അന്നത്തെ സപ്പര്‍ സര്‍ക്കീറിനു പുതിയ പരിപാടി എന്തെങ്കിലും
കണ്ടു പിടിക്കണമെന്നു കുടക്കാല്‍ ബാലന്‍ ഒരു പ്രമേയം കൊണ്ടുവന്നു.
”എന്നാല് ഞമ്മക്കിന്ന് ഓരോ പൊരേലും കേറി കലണ്ടറ് കക്ക് ആ -” വെള്ളക്കൂറ അഭിപ്രായപ്പെട്ടു.
തന്റെ പരിപാടി മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചു: കലണ്ടറ് കട്ട് വീട്ടില് കൊണ്ടോയി ബെക്കാനല്ലാ കൂട്ടരേ – ഒരു പൊരേലെ കലണ്ടറെടുത്ത് ദൂരെ വേറൊരു പൊരേല് ചൊമരില് കൊണ്ടോയി തൂക്ക്- ആ എന്നിട്ട് അപ്പൊരേലെ കലണ്ടറ് ആദ്യത്തെ പൊരേല് കൊണ്ടോയി ബെക്ക്’ ആ കലണ്ടറുകള്‍ക്ക് ഒരു ടെമ്പ്രവരി ട്രാന്‍സ്ഫര്‍. അത് കക്കലാണോ? നേരം പൊലര്‍ന്ന് എണീറ്റ് നോക്കുമ്പം ഓരോ പൊരക്കാരും ബിസ്മയിച്ചു പോവും ഇതെങ്ങനെ ബന്നെഡാ?.. അതും പറഞ്ഞ് വെള്ളക്കൂറ വെളുക്കെച്ചിരിച്ചു.
വീടുകളുടെ ചുമരുകളില്‍ പിക്ചര്‍ കലണ്ടറുകളും മുറങ്ങളില്‍ വര്‍ണ്ണ പ്പിരിയിലച്ചെടികളും (പ്രിന്‍സ് ഓഫ് വെയ്ല്‍സ് കോട്ടണ്‍) പ്രദര്‍ശിപ്പിക്കാന്‍ പുതിയൊരു കമ്പം നാട്ടുകാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച കാലമാണ്.
അങ്ങനെ ഉസ്താദ് വാസുവും കൂട്ടുകാരും കലണ്ടര്‍ ശേഖരണ വിതരണ വിനോദത്തിനു തയ്യാറെടുത്തു.
ഒരു ദേശത്തിന്റെ കഥ – എസ്.കെ. പൊറ്റെക്കാട്ട്.
കാമുകനുമായി വീണ്ടും ഒന്നിക്കുന്നതിനായി പ്രണയിനി കലണ്ടറില്‍ തീയതികളില്‍ പേന കൊണ്ട് അടയാളമിട്ട് കണ്ണും നട്ട് കാത്തിരിക്കുന്ന, വിരഹവും, ഒന്നു ചേരലും, നിറഞ്ഞ പ്രേമകഥകളുള്ള ബോളിവുഡ് സിനിമകളുടെ കാലം ഓര്‍മ്മയുണ്ടോ? ഒരു ദശാബ്ദം മുമ്പ് വരെ മിക്കവാറും എല്ലാ വീടുകളിലും, ബാര്‍ബര്‍ ഷോപ്പ് മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വരെ എല്ലായിടത്തും സാന്നിധ്യമുണ്ടായിരുന്ന ഈ പരമ്പരാഗത ചരിത്രകാരനായ നമ്മുടെ ‘കലണ്ടര്‍’, ഈ ഡിജിറ്റല്‍ യുഗത്തിലും താരം തന്നെയാണ്. സാങ്കേതികവിദ്യ അല്‍പ്പം കലണ്ടറിനെ പുറകോട്ടടിച്ചെങ്കിലും അവന്‍, ആധുനിക ഓഫീസിലും ക്യൂബിക്കിളുകളിലും ടേബിള്‍ കലണ്ടറിന്റെ രൂപത്തില്‍ പ്രിയപ്പെട്ടവന്‍ തന്നെയാണ്. പഴയകാല പ്രതാപം നിലനിര്‍ത്തിയെന്ന് പറയാനായി മിക്കവാറും വീടുകളിലും കേരളത്തില്‍ അടുക്കളകളില്‍ ഇപ്പോഴും അവന്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഗ്ലോബല്‍ ഗ്രോത്ത് ഇന്‍സൈറ്റ്‌സിന്റെ 2025 ലെ ആഗോള വിപണി വിശകലനത്തില്‍, 58%-ത്തിലധികം ഉപഭോക്താക്കളും ഇപ്പോഴും വ്യക്തിഗതമായ ആസൂത്രണത്തിനും ഓര്‍മ്മപ്പെടുത്തലുകള്‍ക്കുമായി ഡേറ്റ് കലണ്ടറുകളാണ് ഇഷ്ടപ്പെടുന്നതെന്ന് പറയുന്നു. അതായത് മറ്റ് കലണ്ടറുകള്‍ കാലഹരണപ്പെട്ടെങ്കിലും ഡേറ്റ് കലണ്ടറിന് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്.
കേരളത്തിലെ ചുമരുകളില്‍ നിത്യ സാന്നിധ്യമായിരുന്ന കലണ്ടറിനെ മലയാളികള്‍ കൈ വിട്ടില്ല എന്നതിന്റെ തെളിവാണ് മനോരമ കലണ്ടര്‍ ഈ വര്‍ഷം 20 ലക്ഷം കോപ്പി വിറ്റത്. ‘1990 കളില്‍ മലയാള മനോരമ കലണ്ടര്‍ അച്ചടിച്ചിച്ച് വിറ്റത് 30 ലക്ഷമാണ്. ”കലണ്ടര്‍ മനോരമ തന്നെ ! എന്ന് മഹാനടന്‍ തിലകന്‍ പരസ്യത്തില്‍ പറഞ്ഞത് വെറുതെയല്ല’.
ആ കാലത്ത് മാതൃഭൂമി കലണ്ടര്‍ 25 ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. ഡേറ്റ് കലണ്ടര്‍ ഇപ്പോഴും ഒരാചാരം പോലെ മലയാളികള്‍ വാങ്ങുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്ന രാജീവിനും ഇറ്റലിയില്‍ നഴ്‌സായ ഏലിയാമ്മക്കും ലീവ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂടെ കൊണ്ടുവാന്‍ ഒരു കലണ്ടര്‍ വേണം. വൃശ്ചികം ഒന്ന് അറിയാനും എട്ട് നൊയമ്പ് തുടരുന്ന തീയതി അറിയാനും മനോരമയായാലും മാതൃഭൂമിയായാലും ഡേറ്റ് കലണ്ടര്‍ തന്നെ വേണം.

