ ഉൾപ്പെടുത്തിയ കേന്ദ്ര തീരുമാനം കോൺ​ഗ്രസിനത്ത് ചില അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിർദേശമില്ലാതെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കോൺ​ഗ്രസ് നിർദ്ദേശിച്ച നാലു പ്രതിനിധികളുടെ പേരുകൾ തള്ളിയാണ് ശശി തരൂരിനെ കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്. ഏഴു സംഘങ്ങളാണ് വി​ദേശ പര്യടനം നടത്തുന്നത്. ഇതിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാ‍ർ തീരുമാനം ഇരു പാർട്ടികൾക്കുള്ളിലും ചർച്ചയായിട്ടുണ്ട്. ‌കൂടാതെ കോൺ​ഗ്രസിനും ബിജെപിയ്ക്കുമിടയിലെ അടുത്ത വഴക്കിനാണ് കേന്ദ്രം തിരി കൊളുത്തിവിട്ടത് അത് ചെറിയതായി പുകഞ്ഞു തുടങ്ങിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാക്കളായ ശശി തരൂരും കനിമൊഴിയുമായിരിക്കും ഭരണ സഖ്യത്തിലെ അംഗങ്ങളായ രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ എന്നിവരോടൊപ്പം ഏഴ് സർവകക്ഷി സംഘങ്ങളെയും നയിക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി നിർദേശിച്ചിരുന്ന പ്രതിനിധി സംഘത്തിലെ നാല് എംപിമാരിൽ ശശി തരൂർ ഇല്ലാതിരുന്നതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രം​ഗത്തു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ മുൻപ് എടുത്ത തീരുമാനത്തിൽ നിന്ന് ഒരു അണുപോലും മാറാൻ കോൺ​ഗ്രസ് തയ്യാറല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.

ഞങ്ങളോട് പേരുകൾ ചോദിച്ച പ്രകാരം, ഞങ്ങൾ നൽകിയ പേരുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിഐബിയുടെ പത്രക്കുറിപ്പ് കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. നാല് പേരുകൾ ചോദിക്കുകയും നാല് പേരുകൾ നൽകുകയും മറ്റൊരു പേര് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് നിന്നുണ്ടായ സത്യസന്ധമല്ലാത്ത നീക്കമാണ്. സർക്കാർ തീരുമാനമെടുത്തതിനുശേഷം റിജിജു രാഹുൽ ജിയുമായും ഖാർഗെയുമായും സംസാരിച്ചിരുന്നു. മുൻകൂട്ടി നിർദേശിച്ച പേരുകളിൽ നിന്ന് പിന്മാറാൻ കോൺ​ഗ്രസ് ഉ​ദ്ദേശിക്കുന്നില്ലെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിനിധി സംഘത്തിലേക്കുള്ള പേരുകൾ നിർദേശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി കിരൺ റിജിജുവിന് കത്തയച്ചിരുന്നു.

നിരവധി നേതാക്കളാണ് ഇതിനകം ശശി തരൂരിനെ പിന്തുണച്ചത്. കോൺഗ്രസ് പ്രകടിപ്പിക്കുന്നത് അസൂയയാണെന്ന് ബിജെപി വാദിച്ചു. ബിജെപിയുടെ ദേശീയ വിവരസാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ എക്‌സ് പോസ്റ്റിൽ ശശി തരൂരിന്റെ വാക്ചാതുര്യം, ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘകാല അനുഭവം, വിദേശനയത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഉൾക്കാഴ്ച എന്നിവയെ പ്രശംസിക്കുകയും. ഇത്രയും പ്ര​ഗത്ഭനായ ഒരു നേതാവിനെ എന്ത് കൊണ്ട് കോൺ​ഗ്രസ് നിർദേശിച്ചില്ലെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. അത് ശശി തരൂരിനോടുള്ള അസഹിഷ്ണുതയും അസൂയയും കൊണ്ടാണെന്നും അമിത് മാളവ്യ ആരോപിച്ചു.

ലോക്‌സഭാ എംപി ശശി തരൂരിന്റെ പേര് പ്രതിനിധി സംഘത്തിലേക്ക് നിർദ്ദേശിക്കാത്ത കോൺഗ്രസ് തീരുമാനത്തെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചിരുന്നു. പാർട്ടിയ്ക്ക് സ്വന്തം നേതാക്കളെ വിശ്വാസമില്ലെന്നും പൂനവല്ല വിമർശിച്ചു. കേന്ദ്രസർക്കാർ തങ്ങളുടെ മുതിർന്ന നേതാവ് ശശി തരൂരിനെ തിരഞ്ഞെടുത്തതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച കോൺഗ്രസ് തീരുമാനം അവർക്ക് ​ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പുമായാണ് ബിജെപി എംപി മനോജ് തിവാരി രം​ഗത്തെത്തിയത്.

content summary: BJP and Congress clash after Shashi Tharoor is chosen to lead the government’s ‘Expose Pakistan’ mission

Leave a Reply

Your email address will not be published. Required fields are marked *

×