എന്നാണ് ഗുരുവായൂര്‍ ഏകാദശി? ചെട്ടിക്കാട് പള്ളി പെരുന്നാള്‍ 14 നാണ്, റംസാന്‍ അവധി ശനിയാഴ്ച. തിരുവാതിര രണ്ട് ദിവസമായിട്ടാണ് കൂടുതല്‍ നാഴിക ഉള്ള ദിവസം വേണം വ്രതം നോല്‍ക്കാന്‍. ബാങ്ക് അവധിയാണ് എന്ന് കലണ്ടറില്‍ നേരെത്തെ നോക്കിയത് നന്നായി അല്ലെങ്കില്‍ പണയം വെച്ച സ്വര്‍ണ്ണത്തിന് ഒരു ദിവസം കൂടുതല്‍ പലിശ കൊടുക്കേണ്ടി വന്നേനെ. വ്രതം തുടങ്ങുന്ന നാള്‍ നോണ്‍ വെജിറ്റേറിയന്‍ വേണ്ട എന്ന് പ്രത്യേകം കലണ്ടറില്‍ മാര്‍ക്ക് ചെയ്യണം. ഇമ്മാതിരി വീട്ടമ്മയുടെ പ്രാധാന്യം ഉള്ള കാര്യങ്ങള്‍ക്ക് നോക്കാന്‍ ഈ കലണ്ടര്‍ തന്നെ വേണം. വീട്ടമ്മയുടെ സ്വകാര്യ ഇന്‍ഫോര്‍മേഷന്‍ ഹബ് കൂടിയാണ് കലണ്ടര്‍.
മൊബൈല്‍ ഫോണുകള്‍ വന്നതോടെ ഈ ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. എന്നാലും വീട്ടില്‍ ഒരു ആവശ്യത്തിന് നോക്കിയാല്‍ കാണില്ല എന്ന തുന്നല്‍ സൂചി പോലുള്ള വസ്തുകളെ കുറിച്ചുള്ള വീട്ടമ്മയുടെ സ്ഥിരം പല്ലവി അല്ലെങ്കില്‍ പരാതി തീര്‍ക്കാന്‍ സ്മാര്‍ട്ട് ഫോണിന് കഴിയില്ല- എന്നാല്‍ കലണ്ടറിന് കഴിയും. മലയാളി വീട്ടമ്മയുടെ അടുക്കളയിലെ തുന്നല്‍ സൂചി കുത്തി വെയ്ക്കാനുള്ള ഷെല്‍ ഫാണ് കലണ്ടറുകള്‍, കണ്ടു പിടിക്കാന്‍ എളുപ്പമാണ്, താഴെ വീണ് പോവില്ല.
‘My phone number is 2255 , ആന്‍സിയുടെ വീട്ടിലെ കലണ്ടറില്‍ വിന്‍സെന്റ് ഗോമസ് എഴുതിയത് മറക്കാന്‍ പറ്റുമോ?

40 വര്‍ഷം മുന്‍പ് ‘രാജാവിന്റെ മകന്‍’ എന്ന സൂപ്പര്‍ ഹിറ്റ് പടത്തില്‍ വിന്‍സെന്റ് ഗോമസ് എന്ന അധോലോക രാജകുമാരന്‍ കലണ്ടറില്‍ എഴുതിയ ആ ഫോണ്‍ നമ്പര്‍ മലയാളികള്‍ മറക്കാത്ത ഡയലോഗാണ്. ആ ഒരു രംഗത്തില്‍ അഭിനയിച്ച കലണ്ടര്‍ ഒരു ചെറിയ താരമായി. അഭിനയിച്ചത് ലാലേട്ടന്റെ കൂടെയല്ലേ, ചില്ലറക്കാര്യമാണോ?
1960 കളില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ആരംഭിച്ച അരവിന്ദന്റെ പ്രസിദ്ധമായ ”ചെറിയ മനുഷ്യരും വലിയ ലോകവും” കാര്‍ട്ടൂണ്‍ നോവലില്‍ ജനുവരി മാസങ്ങളില്‍ വരുന്ന കാര്‍ട്ടൂണില്‍ എങ്ങനെയെങ്കിലും ഒരു കലണ്ടര്‍ സംഘടിപ്പിക്കാന്‍ ബദ്ധപ്പെട്ട് നടക്കുന്ന ചില കഥാപാത്രങ്ങള്‍ വന്നു പോകാറുണ്ട്. ആ കാലങ്ങളില്‍ ആള്‍ക്കാര്‍ക്ക് ഒരു കമ്പനി കലണ്ടര്‍ കിട്ടുക എന്നത് അഭിമാന പ്രശ്‌നം പോലെയായിരുന്നു.
അവഗണിക്കാനാവാത്ത ഈ കലണ്ടര്‍ദാഹക്കാരെ നിത്യ ജീവിതത്തില്‍ ധാരാളം കണ്ടതാകാം അരവിന്ദന്‍ തന്റെ കാര്‍ട്ടൂണിന് കലണ്ടര്‍ ഒരു വിഷയമാക്കിയത്.
ബോംബെയിലെ ഗോദറേജ് ഗ്രൂപ്പ് മുതല്‍ മുതല്‍ തൃശൂരെ സാദാ സ്വര്‍ണ്ണ ജ്വല്ലറിക്കാരന്‍ മുതല്‍ അച്ചടിക്കുന്ന ഒന്നായിയിരുന്നു കലണ്ടര്‍. ചിലവ് കുറഞ്ഞ പരസ്യമാര്‍ഗം. വീടുകളില്‍ കേറിച്ചെല്ലുമ്പോള്‍ സ്വീകരണ മുറിയില്‍ തുക്കിയിട്ടിരിക്കുന്നതിനാല്‍ ആദ്യം തന്നെ സന്ദര്‍ശകന്റെ കണ്ണില്‍പെടുന്ന ഒന്നാണ് കലണ്ടര്‍.
ഇന്ത്യന്‍ കലണ്ടറുകളുടെ ചരിതം രാജാരവിവര്‍മ്മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ അച്ചടിച്ചതില്‍ നിന്നു തുടങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അച്ചടി കേന്ദ്രമായ ശിവകാശി ഈ രവിവര്‍മ്മ ചിത്രങ്ങളുടെ കോപ്പികള്‍ കലണ്ടറിലാക്കിയതോടെ അവ വന്‍ രീതിയില്‍ പ്രചരിച്ചു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുന്‍പ്, സ്വാതന്ത്യ സമരക്കാലത്ത് പതാകയേന്തി കീരീടം ധരിച്ച ഭാരതമാതാവിന്റെ ചിത്രവുമായി ഇറങ്ങിയ കലണ്ടര്‍ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രതീകമായി വീടുകളുടെ സ്വീകരണ മുറികളില്‍ പ്രതൃക്ഷപ്പെട്ടു. അതിന് പിറകെ സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളുടെ ചിത്രവുമായി കലണ്ടറുകള്‍ എത്തി. ഏറ്റവും പെട്ടെന്ന് ആളുകളില്‍ എത്തിപ്പെടാനുള്ള, കുറഞ്ഞ ചിലവുള്ള പരസ്യ മാര്‍ഗമായി കലണ്ടര്‍ മാറിയതോടെ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ പരസ്യക്കമ്പനികള്‍ക്കും, കച്ചവടക്കാര്‍ക്കും മറ്റൊരു വഴി തുറന്നു.

1980 കളില്‍ നുസ്ലി വാഡിയയുടെ ബോബെ ഡയിംഗ് അസാധാരണ വലിപ്പത്തില്‍ ഇറക്കിയ കലണ്ടറുകളില്‍ ബോളിവുഡ് സുന്ദരികള്‍ അണി നിരക്കാന്‍ തുടങ്ങിയതാണ് ഇന്ത്യന്‍ കലണ്ടര്‍ വിപ്ലവത്തിലെ ആദ്യ പ്രധാന സംഭവം. പിന്നീട് ബോളിവുഡിനെ കീഴടക്കിയ തെന്നിന്ത്യന്‍ ചുവന്ന സാരിയെടുത്ത സുന്ദരി ശ്രീദേവി മോഡലായ ബോബെ ഡയിംഗ് കലണ്ടര്‍ വര്‍ഷങ്ങളോളം പല ചുമരുകളിലും തൂങ്ങിക്കിടന്നിരുന്നു.
അധോലോക നായകന്‍ വിന്‍സെന്റ് ഗോമസ് തന്റെ ഫോണ്‍ നമ്പര്‍ ആണ് കലണ്ടറില്‍ എഴുതിയതെങ്കില്‍ ഒരു മലയാളി വീട്ടമ്മയ്ക്ക് അടുക്കളയിലെ കലണ്ടറില്‍ എഴുതാന്‍ എന്തൊക്കെയുണ്ട്? ഗ്യാസ് ബുക്ക് ചെയ്ത തീയതി ചിട്ടിപ്പണം കൊടുത്തത്. പത്രത്തിന്റെ വരിസംഖ്യ കൊടുത്ത പൈസ, അടുത്ത വീട്ടിലെ ചേച്ചിക്ക് കൈ വായ്പ കൊടുത്തത്. ഇതൊക്കെ ഫീഡ് ചെയ്യുന്ന വീട്ടമ്മയുടെ മിനി കമ്പ്യൂട്ടറാണ് അടുക്കളയില്‍ തുങ്ങുന്ന കലണ്ടര്‍.

വിലക്കുറവ്, കറന്റ് ചാര്‍ജ് ഇല്ല. ലൈസന്‍സ് വേണ്ട, ടാക്‌സും ഇല്ല, കേട് വരില്ല.. ആരും മോഷ്ടിക്കില്ല. വേണമെങ്കില്‍ ഇഷ്ടക്കാരന്റെ രഹസ്യ ഫോണ്‍ നമ്പര്‍ എഴുതിയിടാം ആരും ശ്രദ്ധിക്കില്ല. സംശയരോഗിയായ വല്ല തളത്തില്‍ ദിനേശന്‍ സ്വഭാവമുള്ള ഭര്‍ത്താവ് ആണെങ്കില്‍ അത് കണ്ടു പിടിച്ചാല്‍, അടിച്ച് ഭിത്തിയില്‍ തൂക്കിയിടുന്ന പടമാവും എന്ന് മാത്രം ഭാര്യ ഓര്‍ക്കണം!
അന്താരാഷ്ട്ര കലണ്ടറുകളെ വെല്ലുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ആഡംബര കോര്‍പ്പറേറ്റ് കലണ്ടറായിരുന്നു മദ്യരാജാവ് വിജയ് മല്യയുടെടെ ‘കിംഗ്ഫിഷര്‍ കലണ്ടര്‍’. ഇന്ത്യന്‍ മോഡലുകള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദിയായി കിംഗ്ഫിഷര്‍ കലണ്ടര്‍ വേദിയായി എന്നതാണ് മറ്റ് കലണ്ടറുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത്. ഇത് വിലയ്ക്ക് കിട്ടുന്ന ഒന്നല്ല, എക്‌സ്‌ക്ലൂസീവാണ്. മദ്യരാജാവിന്റെ ലിസ്റ്റിലുള്ള വിഐപികള്‍ക്കെ കിട്ടാന്‍ ഭാഗ്യമുള്ളൂ.

2003 മുതല്‍ ഈ കലണ്ടറില്‍ മോഡലായ നിരവധി പേര്‍ ചലചിത്ര താരപദവിയിലേക്ക് ഉയര്‍ന്നു. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, യാന ഗുപ്ത, നര്‍ഗീസ് ഫക്രി, സൈബി ഖേര്‍ തുടങ്ങിയവര്‍ കിംഗ്ഫിഷര്‍ കലണ്ടറിലൂടെ ബോളിവുഡിലേക്ക് ചേക്കേറിയവരാണ്.
ലോകമെമ്പാടുമുള്ള വിദേശ സ്ഥലങ്ങളിലെ ഏറ്റവും മനോഹരമായ ലൊക്കേഷനുകളില്‍ വെച്ചാണ് കലണ്ടര്‍ ചിത്രീകരിച്ചത്. മൗറീഷ്യസില്‍ ആദ്യ കലണ്ടര്‍ ചിത്രീകരിച്ച് ലോകം ചുറ്റിയ ശേഷം കിംഗ്ഫിഷര്‍ സ്വിം സ്യൂട്ട് കലണ്ടര്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ വി.ഐ.പി. 2021 ലെ കോവിഡ് കാലത്ത്, ചിത്രീകരണത്തിന് ഇന്ത്യയിലേക്ക് തിരികെ വന്നു. അവസാനത്തെ കിംഗ്ഫിഷര്‍ കലണ്ടര്‍ കോവിഡ് കാലത്ത് കേരളത്തില്‍ ചിത്രീകരിച്ചതാണ്. കൊച്ചിയിലെയും കുമരകത്തെയും മനോഹരമായ ലൊക്കേഷനിലാണ് അവസാന കലണ്ടര്‍ പതിപ്പിലെ പടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

‘താജ്-ന്റെ ബേക്കേഴ്സ് റിട്രീറ്റില്‍ നിന്ന് വിശാലമായ കോക്കനട്ട് ലഗൂണിലേക്കും ശാന്തമായ മാരാരി ബീച്ചിലേക്കും, ബ്രണ്ടണ്‍ ബോട്ട്യാര്‍ഡ് എന്ന വിക്ടോറിയന്‍ ശൈലിയിലുള്ള ബോട്ട്യാര്‍ഡിലേക്കും ഒടുവില്‍ പൈതൃക റിസോര്‍ട്ടായ ചിറ്റൂര്‍ പാലസിലേക്കും ഞങ്ങള്‍ പോയി,’ തന്റെ അവസാന ദൗത്യം കിംഗ്ഫിഷര്‍ ഫോട്ടോ പരമ്പര ചിത്രീകരിക്കാനെത്തിയ കലണ്ടറിന്റെ ശില്‍പ്പിയായ പ്രശസ്ത സെലിബ്രിറിറ്റി ഫോട്ടോഗ്രാഫര്‍ കസ്‌ബേക്കര്‍ പറഞ്ഞു. ഏഷ്യയിലെ ഒരേയൊരു സെലിബ്രിറിറ്റി ഫോട്ടോഗ്രാഫറാണ് അദ്ദേഹം.
‘ഓരോ ചിത്രവും ആയിരം വാക്കുകള്‍ സംസാരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കി. ഈ കലണ്ടറിലൂടെ കേരളമെന്ന കവിത ക്യാമറക്കണ്ണിലൂടെ ഞങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു”, അദ്ദേഹം പറഞ്ഞു.
കിംഗ്ഫിഷര്‍ സെലിബ്രറ്റി കലണ്ടറിന്റെ ആശയം കണ്ടെത്തിയ ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കര്‍ പറയുന്നത്, തന്റെ ആശയത്തിന് ജീവന്‍ പകരാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു വ്യക്തി യു.ബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയാണ് എന്നാണ്.

വിജയ് മല്യ അത് നിരസിച്ചിരുന്നെങ്കില്‍ ഞാന്‍ ആ ആശയം ആര്‍ക്കും നല്‍കില്ലായിരുന്നു. ഇതുവരെ ഫാഷന്‍ ലോകത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഈ കലണ്ടര്‍ ഇന്ത്യന്‍ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് കസ്‌ബേക്കര്‍ വിശ്വസിക്കുന്നു. ‘ആന്‍ഡമാന്‍ ദ്വീപുകള്‍ അല്ലെങ്കില്‍ ഗോവ പോലുള്ള സ്ഥലങ്ങളുടെ ടൂറിസം പ്രമോഷന് ഈ കലണ്ടര്‍ ഉപയോഗിക്കാം,’, ഒരു കിംഗ്ഫിഷര്‍ കലണ്ടര്‍ ഗോവയിലെ കിംഗ്‌സ് മ്യൂസിയത്തില്‍ ചിത്രീകരിച്ചതാണ്, അതിന്റെ ഫലമായി മ്യൂസിയം കലണ്ടറിലൂടെ ഒന്നുകൂടി പ്രശസ്തമായി. അത് അടുത്തിടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ഒരിക്കല്‍ ‘ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബിസിനസ്സ് രാജാവായ വിജയ് മല്യ പണാപഹരണ കേസില്‍ കുറ്റവാളിയായി ഇന്ത്യ വിട്ട് ഇംഗ്ലണ്ടില്‍ സസുഖം വാഴുമ്പോള്‍ ഒരു യൂട്യൂബറോട് തന്റെ കലണ്ടര്‍ വീരഗാഥയെ കുറിച്ച് പറഞ്ഞു. ”ശക്തമായ ഒരു ബ്രാന്‍ഡിംഗ് ഉപകരണമായിട്ടാണ് ഞാന്‍ ഇത് ചെയ്തത്. ഇത് എനിക്ക് വ്യക്തിപരമായി ഗുണം ചെയ്തില്ല, പക്ഷേ അത് കിംഗ്ഫിഷര്‍ ബ്രാന്‍ഡിന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.’ എന്നാല്‍ നടിമാരുമായി വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും മല്യ വ്യക്തമാക്കി. സുന്ദരികളായ ‘മോഡലുകളുടെ നടുവില്‍ പലപ്പോഴും വിജയ് മല്യ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പതിവായി പ്രതൃക്ഷപ്പെടുമ്പോള്‍ കണ്ട് അസൂയ പൂണ്ടവര്‍ അസ്വസ്ഥരായി പടച്ച് വിടുന്ന ടാബ്ലോയ്ഡ് ഗോസിപ്പുകളെ നിരാകരിച്ച് മല്യ പറഞ്ഞു, ‘അത് തികച്ചും പ്രൊഫഷണല്‍ കാര്യം മാത്രം.”
19 വര്‍ഷം ന്യൂജെന്‍ പിള്ളേരേയും സീനിയര്‍ സിറ്റിസന്‍സിനെയും ഒരേ പോലെ ഇക്കിളിപ്പെടുത്തി കോള്‍മയിര്‍ കൊള്ളിച്ച മോഡല്‍ സുന്ദരിമാര്‍ അണിനിരന്ന കിംഗ് ഫിഷര്‍ സെലിബ്രറ്റി കലണ്ടര്‍ 2021 ഓടെ ചരിത്രമായി മാറി.
കലണ്ടറിന്റെ മറ്റ് രൂപഭേദങ്ങളുടെ കാര്യമെടുത്താല്‍ ടേബിള്‍ കലണ്ടറുകള്‍ വ്യാപകമായി ഇപ്പോഴും ഉപയോഗത്തിലുണ്ട്.
‘ഞങ്ങള്‍ നിരീക്ഷിച്ച പ്രധാന മാറ്റം ഇപ്പോള്‍ ചുമര്‍ കലണ്ടറുകളേക്കാള്‍ കോംപാക്റ്റ് ഡെസ്‌ക് കലണ്ടറുകള്‍ക്കാണ് ആളുകള്‍ മുന്‍ഗണന നല്‍കുന്നത് എന്നതാണ്’. ആളുകള്‍ ഇപ്പോഴും ചുവര്‍ കലണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, വര്‍ഷങ്ങളായി അവയുടെ ആവശ്യം ക്രമേണ കുറഞ്ഞുവരികയാണ്.”- കൊച്ചിയിലെ ഒരു പ്രമുഖ വില്‍പ്പനക്കാരന്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച്ഈ വര്‍ഷം ഞങ്ങള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ടേബിള്‍ കലണ്ടറുകള്‍ക്ക് ലഭിച്ചു. പണികഴിഞ്ഞ പുതിയ വീടുകളില്‍ ചുമരുകളില്‍ കലണ്ടര്‍ തൂങ്ങുന്നത് താമസക്കാരന്‍ ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു കാരണമാണ്.

കോട്ടയത്ത് ‘Aathi’s കാര്‍ഡുകളും ടേബിള്‍ കലണ്ടറും പുറത്തിറക്കുന്ന
Little Things ‘ലെ ആതിര രാധന്‍ പറയുന്നതും ഇതേ കാര്യമാണ്. ‘നമ്മള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ടേബിള്‍ ടോപ് കലണ്ടറുകള്‍ ഇറക്കുന്നു. കഴിഞ്ഞ വര്‍ഷം തൊട്ട് ഒന്നിലേറെ ഡിസൈനുകള്‍ ഇറക്കുന്നുണ്ട്. കഴിഞ്ഞ തവണ
അഞ്ചു ഡിസൈനുകള്‍ ഉണ്ടായിരുന്നു. എന്റെ അനുഭവത്തില്‍ ഓരോ തവണയും ഇതിന് ഡിമാന്‍ഡ് കൂടിവരുന്നുണ്ട്. ഗിഫ്റ്റ് കൊടുക്കാനും ഒരു decor ഐറ്റം ആയും ആളുകള്‍ ടേബിള്‍ ടോപ് കലണ്ടറുകള്‍ നന്നായി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നുണ്ട്. ഇക്കുറി നമുക്ക് രണ്ട് കലണ്ടര്‍ ഉണ്ട്; പൂക്കാലവും, മുട്ടായിയും. രണ്ടും കൂടി ആയിരം കോപ്പിയോളം പ്രിന്റ് ചെയ്തു. ബ്രാന്‍ഡഡ് ടേബിള്‍ കലണ്ടറുകള്‍ക്ക് വിപണിയില്‍ ആയിരം രൂപയോളം വിലയുണ്ട്. എന്നാല്‍ ഞങ്ങള്‍ 600 രൂപ വരെയുള്ള ടേബിള്‍ കലണ്ടറാണ് വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയാണ് കൂടുതലും. കലണ്ടറിന്റെ രൂപകല്‍പ്പനയും ആതിര രാധന്‍ തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ മലയാള മനോരമയുടെ ‘മലബാര്‍ ഹോര്‍ത്തുസില്‍’ പങ്കെടുത്ത Little Things വില്‍പന ശാലയില്‍ ഈ ഉല്‍പ്പനങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചു. അവിടെ ക്രിസ്തുമസ്- ന്യൂ ഇയര്‍ കാര്‍ഡുകളും ടേബിള്‍ കലണ്ടറും നന്നായി വിറ്റുപോയി-ആതിര രാധന്‍ പറയുന്നു.
കമ്പനികളും മറ്റ് സ്ഥാപനങ്ങളും ഡയറിയും ചുമര്‍ കലണ്ടറുകളും ഒഴിവാക്കി തുടങ്ങി. വലിയ കമ്പനികള്‍ കോപ്ലിമെന്റായി ഇപ്പോള്‍ ടേബിള്‍ കലണ്ടറുകള്‍ നല്‍കുന്നു.
കലണ്ടറുകള്‍ കുഴപ്പം കാണിക്കാത്ത ഒരു പാവമാണെന്നാണ് പൊതുവെ വിശ്വാസം. എന്നാല്‍ കുഴപ്പം കാണിച്ചു എന്ന് മാത്രമല്ല, കോടതിയും കേറി. 40 വര്‍ഷം മുന്‍പ് ഒരു കലണ്ടറും അത് നിര്‍മ്മിച്ചവരും കോടതി കയറി. പ്രമാദമായ ഈ കേസ് നടന്നത് ഇവിടെയല്ല ജര്‍മ്മനിലാണ്.
1986 ല്‍ ഒരു സ്വിസ്സ് കമ്പനിയായ പെന്റ ഹൗസ് പബ്ലിഷിങ് കമ്പനി 3000 കോപ്പികള്‍ മാത്രം അച്ചടിച്ച വിഐപി കലണ്ടര്‍ പുറത്തിറക്കി. സമകാല ലോകരാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ടവരെന്നു നിര്‍മാതാക്കള്‍ കരുതിയ പന്ത്രണ്ടു വ്യക്തികളുടെ കാരിക്കേച്ചറുകള്‍ ഈ കലണ്ടറില്‍ ചേര്‍ത്തിരുന്നു. 12 മാസത്തിന് 12 വ്യക്തികള്‍. ‘സ്വിറ്റ്‌സര്‍ലണ്ടിലെ പെന്റ ഹൗസ് പബ്ലിഷിങ് കമ്പനി തയ്യാറാക്കിയ ഈ കലണ്ടറിന്റെ മൂവായിരം പ്രതികള്‍ അച്ചടിച്ച് വിലയ്ക്ക് വില്‍ക്കാതെ വിഐപികള്‍ക്ക് എത്തിച്ചു. ജര്‍മനിയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെല്ലാം ഈ കലണ്ടര്‍ കിട്ടി.
ഈ കലണ്ടറില്‍ പത്തു പുരുഷന്മാരുടെയും രണ്ടു സ്ത്രീകളുടെയും
ചിത്രങ്ങളാണ് അച്ചടിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ‘റോണാള്‍ഡ് റെയ്ഗന്റെ ചിത്രം വരച്ചിരുന്നതും വിസ്‌കി കുപ്പികളിലെ ‘ജോണി വാക്ക’റുടെ ചിത്രം പോലെയായിരുന്നു. ‘റോണി വാക്കര്‍’ എന്ന്’ എഴുതിയിരുന്നു. പടിഞ്ഞാറേ ജര്‍മനിയിലെ ഒരു സ്റ്റേറ്റ് ആയ ബവേറിയയിലെ മുഖ്യമന്ത്രി ജോസഫ് സ്ട്രൗസിനെ കലണ്ടറിന്റെ ഒരു പേജില്‍ വസ്ത്രം ധരിക്കാതെ കൈ കൊണ്ടു നഗ്നത മറച്ചു നില്‍ക്കുന്ന മട്ടില്‍ ചിത്രീകരിച്ചിരുന്നു.
കലണ്ടറില്‍ ചിത്രീകരിക്കപ്പെട്ട രണ്ടു സ്ത്രീകളില്‍ ഒരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ആയിരുന്നു. ട്രൗസര്‍ ധരിച്ച് ഫുട്‌ബോളുമായി നില്ക്കുന്ന താച്ചറുടെ മാംസളമായ തുട പടത്തില്‍ വ്യക്തമായിരുന്നു.
ഈ വിഐപി കലണ്ടറിലെ രണ്ടാമത്തെ സ്ത്രീ പശ്ചിമജര്‍മനിയില്‍ പാര്‍ലമെന്റംഗവും, പ്രകൃതിസംരക്ഷണത്തിനും അണുവായുധ നിരോധനത്തിനും വേണ്ടി നിലകൊള്ളുന്ന ഗ്രീന്‍ (പച്ച) പാര്‍ട്ടിയിലെ ഒരു പ്രമുഖ വ്യക്തിയും ആയ പെട്രാ കെല്ലി ആയിരുന്നു തികച്ചും നഗ്നയായി, പുറം തിരിഞ്ഞു” തല തിരിച്ചു നോക്കിക്കൊണ്ടുനില്ക്കുന്ന രീതിയിലാണ് കെല്ലിയെ ചിത്രീകരിച്ചത്. നഗ്നയായ പെട്ര കെല്ലിയുടെ അരയില്‍ കെട്ടിയ കുറുത്ത ബെല്‍ട്ടില്‍നിന്നും തോലുറയിലിട്ട ഒരു കൈത്തോക്ക് തൂങ്ങിക്കിടന്നിരുന്നു. കൈത്തോക്കിന്റെ പിടിയിലായിരുന്നു പെട്ര കെല്ലിയുടെ വലതു കൈ. ചിത്രത്തില്‍ കെല്ലി കൂര്‍ത്ത മടമ്പുള്ള ബൂട്‌സ് ധരിച്ചിരുന്നു. ഓറിഹോഫ് മെക്ലേര്‍ എന്നു പേരായ, പ്രസിദ്ധനായ, ഇസ്രയേലി കാര്‍ട്ടൂണിസ്റ്റ് വരച്ചതായിരുന്നു ഈ ചിത്രം.
കലണ്ടര്‍ കൈ പറ്റി ഉടന്‍ തന്നെ വിവാദവും ആരംഭിച്ചു. തന്റെ അറിവോ സമ്മതമോ കൂടാതെ കലണ്ടറില്‍ തന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് നഷ്ടപരിഹാരമായി പെന്റ ഹൗസ് പബ്ലിഷിങ് കമ്പനി തനിക്ക് എണ്‍പതിനായിരം മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പെട്രാ കെല്ലി കോടതിയെ സമീപിച്ചു. നഗ്നയായി ചിത്രീകരിക്കപ്പെട്ടതില്‍ താന്‍ അപമാനിതയായിരിക്കുന്നു എന്നും പെട്രെ കെല്ലി ആരോപിച്ചില്ല. അത്തരം ‘തൊട്ടാവാടിയല്ല ഒരു സാമൂഹിക പ്രവര്‍ത്തകയായ താനെന്ന് ജര്‍മ്മന്‍ പാര്‍ലമെന്റംഗം കൂടിയായ പെട്രാ കെല്ലി വ്യക്തമാക്കി.

പക്ഷേ, അനുവാദമില്ലാതെ തന്റെ ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ പബ്ലിഷിംഗ് കമ്പനി ചെയ്തതു നിയമവിരുദ്ധമായി തന്റെ സ്വകാര്യതയില്‍ കൈകടത്തുകയായിരുന്നു (ഇന്‍വേഷന്‍ ഓഫ് പ്രൈവസി) ആയിരുന്നു. കലണ്ടറിന്റെ പ്രചാരണത്തിനായി ഒരു സ്ത്രീയുടെ നഗ്നരൂപം ഉപയോഗപ്പെടുത്തിയതിലും പെട്രാ കെല്ലി പ്രതിഷേധിച്ചു. നഷ്ടപരിഹാരമായ തുക വ്യക്തിപരമായി തനിക്കാവശ്യമില്ലെന്നും അത് ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ സേവനത്തിനായി നല്‍കുമെന്നും പെട്രാ കെല്ലി പരസ്യമായി പ്രഖ്യാപിച്ചു.
പെട്ര കെല്ലിയെ നഗ്നയായി വരച്ചതു ദുരുദ്ദേശ്യത്തോടെയാണെന്ന് കെല്ലിയുടെ വക്കീല്‍ മാഡം ക്ലൈന്‍ കോടതിയില്‍ വാദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കെല്ലി ഉയര്‍ന്നുവന്നത് സ്ത്രീത്വം (സെക്‌സ്) ഒരായുധമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എന്നതാണ് ചിത്രത്തിലെ ദുസ്സൂചന. ഇതു തികച്ചും തെററാണ്. അഹിംസാവാദിയായ കെല്ലിയുടെ കൈയില്‍ കൈത്തോക്കു കൊടുത്തതാണു ചിത്രകാരന്റെ മറെറാരു തെറ്റ്.
പെന്റ ഹൗസ് പബ്ലിഷിംഗ് കമ്പനിയുടെ വക്കീല്‍ ഇതെല്ലാം നിഷേധിച്ചു. പ്രകൃതിയിലേക്കു മടങ്ങാനും പരിഷ്‌കാരത്തിന്റ വെച്ചുകെട്ടുകള്‍ എല്ലാം ഉപേക്ഷിക്കാനും ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ കക്ഷിയാണു ഗ്രീന്‍ (പച്ച) പാര്‍ട്ടി എന്ന വസ്തുത വ്യക്തമാക്കാനാണു ചിത്രകാരന്‍ പെട്രയെ നഗ്നയായി വരച്ചത്. അവരുടെ കൈയില്‍ കൈത്തോക്കു കൊടുത്തതാകട്ടെ പൊരുതുന്ന, ഊര്‍ജസ്വലമായ, ഒരു പാര്‍ട്ടിയാണു ‘പച്ചകള്‍’ എന്നു സൂചിപ്പിക്കാനും. താന്‍ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാക്കാന്‍ ഏതെല്ലാം പ്രതീകങ്ങളാണു തിരഞ്ഞെടുക്കേണ്ടത്’ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. മൗലികമായ ഈ സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമേ, പെട്രയെ ചിത്രീകരിക്കുമ്പോള്‍ ചിത്രകാരന്‍ ചെയ്തിട്ടുള്ളൂ. അതില്‍ പരാതിപ്പെടുകയല്ല, ലോകപ്രസിദ്ധരായ പന്ത്രണ്ടു രാഷ്ട്രീയപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയതിനും ചിത്രകാരനോടു കൃതജ്ഞത പറയുകയാണ്
പെട്രാ കെല്ലി ചെയ്യേണ്ടതു എന്ന് കമ്പനി വക്കീല്‍ വാദിച്ചു.
കലാകാരന്‍ ആവിഷ്‌കരണസ്വാതന്ത്ര്യമുണ്ടെന്ന വാദത്തോടു പെട്രാ കെല്ലി യോജിച്ചു. പക്ഷേ, ഈ സ്വാതന്ത്ര്യം നിയമവിധേയമാവണം. ഒരു ചിത്രകാരന് ഏതറ്റം വരെ പോകാം? ഇതു സംബന്ധിച്ചു ചില നിയമങ്ങള്‍ വേണം. അതിരു കടക്കുന്ന സ്വാതന്ത്ര്യം ആര്‍ക്കും നന്നല്ല.
ഒരളവുവരെ പരിഹാസം നേരിടാന്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണമെന്നും ഈ കേസ്സ് വിചാരണ ചെയ്ത ജഡ്ജി പറഞ്ഞു. അഭിപ്രായം രൂപവത്കരിക്കുന്നതിലും അത് ആവിഷ്‌കരിക്കുന്നതിലും, വളരെ വലിയ അളവില്‍ സ്വാതന്ത്ര്യം കലാകാരന്’ ആവശ്യമാണ്. എങ്കിലും കലാകാരന്റെ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി പെട്രകെല്ലിയുടെ വാദം ജഡ്ജി തള്ളിക്കളഞ്ഞില്ല.
അതേസമയം, വിവാദ വിഷയമായ കലണ്ടര്‍ തയ്യാറാക്കിയതില്‍ പെന്റ ഹൗസ് പബ്‌ളിഷിങ് കമ്പനിക്കു പങ്കുണ്ടായിരുന്നില്ല എന്നായിരുന്നു ജഡ്ജിയുടെ നിഗമനം. എന്നാല്‍ കോടതിയില്‍ സ്ഥാപനത്തിന്റെയോ, വ്യക്തിയുടെയോ പേരില്‍ ആയിരുന്നില്ല കേസ് ഫയല്‍ ചെയ്തിരുന്നത്.
ഈ സാങ്കേതിക കാരണത്തിന്റെ പേരില്‍ പെട്ര കെല്ലിയുടെ അന്യായം കോടതി തള്ളിക്കളഞ്ഞു.
കേരളത്തിലുമുണ്ടായി ഒരു കലണ്ടര്‍ കേസ്. നിയമയുദ്ധമല്ലാത്ത കോടതിക്ക് പുറത്തുള്ള പോരാട്ടമായിരുന്നു അത് എന്ന് മാത്രം.
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങള്‍ തമ്മില്‍ നടന്ന ഒരു കലണ്ടര്‍ യുദ്ധം. ഒരു വൃശ്ചികപ്പുലരിയെ ചൊല്ലിനടന്ന വാദമാണ്. നവംബര്‍ മാസത്തില്‍, ശബരിമല നട തുറക്കുന്ന നാള്‍ വൃശ്ചികം ഒന്ന്. ഇംഗ്ലീഷ് മാസം 14 ആണെന്ന് ഒരു കലണ്ടറിലും, 15ാം തീയതിയാണെന്ന് മറ്റേ കലണ്ടറിലും അച്ചടിച്ചതാണ് വിവാദത്തിന്റെ തുടക്കം. ഓരോ ദിവസവും രണ്ട് പത്രങ്ങളുടെയും തങ്ങളുടെ കലണ്ടറിലെ തീയതി വൃശ്ചികം ഒന്ന് ആണ് ശരിയെന്ന രീതിയില്‍ പത്രവാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് ഈ വിവാദം പൊതുജനം അറിയുന്നത്.
അന്ന് സോഷ്യല്‍ മീഡിയ ഇല്ല. യൂ ട്യൂബര്‍മാര്‍ പിറവിയെടുത്തിട്ടില്ല. അതിനാല്‍ രണ്ട് പത്രങ്ങളും തമ്മിലുള്ള കലണ്ടര്‍ വാര്‍ത്തായുദ്ധം അവരുടെ പത്ര വാര്‍ത്തകളിലൂടെ മാത്രം പുരോഗമിച്ചു.
ശബരിമല നട തുറന്നത് ഞങ്ങളുടെ കലണ്ടറിലെ വൃശ്ചികം ഒന്ന് പ്രകാരമാണെന്ന് ഒരു പത്രം. മേല്‍ശാന്തി എത്തി നട തുറന്നത് തങ്ങളുടെ കലണ്ടറിലെ തീയതിയിലാണെന്ന് മറ്റെ പത്രം.
എന്തിനും അഭിപ്രായം പറയുന്ന രാഷ്ട്രീയക്കാര്‍ ബുദ്ധിപൂര്‍വം മാറി നിന്നു. ടിവി ചാനല്‍ ഇല്ലാത്ത കാലമാണ് അന്ന്. ദിനപത്രങ്ങളാണ് താരം. പക്ഷം പിടിച്ച് വെറുതെ എന്തിന് അവരെ പിണക്കണം എന്ന വിചാരമായിരുന്നു കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക്.
ആമസോണില്‍ കാടിന് തീപിടിച്ചാല്‍ അമേരിക്കന്‍ എംബസിക്ക് കല്ലെറിയുന്ന ഇന്നത്തെ ഇടതുപക്ഷമായിരുന്നില്ല അന്ന്. ബുദ്ധിയും വിവേകവും പക്വതയും ഉള്ള നേതാക്കളായിരുന്നു അന്ന്. സി.പി.എമ്മില്‍ സൂര്യന് കീഴില്‍ എന്തിനെയും വ്യാഖ്യാനിനുള്ള പാടവമുള്ള ഇ.എം.എസ് നമ്പൂതിരിപ്പാട് ഉണ്ട്. എഴുതി തോല്‍പ്പിക്കാന്‍ ഒരിക്കലും കഴിയാത്ത പി. ഗോവിന്ദ പിള്ളയുണ്ട്. പക്ഷേ, അവരൊന്നും അനങ്ങിയില്ല. രണ്ട് ബൂര്‍ഷാ പത്രങ്ങളുടെ പ്രചരണ യുദ്ധമെന്ന തട്ടിപ്പ് പരിപാടിയില്‍ തങ്ങള്‍ക്ക് എന്ത് കാര്യമെന്ന നിലപാടില്‍ അവര്‍ അനങ്ങിയില്ല.
ഇപ്പുറത്ത് സി.പി.ഐ-യില്‍ അച്യുതമേനോനും, ഇന്ത്യയില്‍ തന്നെ അന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ദാര്‍ശികനും ധീഷണാശാലികളിലൊരാളുമായ എന്‍.ഇ. ബലറാമുണ്ട്. സൈദ്ധാന്തികന്‍ ഡി. ഉണ്ണിരാജയുണ്ട്. ഇവരൊക്കെ ഈ കലണ്ടര്‍ യുദ്ധത്തില്‍ ഇടപെട്ട് പ്രസ്താവനയൊന്നും നല്‍കാതെ പക്വതയോടെ മൗനം പാലിച്ചു.
ഗുരുവായൂരപ്പന്റെ കാര്യമല്ലല്ലോ ശബരിമല അയ്യപ്പന്റെതല്ലേ? അത് അവര് നോക്കട്ടെ എന്ന ഭാവമായിരുന്നു ലീഡര്‍ സാക്ഷാല്‍ കരുണാകരന്(പണ്ട് മുഖ്യമന്ത്രിയായിരിക്കെ ശബരിമല നിലക്കല്‍ പള്ളി പ്രശ്‌നത്തില്‍ കുറെ വെള്ളം കുടിച്ചത് തനിക്കേ അറിയൂ). കേരളത്തിലെ അന്നത്തെ കോണ്‍ഗ്രസിന്റെ ഛത്രപതി കരുണാകരന്‍ അനങ്ങാത്തതിനാല്‍ കോണ്‍ഗ്രസുകാരും മിണ്ടിയില്ല.
കലണ്ടര്‍ വിവാദം രണ്ട് പത്രങ്ങളിലും പൊടിപൊടിയ്‌ക്കേ അക്കാലത്തെ ‘പ്രചാരമേറിയ ഒരു മലയാള വാരികയില്‍ ഈ വിവാദത്തെ വിമര്‍ശിച്ച് കൊണ്ട് ഒരാള്‍ രംഗത്ത് വന്നു. തൃശൂരില്‍ താമസമാക്കിയ കേരള യുക്തിവാദികളുടെ മാര്‍പ്പാപ്പയായ പവനന്‍ ഇതിനെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ചു.
‘വായനക്കാര്‍ക്ക് യാതൊരു താല്‍പ്പര്യവും പ്രയോജനവും ഇല്ലാത്ത ഇത്തരം ബാലിശവും അസംബന്ധവുമായ കാര്യങ്ങള്‍ക്ക് വേണ്ടി ദിനപത്രങ്ങളുടെ വില പിടിച്ച സ്ഥലം പാഴാക്കരുത്’ പവനന്‍ എഴുതി. ശബരി മലയില്‍ നടതുറക്കുന്ന തീയതി ഒന്നായാലും പത്തായാലും അത് കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെ ബാധിക്കുന്ന കാര്യമേയല്ല’. നിത്യവും ഒരു ഒരു ചെറിയ ലേഖനമെങ്കിലും എഴുതുന്ന പവനനറിയാം പത്രത്തിലച്ചടിക്കുന്ന സ്ഥലത്തിന്റെ മൂല്യം.
അതിനിടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഒരു കൂട്ടം ജ്യോത്സ്യന്‍മാരുടെ ഒരു സെമിനാര്‍ നടന്നു. അതില്‍ പങ്കെടുത്ത ഒരു കൂട്ടം ജ്യോത്സ്യന്മാര്‍ ഒരു പത്രം അച്ചടിച്ച തീയതിയാണ് ഒറിജിനല്‍ വൃശ്ചികം ഒന്ന് എന്ന് കണക്ക്കുട്ടി പ്രഖ്യാപിച്ചു. പിറ്റേന്നാള്‍ പത്രത്തില്‍ വന്ന ഈ പ്രസ്താവന വാര്‍ത്ത കണ്ട് മറു പത്രവും സെമിനാറില്‍ പങ്കെടുക്കാത്ത കേരളത്തിലെ പ്രശസ്ത ജ്യോത്സ്യമാരും ഒന്നിച്ച് ഞെട്ടി.
ഈ സെമിനാര്‍ മറ്റേ പത്രത്തിന്റെ സ്‌പോണ്‍സേഡ് പരിപാടിയായിരുയെന്നും, അതില്‍ പങ്കെടുത്തവരെല്ലാം രണ്ടാം നിര ജ്യോതിഷക്കാരാണെന്നും, ജ്യോതിഷ ഭൂഷണം, ജ്യോതിഷ രത്‌നം തുടങ്ങിയ ജ്യോതിഷപ്രമുഖരാരും ഈ സെമിനാറില്‍ പങ്കെടുത്തിട്ടില്ലെന്നും പത്രം ചുണ്ടിക്കാട്ടി. സംഭവം മറ്റവന്‍ നടത്തിയ പെയ്ഡ് സെമിനാറും വാര്‍ത്തയുമാണ് പത്രം ആഞ്ഞടിച്ചു.
കണ്ടവനൊക്കെ ജ്യോതിഷത്തിന്റെ പേരില്‍ സെമിനാര്‍ നടത്തി തീരുമാനം പ്രഖ്യാപിക്കാന്‍ എന്ത് അവകാശം എന്ന ചോദ്യവുമായി ജോതിഷ സംഘടന അവരുടെ പ്രസ്താവനയുമായി രംഗത്തെത്തി(വഴിയില്‍ പോകുന്നവനൊക്കെ കവടി നിരത്തി കണിയാനായാല്‍ പാറ്റ വീഴുന്നത് തങ്ങളുടെ കഞ്ഞിയിലാണ് എന്ന തിരിച്ചറിവായിരുന്നു ജോതിഷ സംഘടനയുടെ ഈ വരവിന് ഒരു കാരണം).
അപ്പോഴാണ് കണിയാന്മാര്‍ക്കും സംഘടനയുണ്ടെന്ന് പൊതുജനം അറിയുന്നത്. ഇത് കേട്ട് സാക്ഷാല്‍ സി.ഐ.ടി.യുക്കാര്‍ പോലും ഞെട്ടിയത്രെ!.
എന്തിനും ഒരു അവസാനം വേണമല്ലോ. ഒന്നര മാസത്തെ കലണ്ടര്‍ വിവാദ വാര്‍ത്തകള്‍ക്ക് ശേഷം രണ്ട് കലണ്ടറിനും വാരഫലവും വിശേഷാല്‍ ദിവസവും തയ്യാറാക്കിയ സാക്ഷാല്‍ ജോതിഷ ഭൂഷണം മൗനം വെടിഞ്ഞ് രംഗത്ത് വന്നു. ജ്യോതിഷി ബുദ്ധിമാനായതിനാല്‍ ഒരു നിര്‍ദോഷമായ പ്രസ്താവന നടത്തി.
‘ഞാന്‍ രണ്ട് കൂട്ടര്‍ക്കും ഒരേ തീയതിയാണ് എഴുതിക്കൊടുത്തത്, അത് ഒരാള്‍ തിരുത്തിയെഴുതി എന്ന് തോന്നുന്നു.’
അതോടെ കലണ്ടര്‍ വിവാദം എന്നെന്നേയ്ക്കുമായി അവസാനിച്ചു. ആരാണ് തീയതി തിരുത്തിയത് എന്ന്കവടി നിരത്തി അന്വേഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്തതിനാല്‍ വിവാദ തിരുത്ത് അവിടെ അവസാനിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ തീയതി തിരുത്തല്‍ വാദത്തിന്റെ സത്യാവസ്ഥ, ഈ സംഭവം അടപടലം അറിയാവുന്ന പ്രസ്തുത പത്രത്തിലെ ഉന്നതന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. ‘കലണ്ടറിന്റെ അച്ചടിച്ച ആദ്യ പ്രൂഫ് പരിശോധിച്ച ഡെസ്‌കിലെ പതിവായി ഇത് കൈകാര്യം ചെയ്യുന്ന മൂത്ത സബ് തന്റെ സബ് എഡിറ്റിംഗ് ടച്ച് കിട്ടാനായി തീയതി വെട്ടി മാറ്റിയതാണെത്രെ ഈ പിഴവിന് കാരണം – ഭരതന്‍ ടച്ച് എന്ന പോലെ ഒരു ടച്ച്. മുന്നില്‍ വന്ന സാധനം എഡിറ്റ് ചെയ്യാന്‍ കൈ വെച്ചിട്ടെങ്കില്‍ എന്ത് എഡിറ്റര്‍? ആ വിചാരം തലക്ക് പിടിച്ച ഇയാളുടെ ചെയ്ത്താണേ്രത ഈ കലണ്ടര്‍ വിവാദത്തിന് വഴിയൊരുക്കിയ തീയതി മാറ്റം. പിന്നെ ഉന്നതന്‍ ഇത് കൂടി പറഞ്ഞു. സംഭവം വിവാദമായാലെന്താ, അതോടെ 30 ലക്ഷം കലണ്ടറാണ് നമ്മള്‍ വിറ്റത്!
അചേതന വസ്തുവെങ്കിലും ഒരു കലണ്ടര്‍ നല്‍കുന്ന അടുപ്പവും ഉദ്ദേശ്യശുദ്ധിയും എല്ലാ വര്‍ഷം ആദ്യവും അവസാനവും ഒരാള്‍ക്ക് പ്രധാനമല്ലേ? സാംസ്‌കാരികവും വ്യക്തിപരവും സാമൂഹികവുമായ നാഴികക്കല്ലുകള്‍ വര്‍ഷം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്ത്, കലണ്ടര്‍ ഒരു സ്റ്റേഷനറി വസ്തുവിലും ഉപരിയായി നിലകൊള്ളുന്നു. അതൊരു റെക്കോര്‍ഡ് സൂക്ഷിപ്പുകാരന്‍, അഭിലാഷങ്ങളുടെ ചാര്‍ട്ട്, ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു ആഹ്വാനം എന്നിവ കുടിയാണ്.
കലണ്ടറിനെ കുറിച്ച് ഒരു പ്രശസ്തമായ പാട്ട് ഉണ്ടെന്നും അറിയുക;
വര്‍ഷത്തിലെ മാസങ്ങള്‍ എണ്ണിപ്പറയുന്ന ബോണി എം- ന്റെ 1979 ല്‍ പുറത്തിറങ്ങിയ ‘കലണ്ടര്‍ സോംഗ്’ അവരുടെ മൂന്നാമത്തെ ആല്‍ബമായ ബോണി എം. ഗോള്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ യൂട്യൂബില്‍ 30 ലക്ഷം പേര്‍ കണ്ട് കഴിഞ്ഞ കലണ്ടര്‍ സോംഗ് ഒരിക്കലെങ്കിലും കേള്‍ക്കണം.

പഴയ എഫ്.എ.സി.റ്റിയുടെ കലണ്ടറുകള്‍ ഓര്‍ക്കുന്നുണ്ടോ? മനോഹരമായി, വര്‍ണ്ണത്തില്‍ അച്ചടിച്ച കലണ്ടറുകള്‍! എം.കെ.കെ നായരുടെയുടെ ആശയമായ ആ കലണ്ടറുകള്‍ ഒരു കാലത്ത് ഫാക്റ്റിന്റെ മുഖമുദ്രയായിരുന്നു. ആ കലണ്ടര്‍ ഒരിക്കലെങ്കിലും തൂങ്ങാത്ത ഭിത്തികള്‍ ഈ നാട്ടില്‍ ഇല്ലായിരുന്നു.
ഇനി കേരള ചരിത്രത്തിലെ കലണ്ടറിനെ ആദരിച്ച ഭരണാധികാരിയുടെ കഥ കൂടി അറിയുക. ഇന്ത്യന്‍ യൂണിയനില്‍ കൊച്ചി സംസ്ഥാനം ലയിച്ചപ്പോള്‍ അതില്‍ ഒപ്പ് വെച്ച ഒരു രാജാവ് നമുക്ക് ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന രാമവര്‍മ്മ പരീക്ഷിത്ത് തമ്പുരാന്‍. 1949-ല്‍ വളരെ കുറച്ച് ആവശ്യങ്ങള്‍ മാത്രം ഉന്നയിച്ചുകൊണ്ട് തന്റെ സംസ്ഥാനത്തെ പുതിയ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചു.

സര്‍ദാര്‍ പട്ടേലിന്റെ വലംകൈയായി ഇന്ത്യയിലെ നാട്ടുരാജ്യ സംയോജനത്തിന് നേതൃത്വം വഹിച്ച ഒറ്റപ്പാലംകാരന്‍ ‘വാപ്പാല പങ്കുണ്ണി മേനോനെന്ന വി.പി. മേനോനോട് ആവശ്യപ്പെട്ട കൊച്ചി രാജാവിന്റെ അഭ്യര്‍ത്ഥനകളില്‍ ഒന്ന്, ഔദ്യോഗിക പഞ്ചാംഗം (പരമ്പരാഗത മലയാള കലണ്ടര്‍/പഞ്ചാംഗം) സര്‍ക്കാര്‍ എല്ലാ വര്‍ഷവും തനിക്ക് അയച്ചു തരണമെന്നായിരുന്നു. രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷ അംഗത്തെ വലിയതമ്പുരാന്‍ എന്ന പദവി നല്‍കി ഔദ്യോഗികമായി അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അറിയുക, ഡിജിറ്റല്‍ യുഗത്തില്‍ മാത്രമല്ല രാജവാഴ്ചയിലും അവന്‍-കലണ്ടര്‍-ഒരു താരമായിരുന്നു.
Content Summary; The Bond Between Malayalis and Calendars; along with the history and stories behind them
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.